നട്ടുച്ചയ്ക്ക് പൊരിവെയിലത്ത് കാറിനുള്ളില്‍ തനിയെ ബിസ്‌കറ്റ് ബേക്ക് ആവുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. അതേ, സംഭവം ഇവിടെയല്ല, അമേരിക്കയിലാണ്. വെയിലിന്റെ തീവ്രത കാണിക്കാൻ നെബ്രാസ്കയിലെ ദേശീയ കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോൾ വെെറലായിരിക്കുന്നത്.

കിഴക്കൻ നെബ്രാസ്കയിൽ പൊരിവെയിലത്താണ് ഈ പരീക്ഷണം നടത്തിയത്. ഇന്ന് ചൂടായിരിക്കുമോ എന്ന് ആലോചിച്ചിരിക്കുന്നവർക്കായി തങ്ങൾ ഒരു പരീക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് കുറിച്ചുകൊണ്ട് ഒമാഹാ കാലാവസ്ഥാ വിഭാഗമാണ് ചിത്രങ്ങൾ പങ്കുവച്ചത്. ബേക്കിങ് ട്രേയിൽ നാല് ബിസ്ക്കറ്റുകളുടെ നിറം ബ്രൗൺ കളറാകുന്ന ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

പരീക്ഷണം വിജയിച്ചെന്ന് പങ്കുവച്ച് കൊണ്ട് ബിസ്ക്കറ്റുകൾ കഴിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. എട്ട് മണിക്കൂർ കൊണ്ടാണ് ബേക്കിങ് പൂർത്തിയായത്. സമീപത്തുള്ള ആളുകൾക്ക് ചൂടിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനാണ് ഈ പരീക്ഷണം അധികൃതർ നടത്തിയത്. കുട്ടികളെ ഒരു കാരണവശാലും വാഹനങ്ങളിൽ തനിച്ചാക്കി പോകരുതെന്നും അവർ മുന്നറിയിപ്പ് നൽകി.