ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഡ്രഗ് സർവേ (ജിഡിഎസ്) ഇന്ത്യയിൽ നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ആദ്യമായാണ് ജിഡിഎസ് ഇന്ത്യയിൽ ഇത്തരമൊരു സർവേ സംഘടിപ്പിക്കുന്നത്.
ലണ്ടൻ: അമിത മദ്യപാനം കുറയ്‌ക്കാന്‍ മറ്റൊരാളുടെ സഹായം ഏറ്റവുമധികം ആവശ്യമായി വരുന്നത് ഇന്ത്യക്കാര്‍ക്കെന്ന് സര്‍വ്വേഫലം. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഡ്രഗ് സർവേ (ജിഡിഎസ്) ഇന്ത്യയിൽ നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ആദ്യമായാണ് ജിഡിഎസ് ഇന്ത്യയിൽ ഇത്തരമൊരു സർവേ സംഘടിപ്പിക്കുന്നത്.
മദ്യം, പുകയില, കഞ്ചാവ് എന്നിവയാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലഹരിപദാർത്ഥങ്ങൾ. 30 രാജ്യങ്ങളിലെ 123,814 ജനങ്ങളിൽ നടത്തിയ സർവേപ്രകാരം കഴിഞ്ഞ ഒരു വർഷമായി ശരാശരി 41 തവണയാണ് ഇന്ത്യക്കാർ അമിതമായി മദ്യം ഉപയോഗിച്ചത്. ലോകത്ത് അമിതമായി മദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. പട്ടികയിൽ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. അമേരിക്ക, കാനഡ, ഒസ്ട്രേലിയ, ഡെൻമാർക്ക്, അയലൻഡ്, മെക്സിക്കോ, ചെക്ക് റിപ്പബ്ലിക്ക്, ഫിൻലാൻഡ് എന്നിവയാണ് പട്ടികയിൽ ആദ്യത്തെ പത്തിൽ ഇടംനേടിയ മറ്റ് രാജ്യങ്ങൾ.
മദ്യപാനത്തിന്റെ ഉപയോഗത്തെക്കുറിച്ച് 2018 ഒക്ടോബർ-ഡിസംബർ മാസങ്ങളിലാണ് ജിഡിഎസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഓൺലൈൻ സർവേ നടത്തിയത്. ജിഡിഎസിന്റെ സർവേപ്രകാരം മറ്റ് രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് മദ്യപാനം കുറയ്ക്കാൻ ഇന്ത്യക്കാർക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്ന് കണ്ടെത്തി. സർവേപ്രകാരം 51 ശതമാനം ആളുകളും വരുന്ന വർഷം കുറച്ച് മദ്യം കുടിക്കണമെന്ന് ആഗ്രഹമുള്ളവരാണ്. ഇതിൽതന്നെ 41 ശതമാനം ആളുകളും മദ്യപാനം കുറയ്ക്കാൻ ആളുകളെ സഹായിക്കാൻ മുന്നോട്ടിറങ്ങാൻ തയ്യാറായവരാണ്. മദ്യപാനം കുറയ്ക്കാൻ സഹായിക്കുന്നവരുടേയും വരും വർഷങ്ങളിൽ മദ്യത്തിന്റെ അളവ് കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരുടേയും എണ്ണത്തിൽ മറ്റ് രാജ്യങ്ങളെക്കാളും മുൻപന്തിയിൽ നിൽക്കുന്നത് ഇന്ത്യയാണ്.
ഇന്ത്യയിൽ മദ്യത്തിന്റെ അമിതോപയോഗം മൂലം ശാരീരിക അസ്വസ്ഥകൾ നേരിട്ടവരിൽ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളാണ് മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ വർഷം ആറ് ശതമാനം സ്ത്രീകളാണ് മദ്യത്തിന്റെ അമിതോപയോഗം മൂലം ആശുപത്രികളിൽ ചികിത്സ തേടിയത്. ലോകത്തിലാകമാനം 13 ശതമാനം സ്ത്രീകളാണ് അമിത മദ്യപാനം മൂലം ആശുപത്രികളിൽ ചികിത്സ തേടിയത്. എന്നാൽ ലോകത്ത് 12 ശതമാനം പുരുഷൻമാരാണ് മാത്രമാണ് മദ്യത്തിന്റെ അമിതോപയോഗം മൂലം ആശുപത്രികളിൽ ചികിത്സ തേടിയത്.
അതേസമയം ഇന്ത്യയിൽ 71 ശതമാനം പേരും പരിപാടികളിലോ പ്രത്യേക ചടങ്ങിലോ മാത്രം മദ്യപിക്കാൻ താൽപര്യപ്പെടുന്നവരാണ്. ലോകത്ത് ആകെ 74 ശതമാനം ആളുകൾ മാത്രമാണ് ഇത്തരത്തിൽ മദ്യപിക്കാൻ താൽപര്യപ്പെടുന്നവർ. ഇന്ത്യയിൽ 24-നും 34-നും വയസ്സിന് ഇടയിലുള്ളവരാണ് അമിതമായി മദ്യം ഉപയോഗിക്കുന്നത്. മറ്റുള്ളവർ വർഷത്തിൽ ഏറ്റവും കുറഞ്ഞത് നാല് തവണ മദ്യപിക്കുന്നവരാണ്.
സർവേയിൽ 250 ഇന്ത്യക്കാരുടെ സാമ്പിളുകൾ ശേഖരിച്ചതിൽ 43 ശതമാനം ആളുകൾ കഞ്ചാവ് ഉപയോഗിക്കുന്നവരാണ്. ഇതിൽ 44 ശതമാനം പേർക്കും ലഹരിഹദാർത്ഥങ്ങൾ വിതരണം ചെയ്യന്നുവരുടെ പേര് വിവരങ്ങൾ അറിയുന്നവരാണ്. 21 ശതമാനം പേർക്കും സുഹൃത്തുക്കൾ വഴിയാണ് കഞ്ചാവടക്കമുള്ള ലഹരി പദാർത്ഥങ്ങൾ ലഭിക്കുന്നതെന്നും ഗ്ലോബൽ ഡ്രഗ് സർവേ തലവൻ പ്രൊഫ. ആഡം വിൻസ്റ്റോക്ക് നേതൃത്വം വഹിച്ച സർവേയിൽ പറയുന്നു.
