മോഷ്ടാക്കളെ കുറിച്ച് പുറത്തുവരുന്ന കഥകള്‍ ശ്രദ്ധിച്ചിട്ടില്ലേ? എപ്പോഴും കൗതുകമുണ്ടാക്കുന്നതും വിചിത്രവുമായിരിക്കും ഇവരുടെ കഥകള്‍. പിടിക്കപ്പെടാതിരിക്കാനായി കഴിയാവുന്ന എല്ലാ തന്ത്രങ്ങളും പയറ്റുന്നത് കൊണ്ടാകാം ഇത്. എങ്കിലും എവിടെയെങ്കിലും വച്ച് സംഭവിക്കുന്ന ചെറിയൊരു പിഴവിന്റേയോ അശ്രദ്ധയുടേയോ പേരില്‍ ഒരുനാള്‍ പിടിക്കപ്പെടാനും മതി. 

അത്തരത്തില്‍ രസകരമായൊരു സംഭവമാണ് യുകെയിലെ കെന്റില്‍ നിന്നുമെത്തുന്നത്. മാസങ്ങളായി നടത്തിയ കളവുകള്‍ക്കൊടുവില്‍ നാല്‍പത്തിനാലുകാരനായ ഡാരെന്‍ ഗാര്‍ഡിന എന്നൊരു കള്ളന്‍ കെന്റ് പൊലീസിന്റെ പിടിയിലായി. പിടിയിലായപ്പോള്‍ മോഷ്ടിച്ച നിരവധി സാധനങ്ങള്‍ക്കൊപ്പം വിവിധ നിറത്തിലും ഘടനയിലുമുള്ള ഒരടുക്ക് വിഗ്ഗുകളും പൊലീസിന് ലഭിച്ചു. 

സംഗതി എന്തെന്നാല്‍ കഷണ്ടിയായ കള്ളന്‍, ഓരോ കളവ് നടത്തുമ്പോഴും ഓരോ തരത്തിലുള്ള വിഗ് ഉപയോഗിക്കുകയായിരുന്നുവത്രേ. എങ്ങനെയും തിരിച്ചറിയപ്പെടാതിരിക്കാന്‍ കള്ളന് തോന്നിയ ഒരു സൂത്രമായിരുന്നു അത്. ചുരുണ്ടതും, നീളത്തിലുള്ളതും, വൃത്തിയായി ചീകിവച്ചതും, ചിട്ടയില്ലാത്തതും അങ്ങനെ പല സ്വഭാവങ്ങളിലുള്ള വിഗ്ഗുകള്‍. ചിലതിനൊപ്പം മുഖത്ത് ഒരു കണ്ണടയും ഫിറ്റ് ചെയ്യും. ഇതോടെ തന്നെ ആരും തിരിച്ചറിയില്ലെന്ന് കള്ളന്‍ ഡാരെന്‍ കരുതി. 

പക്ഷേ വല്ലാത്തൊരു മണ്ടന്‍ 'ഐഡിയ' ആയിപ്പോയി ഇതെന്നാണ് കെന്റ് പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേ റോബിന്‍സണ്‍ പറയുന്നത്. കളവുകള്‍ തുടര്‍ക്കഥയായപ്പോള്‍ തന്നെ തങ്ങള്‍ അന്വേഷണം ആരംഭിച്ചിരുന്നുവെന്നും വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഡാരെന്റെ മുഖം പതിഞ്ഞതായി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. 

Also Read:- ലോക്ക് ഡൗണ്‍ പൂട്ടുപൊളിച്ച് കള്ളന്‍മാര്‍; ആലുവയിൽ അടച്ചിട്ട കടകളിൽ മോഷണം...

'വിഗ് മാറിമാറിവന്നുവെന്നല്ലാതെ മുഖത്തിന് മാറ്റമൊന്നും ഇല്ലല്ലോ, അത് വളരെ വ്യക്തമായി ഞങ്ങള്‍ക്ക് മനസിലായിരുന്നു. ശുദ്ധ-മണ്ടന്‍ തന്ത്രമാണ് ഡാരെന്‍ പയറ്റിയത്. ഏതായാലും ഇനി അല്‍പനാള്‍ ജയിലില്‍ കഴിയട്ടെ, അവിടെ വച്ച് മാനസാന്തരപ്പെട്ടാല്‍ അവന് കൊള്ളാം. ധാരാളം പേര്‍ ഞങ്ങളെ അന്വേഷണഘട്ടത്തില്‍ സഹായിച്ചിട്ടുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. ഇനിയും തെളിയിക്കപ്പെടാത്ത കേസുകള്‍ കാണും. പരാതിയുമായി കൂടുതല്‍ പേര്‍ വരുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്...'- ജേ റോബിന്‍സണ്‍ പറയുന്നു. 

കാറും ആഭരണങ്ങളും പണവുമുള്‍പ്പെടെ പലതരത്തിലുള്ള സാധനങ്ങളാണ് ഡാരെന്‍ മോഷ്ടിച്ചിരുന്നത്. പല വീടുകളിലും കയറിയ ശേഷം വീട്ടുകാരെ ഭയപ്പെടുത്തി കെട്ടിയിട്ടായിരുന്നു മോഷണമെന്നും പൊലീസ് പറയുന്നു. വിരലടയാള വിദഗ്ധരുടെ സഹായത്തോടെയാണ് ഒടുവിൽ അന്വേഷണസംഘം ഡാരെനായി വല വിരിച്ചത്.

Also Read:- കവ‍ര്‍ച്ചയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാന്‍ തുണിക്കട കത്തിച്ച സംഭവം; മോഷ്‍ടാവ് പിടിയില്‍...