പൊട്ടാസ്യം, മഗ്നീഷ്യം, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ എ, ബി, ഇ എന്നിവയാല്‍ സമ്പുഷ്ടമായ പഴം തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

കരുത്തുറ്റ, നീണ്ട, ആരോഗ്യമുള്ള (healthy) തലമുടി (hair) സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവര്‍ കുറവാണ്. കേടായ തലമുടിയെ സംരക്ഷിക്കാനും തലമുടി കൊഴിച്ചിലും താരനും തടയാനും ഏറ്റവും പ്രകൃതിദത്ത പരിഹാര മാർഗങ്ങളിൽ ഒന്നാണ് പഴം (banana) കൊണ്ടുള്ള ഹെയർ മാസ്ക് (hair mask). 

തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് പഴം. പൊട്ടാസ്യം, മഗ്നീഷ്യം, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ എ, ബി, ഇ എന്നിവയാല്‍ സമ്പുഷ്ടമായ പഴം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഏറെ നല്ലതാണ്. പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും താരനെ തടയുകയും ചെയ്യും. 

അതിനാല്‍ കരുത്തുറ്റ തലമുടി സ്വന്തമാക്കാന്‍ പഴം കൊണ്ട് തയ്യാറാക്കാവുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം. 

ഒന്ന്...

രണ്ട് പഴുത്ത വാഴപ്പഴം നന്നായി ഉടച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ ആവണക്കെണ്ണ ചേർക്കാം. തുടര്‍ന്ന് ലഭിക്കുന്ന മിശ്രിതം മുടിയിൽ പുരട്ടാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

രണ്ട്...

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തലമുടിയുടെ തിളക്കത്തിനും ആരോഗ്യത്തിനും ഇത് സഹായിക്കും.

മൂന്ന്...

ഒരു പഴം ഉടച്ചതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം നന്നായി മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. 

നാല്...

പഴുത്ത ഒരു പഴമെടുക്കുക. ശേഷം ഇത് നന്നായി കുഴമ്പു പരുവത്തിലാക്കുക. ഇനി ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ട് തവണ വരെയൊക്കെ ചെയ്യുന്നത് ഫലം നല്‍കും. 

അഞ്ച്...

ഒരു പഴം നന്നായി ഉടച്ചതിലേയ്ക്ക് അവക്കാഡോയുടെ മാംസളമായ ഭാഗം ചേർക്കുക. ശേഷം ഇവ മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം തലമുടിയിൽ പുരട്ടി 15 മിനിറ്റിനുശേഷം കഴുകിക്കളയാം. 

Also Read: തലമുടി തഴച്ച് വളരാനും തിളക്കമുള്ളതാകാനും; എട്ട് 'സൂപ്പര്‍ ഫുഡുകള്‍' പരിചയപ്പെടുത്തി ലക്ഷ്മി നായർ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona