ഇരിങ്ങാലക്കുട എടതിരിഞ്ഞിയിലാണ് സംഭവം. 11 മാസം പ്രായമുള്ള കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്. കളിച്ചുകൊണ്ടരിക്കുന്നതിനിടെ പന്ത് വായില്‍ പോവുകയായിരുന്നു. പിന്നീട് കുഞ്ഞ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാരില്‍ സംശയമുണ്ടായത്

കളിക്കുന്നതിനിടെ അപകടങ്ങള്‍ ( Accidents in children ) സംഭവിച്ച് ജീവന്‍ നഷ്ടമായിപ്പോയ എത്രയോ കുഞ്ഞുങ്ങളുണ്ട്. പലപ്പോഴും വീട്ടിലുള്ള മുതിര്‍ന്നവരുടെ അശ്രദ്ധ തന്നെയാകാം ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത്. സംഭവിച്ചുപോയ ഒരു ദുരന്തത്തെ മുന്‍നിര്‍ത്തി കുറ്റപ്പെടുത്തലുകള്‍ നടത്തുന്നതിന് അര്‍ത്ഥമോ നീതിയോ ഇല്ല. എങ്കില്‍പോലും ഇത്തരത്തിലുള്ള ( Parenting Tips ) ഓരോ സംഭവങ്ങളും വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ചിലതുണ്ട്. 

ഇന്ന് കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് വിഴുങ്ങി പിഞ്ചുകുഞ്ഞ് മരിച്ച വാര്‍ത്ത നിങ്ങളില്‍ മിക്കവരും കണ്ടിരിക്കും. ഇരിങ്ങാലക്കുട എടതിരിഞ്ഞിയിലാണ് സംഭവം. 11 മാസം പ്രായമുള്ള കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്. കളിച്ചുകൊണ്ടരിക്കുന്നതിനിടെ പന്ത് വായില്‍ പോവുകയായിരുന്നു. പിന്നീട് കുഞ്ഞ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാരില്‍ സംശയമുണ്ടായത്. ഉടന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. 

കുഞ്ഞുങ്ങളുടെ സുരക്ഷ സംബന്ധിച്ച് രക്ഷിതാക്കളും വീട്ടിലെ മുതിര്‍ന്നവരും അധ്യാപകരുമെല്ലാം ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. വിശേഷിച്ചും വീട്ടിലുള്ളവരാണ് ഇക്കാര്യങ്ങളില്‍ കരുതലെടുക്കേണ്ടത്. 

ഒന്നാമതായി കുട്ടികളെ കളിക്കാന്‍ പറഞ്ഞുവിട്ട ശേഷം മാതാപിതാക്കളും മുതിര്‍ന്നവരും അങ്ങോട്ട് ശ്രദ്ധിക്കാതെ ദീര്‍ഘനേരം ചിലവിടുന്ന രീതി ഉപേക്ഷിക്കുക. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ നല്‍കി അവരെ സ്വതന്ത്രമായി വിട്ടാല്‍ പോലും ഇടവിട്ട് അവരെ ശ്രദ്ധിക്കുക.

അതുപോലെ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കുമ്പോഴും ഏറെ കരുതലെടുക്കേണ്ടതുണ്ട്. അപകടസാധ്യതയുള്ള ഒരു കളിപ്പാട്ടവും കുഞ്ഞുങ്ങള്‍ക്ക് വാങ്ങി നല്‍കാതിരിക്കുക. പ്രത്യേകിച്ച് തീരെ ചെറിയ കുഞ്ഞുങ്ങളാണെങ്കില്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസിലാകാത്ത പ്രായമാണെന്നത് മുന്‍നിര്‍ത്തി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. ചെറിയ പന്ത് ചില്ല് കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍, കുത്തിക്കയറാനോ, കഴുത്തിലോ മറ്റോ കുരുങ്ങാനോ സാധ്യതയുള്ള കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കാം. 

വീട്ടിലേക്ക് പുറത്ത് നിന്നുള്ളവര്‍ വരുന്നതും അവര്‍ കുട്ടികളുമായി ഇടപഴകുന്നതും വീട്ടിലുള്ള മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. കാരണം പുറത്തുനിന്ന് വരുന്നവര്‍ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ നല്‍കാനോ മറ്റോ സാധ്യതയുണ്ട്. അത് കുട്ടികള്‍ എത്തരത്തിലാണ് കൈകാര്യം ചെയ്യുകയെന്ന് നമുക്കറിയില്ലല്ലോ. 

ഇനി കളിപ്പാട്ടങ്ങളുടെ കാര്യത്തില്‍ മാത്രമല്ല മുതിര്‍ന്നവര്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. വീട്ടുപപകരണങ്ങളും മറ്റും സൂക്ഷിക്കുന്നതിലും ജാഗ്രത പാലിക്കണം. കുട്ടികളെ അപായപ്പെടുത്തുന്ന തരത്തിലുള്ള ഉപകരണങ്ങള്‍, ആയുധങ്ങളെല്ലാം കുട്ടികളുടെ കയ്യെത്താത്ത ഇടങ്ങളില്‍ സൂക്ഷിക്കുക. അത്തരം സാധനങ്ങള്‍ വേണമെന്ന് പറഞ്ഞ് കുട്ടികള്‍ വാശി പിടിച്ചാലും താല്‍ക്കാലികമായി കരച്ചില്‍ നിര്‍ത്താന്‍ അവ നല്‍കി ശീലിപ്പിക്കരുത്. കഴിയുന്നതും അപകടങ്ങളെയും അപകടസാധ്യതകളെയും കുറിച്ച് കുട്ടികള്‍ക്ക് വിശദമായി പറഞ്ഞുകൊടുക്കുക. 

ഒരു പ്രായം വരെ നമ്മുടെ കുട്ടികളെ നിര്‍ബന്ധമായും നമ്മള്‍ ശ്രദ്ധിച്ചേ പറ്റൂ. എങ്കില്‍ ഇത്തരത്തിലുള്ള അപകടകങ്ങളെ കഴിയാവുന്നത്ര അകറ്റിനിര്‍ത്താം.

Also Read:- കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

കുട്ടികളെ ശാരീരികമായി ശിക്ഷിക്കാറുണ്ടോ? എങ്കില്‍ മാതാപിതാക്കള്‍ അറിയേണ്ടത്; ഭാവിയിലെ സമൂഹമാണ് ഇന്നത്തെ കുട്ടികള്‍. ആരോഗ്യകരമായൊരു സമൂഹത്തെ വാര്‍ത്തെടുക്കണമെങ്കില്‍ ഇന്ന് നമുക്ക് നമ്മുടെ കുട്ടികളെയും ആരോഗ്യകരമായ രീതിയില്‍ മുന്നോട്ട് നയിക്കാന്‍ കഴിയേണ്ടതുണ്ട്... Read More...