ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പലതരം ചികിത്സാമാര്‍ഗങ്ങള്‍ തേടിപ്പോകുന്നവരാണ് നമ്മള്‍. അലോപ്പതിയോ ഹോമിയോയോ ആയുവര്‍വേദമോ ഒക്കെയാകാം അത്. ആധികാരികതയ്ക്കപ്പുറം വിശ്വാസമുള്ള മേഖലകളെ ആശ്രയിക്കുന്നവര്‍ കൂടിയാണ് മലയാളികള്‍. 

ഇതേ മനശാസ്ത്രത്തെ കച്ചവടമാക്കുകയാണ് പല പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളും. ആയുര്‍വേദത്തിന് ഇന്നുള്ള സ്വീകാര്യതയെ മുന്‍നിര്‍ത്തി 'ആയുര്‍വേദിക് സാരി' വിപണിയിലിറക്കി കച്ചവടം കൊഴുപ്പിക്കാനാണ് ഇവരുടെ ശ്രമം.

ശരീരത്തിന്റെ പ്രകൃതിദത്തമായ പ്രതിരോധ വ്യവസ്ഥ- ജീവിതരീതികള്‍ മൂലം തകിടം മറിയുമ്പോള്‍ അതിനെ ശക്തപ്പെടുത്താന്‍ സഹായിക്കുമെന്ന തരത്തിലാണ് 'ആയുര്‍വേദിക് സാരി'യെ നിര്‍മ്മാതാക്കള്‍ പരസ്യപ്പെടുത്തുന്നത്. ഔഷധച്ചെടികളും വേരുകളും ഇവയില്‍ നിന്നെല്ലാം എടുക്കുന്ന നിറങ്ങളും ചേര്‍ത്ത് തികച്ചും 'ജൈവികമായി' ആണ് സാരി നിര്‍മ്മിക്കുന്നതെന്നാണ് ഇവരുടെ പക്ഷം. 

എന്നാല്‍ ഇതിന്റെ നിജസ്ഥിതിയെക്കുറിച്ചും മറ്റും അറിവില്ല. എന്തായാലും വിപണിയില്‍ മോശമല്ലാത്ത ഡിമാന്‍ഡ് 'ആയുര്‍വേദിക് സാരി'കള്‍ പിടിച്ചുപറ്റുന്നുണ്ടെന്നാണ് ഫാഷന്‍ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാരി മാത്രമല്ല, 'എത്ത്‌നിക് വെയര്‍' വിഭാഗത്തില്‍ കൂര്‍ത്ത മുതലങ്ങോട്ടുള്ള പല വസ്ത്രങ്ങളും 'ആയുര്‍വേദിക്' ആക്കിയിറക്കാനുള്ള ആലോചനകളിലാണ് വന്‍ കിട ബ്രാന്‍ഡുകള്‍ എന്നും സൂചനയുണ്ട്.