കറുത്തപാടുകൾ, മുഖക്കുരു എന്നിവ അകറ്റാനും ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും മുഖം തിളങ്ങാനും തേന്‍ സഹായിക്കും. 

പ്രകൃതിയിൽ നിന്നും വളരെപ്പെട്ടന്ന് ലഭിക്കുന്ന സൗന്ദര്യവർധക വസ്തുവാണ് തേൻ (Honey). ചര്‍മ്മ സംരക്ഷണത്തിന് (skin care) ഏറെ നല്ലതാണ് തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍ (face packs). തേനിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾക്കും ആന്‍റി ഓക്‌സിഡന്‍റുകളും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും. 

കറുത്തപാടുകൾ, മുഖക്കുരു എന്നിവ അകറ്റാനും ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും മുഖം തിളങ്ങാനും തേന്‍ സഹായിക്കും. പ്രകൃതിദത്തമായതിനാൽ തേന്‍ മുഖത്ത് പുരട്ടുന്നതുകൊണ്ട് യാതൊരു പാർശ്വഫലങ്ങളുമുണ്ടാകില്ല. 

തേന്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

രണ്ട് ടീസ്പൂണ്‍ തേന്‍, നാല് ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റിന് ശേഷം കഴുകി കളയുക. 

രണ്ട്...

ഒരു ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. എണ്ണമയം അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. 

മൂന്ന്...

രണ്ട് ടേബിൾ സ്പൂൺ തേനും ഒരു പഴവും എടുക്കുക. പഴം നന്നായുടച്ചു തേനിൽ ചേർത്ത് നല്ല കുഴമ്പു രൂപത്തിലാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഏകദേശം 15 മിനിറ്റ് കഴിയുമ്പോൾ നല്ല തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. 

നാല്...

രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ കോഫിയും അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവയെ തടയാന്‍ ഈ ഫേസ് പാക്ക് സഹായിക്കും. 

അഞ്ച്...

ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലിലേയ്ക്ക് അര ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകാം. പതിവായി ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. 

Also Read: തലമുടി തഴച്ചു വളരാൻ ചെമ്പരത്തി; ഉപയോഗിക്കേണ്ടത് ഇങ്ങനെ...