കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടവയര്‍. വയറിന്‍റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല, ആരോഗ്യത്തിനും അപകടകരമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലരുടെയും ചിന്ത. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. 

കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയര്‍ കുറയ്ക്കാന്‍ സഹായിക്കും. 

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒന്ന്...

ബ്ലൂബെറി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊതുവേ ബ്ലൂബെറി അടക്കമുള്ള ബെറി പഴങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് ഇവ. പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.

രണ്ട്...

രാവിലെ വെറും വയറ്റിൽ ചൂടുനാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിൽ കലോറിയുടെ അളവ് കുറയ്ക്കാനും ദഹനപ്രക്രിയയെ സു​ഗമമാക്കുന്നതിനും ഈ പാനീയം സഹായിക്കും. 

മൂന്ന്...

ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഗ്രീൻ ടീയ്ക്ക് ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. 

നാല്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ പച്ചക്കറികളിലൊന്നാണ് ചീര. അര കപ്പ് ചീരയില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. സിങ്ക്, മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവയും ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോ​​ഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ദിവസവും ചീര കഴിക്കുന്നത് നല്ലതാണ്. ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഫാറ്റ് കുറയ്ക്കാനും അതുവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. 

അഞ്ച്...

പരിപ്പാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് പരിപ്പ്. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്കു പകരം പരിപ്പ് കഴിക്കുന്നത് വയറിലടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

ആറ്...

ഏത്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഏത്തപ്പഴം കഴിക്കുന്നത് വിശപ്പ്‌ ശമിക്കാന്‍ സഹായിക്കും. ഒപ്പം വയര്‍ നിറയുകയും ചെയ്യും. ഏത്തക്കയിലെ പൊട്ടാസ്യം ഫാറ്റ് പുറംതള്ളാനും സഹായിക്കും. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ നല്ല ബാക്ടീരിയയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. ഇത് അധിക കലോറി കത്തിച്ചു കളയുകയും ചെയ്യും. പൊട്ടാസ്യം ധാരാളമടങ്ങിയ ഏത്തപ്പഴം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. 

ഏഴ്...

ജിഞ്ചര്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചായയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

എട്ട്...

യോഗര്‍ട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. യോഗര്‍ട്ട് വയറ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. 

Also Read: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും വഴുതനങ്ങ; അറിയാം മറ്റ് ഗുണങ്ങള്‍...