ഇക്കഴിഞ്ഞ 11നായിരുന്നു യുഎസിലെ മിസോറിയില്‍ കുഞ്ഞ് ജെയിം ബ്രൗണ്‍ ജനിച്ചത്. അവളുടെ ജനനം മാതാപിതാക്കള്‍ ഉള്‍പ്പെടെ എല്ലാവരിലും തെല്ലൊരു അതിശയം ഉണ്ടാക്കിയിരുന്നു. അതെന്താണെന്നോ?

കുഞ്ഞ് ജെയിം ജനിച്ചത്, 7-11 എന്ന തീയ്യതിയിലാന്നെ് പറഞ്ഞുവല്ലോ. അവളുടെ ജനനസമയം ഇതുതന്നെയായിരുന്നു. അതായത്, 7-11. തീര്‍ന്നില്ല, ജനിക്കുമ്പോള്‍ അവളുടെ ഭാരം 7 പൗണ്ടും 11 ഔണ്‍സും ആയിരുന്നത്രേ. ഈ മാന്ത്രികസംഖ്യ തന്നെയായിരുന്നു എല്ലാവരുടേയും കൗതുകം. 

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജെയിമിന്റെ അമ്മ റേച്ചലിനും ഈ സംഖ്യയോട് ചെറിയ ബന്ധമുണ്ടായിരുന്നുവെന്നാണ് ഭര്‍ത്താവ് ജോണ്ടസ് ബ്രൗണ്‍ പറയുന്നത്. റേച്ചല്‍ ക്ലോക്കില്‍ നോക്കുമ്പോള്‍ മിക്കവാറും 7-11 കാണുമായിരുന്നുവത്രേ. 

എന്തായാലും മാന്ത്രികസംഖ്യയുടേയും ജെയിമിന്റേയും കഥ നാട്ടില്‍ പരന്നതോടെ മറ്റൊരു ഭാഗ്യം കൂടി ഈ കുടുംബത്തെ തേടിയെത്തിയിരിക്കുകയാണ്. അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയായ 'സെവന്‍ ഇലവന്‍' ജെയിമിന്റെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രിച്ചെലവും അവളുടെ ഭാവിയിലേക്കായി ഒരു സംഖ്യയും സമ്മാനമായി നല്‍കിയിരിക്കുകയാണിപ്പോള്‍. 

അതും 7,111 ഡോളര്‍. തോണ്ട് അഞ്ച് ലക്ഷത്തിനടുത്ത് വരും ഈ തുക. ജനനത്തോടെ തന്നെ 'ലക്ഷപ്രഭു'വായ ജെയിമിനെ മാതാപിതാക്കള്‍ 'ലേഡി ലക്കി' അഥവാ 'ഭാഗ്യവതിയായ പെണ്ണ്' എന്നാണിപ്പോള്‍ വിളിക്കുന്നത്. ഏതായാലും അമ്മയും കുഞ്ഞും ആരോഗ്യത്തോടും സന്തോഷത്തോടുമിരിക്കുന്നുവെന്നാണ് ജോണ്ടസ് അറിയിക്കുന്നത്. ലഭിച്ച തുക അവളുടെ ആവശ്യങ്ങള്‍ക്കായി തന്നെ ചെലവിടാനാണ് തീരുമാനമെന്നും ഇദ്ദേഹം അറിയിച്ചു.