അമിതവണ്ണം കുറയ്ക്കാനായി ഡയറ്റും വർക്കൗട്ടും സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും ഇതൊക്കെ പിന്തുടരാന്‍ പലര്‍ക്കും മടിയാണ്. രണ്ടുദിവസം വർക്കൗട്ട് ചെയ്താല്‍ മൂന്നിന്‍റെ അന്ന് മടി കാണിക്കുന്നവരാണ് മിക്കയാളുകളും. അത്തരത്തിൽ വർക്കൗട്ടിൽ ഉഴപ്പുന്നവർക്ക് രസകരമായ ഒരു വഴി പറയുകയാണ് മുൻകാല ബോളിവുഡ് നടി ഭാ​ഗ്യശ്രീ.

ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഈ 51കാരി വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും എപ്പോഴും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഭാ​ഗ്യശ്രീ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇപ്പോള്‍ പങ്കുവച്ചരിക്കുന്നത്. വർക്കൗട്ട് രസകരമാക്കാനുള്ള വഴിയാണ് ഇത്തവണ ഭാ​ഗ്യശ്രീ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. 

വീഡിയോയില്‍ പാട്ടുവച്ച് നൃത്തച്ചുവടുകൾ പോലെ വർക്കൗട്ട് ചെയ്യുകയാണ് താരം. ആസ്വദിച്ച് ഫിറ്റ്നസ് ചെയ്യാനുള്ള വഴിയാണ് ഇതെന്നും ഭാഗ്യശ്രീ പറയുന്നു. 'എന്തുകൊണ്ട് ഫിറ്റ്നസ് രസകരമാക്കിക്കൂടാ? കാർഡിയോ...പാട്ടുവച്ച് ആ വിയർപ്പൊഴുക്കിക്കളയാം. നിങ്ങൾക്കും ഇത് ചെയ്യാം'- എന്ന ക്യാപ്ഷനോടെയാണ് ഭാ​ഗ്യശ്രീ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

 

കറുപ്പ് ടീഷര്‍ട്ടും യോഗാ പാന്‍റ്സും ഒപ്പം ഓറഞ്ച് നിറത്തിലുള്ള സ്നീക്കേഴ്സുമാണ് ഭാഗ്യശ്രീ ധരിച്ചിരിക്കുന്നത്. 1989ല്‍ പുറത്തിറങ്ങിയ 'മേം നേ പ്യാര്‍ കിയാ' എന്ന ഹിറ്റ് ചിത്രത്തിലൂടെ സല്‍മാന്‍ ഖാന്റെ നായികയായി സിനിമയിലെത്തിയ നടിയാണ് ഭാഗ്യശ്രീ. പിന്നീട് ചില കന്നഡ, തെലുങ്ക് മറാത്തി ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അഭിനയിച്ച താരം വിവാഹശേഷം തുടര്‍ച്ചയായ ഇടവേളകള്‍ എടുക്കുകയായിരുന്നു.

Also Read: 'വൈകിയിട്ടില്ല, നിങ്ങള്‍ക്കും തുടങ്ങാം'; വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് നടി ഭാഗ്യശ്രീ...