ഓറഞ്ചിന്‍റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. 

സിട്രസ് വിഭാഗത്തിലുള്ള 'ഓറഞ്ച്' നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. ചർമ്മത്തിന്‍റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്താൻ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്.

ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. ഇതിനായി ഓറഞ്ചിന്‍റെ തൊലി ഉണക്കി, പൊടിച്ച രൂപത്തിലാക്കി എടുക്കുക. 

പൊടിച്ചെടുത്ത ഓറഞ്ച് തൊലികൾ അടച്ചുറപ്പുള്ള ഇറുകിയ പാത്രത്തിൽ സൂക്ഷിക്കുക. ശേഷം ഇത് ഉപയോഗിച്ച് പല തരം ഫേസ് പാക്കുകള്‍ തയ്യാറാക്കാം. അവയില്‍ ചിലത് നോക്കാം. 

ഒന്ന്...

മൂന്ന് ടീസ്പൂണ്‍ പൊടിച്ച ഓറഞ്ച് തൊലി, രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം തിളങ്ങാന്‍ ഇത് സഹായിക്കും. 

രണ്ട്...

ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്ക്കാനും, ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും. 

മൂന്ന്...

മൂന്ന് ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് കുറച്ചു റോസ് വാട്ടറും തേനും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

രണ്ട് ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ഒരു പാത്രത്തിൽ എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യണം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ആഴ്ചയില്‍ രണ്ടുദിവസം ചെയ്യുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ സഹായിക്കും. 

അഞ്ച്...

രണ്ട് ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂൺ പാൽ, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിലെ അമിതമായ എണ്ണമയം അകറ്റാന്‍ സഹായിക്കും.

Also Read: വേനൽച്ചൂടില്‍ ചര്‍മ്മത്തിന് വേണം സ്പെഷ്യല്‍ സംരക്ഷണം; അടുക്കളയിലുണ്ട് പരിഹാരം!