കുട്ടിക്കാലത്ത് പതിവായി പൊയ്‌ക്കൊണ്ടിരുന്ന ഇടങ്ങളെ കുറിച്ച് പിന്നീടോര്‍ക്കുമ്പോള്‍ നമുക്ക് ഗൃഹാതുരത്വം അനുഭവപ്പെട്ടേക്കാം അല്ലേ? കൂട്ടുകാരുമൊത്ത് കളിച്ചിരുന്ന സ്ഥലങ്ങള്‍, സ്‌കൂളിന് മുന്നിലുള്ള മിഠായിക്കടകള്‍, ബസ് സ്റ്റോപ്പ്, കോഫി ഷോപ്പ് എന്നിങ്ങനെ എന്തെല്ലാം 'നൊസ്റ്റാള്‍ജിയ'കളാണ് കുട്ടിക്കാലത്തില്‍ നിന്ന് നമുക്ക് ഓര്‍ത്തെടുത്ത് അനുഭവിക്കാനുള്ളത്. 

അത്തരമൊരു അനുഭവത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാന. കുട്ടിയായിരിക്കുമ്പോള്‍ എപ്പോഴും അച്ഛനോടൊപ്പം വന്ന് കാപ്പി കുടിച്ചിരുന്ന ഇടം. അവിടേക്ക് അറിയപ്പെടുന്നൊരു സൂപ്പര്‍ താരം ആയതിന് ശേഷം ആയുഷ്മാന്‍ ഒരു 'വിസിറ്റ്' നടത്തിയിരിക്കുകയാണ്.

ജന്മനാടായ ഛണ്ഡീഗഡിലെ സെക്ടര്‍ 17ലുള്ള 'ഇന്ത്യന്‍ കോഫി ഹൗസ്' ആണ് ആയുഷ്മാന്റെ ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മ. 1957ല്‍ സ്ഥാപിതമായ ഈ ഇന്ത്യന്‍ കോഫി ഹൗസില്‍ അച്ഛനോടൊപ്പം വന്ന് പതിവായി കാപ്പി കുടിച്ചിരുന്ന ഓര്‍മ്മയാണ് ചിത്രങ്ങള്‍ സഹിതം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

 

 

ഇപ്പോള്‍ സാധനങ്ങളുടെയെല്ലാം വില മാറിയിരിക്കുന്നു, എല്ലാ സാഹചര്യങ്ങളും പഴയതില്‍ നിന്ന് മാറിയിട്ടുണ്ട്- ആയുഷ്മാന്‍ പറയുന്നു. നിരവധി ആരാധകരാണ് താരത്തിന്റെ മധുരമുള്ള ഓര്‍മ്മയോട് പ്രതികരണങ്ങളറിയിക്കുന്നത്. 

 

 

ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ ബോളിവുഡില്‍  താരപരിവേഷം ലഭിച്ച നടനാണ് ആയുഷ്മാന്‍ ഖുറാന. അഭിനയത്തിന് പുറമെ പിന്നണി ഗാനരംഗത്തും ആയുഷ്മാന്‍ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യയും എഴുത്തുകാരിയുമായ താഹിറ കശ്യപിനും രണ്ട് മക്കള്‍ക്കുമൊപ്പം ഇപ്പോള്‍ മുംബൈയിലാണ് താരത്തിന്റെ താമസം. 

Also Read:- വണ്ണം കുറഞ്ഞത് ഇങ്ങനെ; റിമി ടോമിയുടെ ഡയറ്റ് പ്ലാന്‍ ഇതാണ്...