കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. അതനുസരിച്ച് നമ്മളെല്ലാം മാസ്‌ക് ധരിക്കുന്നുമുണ്ട്. എന്നാല്‍ ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന തരം മാസ്‌കുകളാണെങ്കില്‍, അത് എങ്ങനെയാണ് വൃത്തിയായി 'ഡിസ്‌പോസ്' ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ പലയിടങ്ങളിലും 'ഡിസ്‌പോസബിള്‍' മാസ്‌കുകള്‍ അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നതും ഇപ്പോള്‍ പതിവായിട്ടുണ്ട്. 

മാസ്‌ക് അത്തരത്തില്‍ വെറുതെ പുറത്തേക്ക് വലിച്ചെറിയരുതെന്ന് നേരത്തേ തന്നെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗവ്യാപന സാധ്യത കണക്കിലെടുത്തായിരുന്നു ആരോഗ്യ വിദഗ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത് എങ്കില്‍ ഇപ്പോള്‍ മറ്റൊരു അപകടം കൂടി ഇതിലുള്‍പ്പെടുന്നുവെന്നാണ് ഇംഗ്ലണ്ടിലെ എസക്‌സില്‍ നിന്ന് വന്നിരിക്കുന്ന ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

ആരോ ഉപേക്ഷിച്ചുപോയ 'ഡിസ്‌പോസബിള്‍' മാസ്‌ക് കാലുകളില്‍ കുരുങ്ങിയതിന് പിന്നാലെ ഒരാഴ്ചയോളം ദുരിതമനുഭവിച്ച ഒരു പക്ഷിയുടെ കഥയാണ് എസക്‌സില്‍ നിന്ന് പുറത്തുവരുന്നത്. അവശനിലയില്‍ ഒരു പക്ഷിയെ റോഡരികില്‍ കാണാന്‍ തുടങ്ങിയത്, സമീപത്തുള്ള ഒരു കാര്‍ ഷോറൂമിലെ ജീവനക്കാരാണ് ആദ്യം ശ്രദ്ധിച്ചത്. അടുത്തുവന്ന് നോക്കിയപ്പോഴാണ് പക്ഷിയുടെ കാലില്‍ മാസ്‌ക് കുരുങ്ങിക്കിടക്കുന്നതായി അവര്‍ കണ്ടത്.

ഉടനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പേടിച്ചുപോയ പക്ഷി എങ്ങനെയെല്ലാമോ അവരില്‍ നിന്ന് രക്ഷപ്പെട്ട് പറന്നുപോയി. പിന്നീട് അടുത്ത ദിവസങ്ങളിലും അവര്‍ പക്ഷിയെ അതേ സ്ഥലത്ത് കണ്ടു. മണിക്കൂറുകളോളം ഒരിടത്ത് തന്നെ നില്‍പുറച്ച നിലയിലായിരുന്നു അത്. ഇതോടെ കാര്‍ ഷോറൂം ജീവനക്കാര്‍ അടുത്തുള്ള ഒരു സന്നദ്ധ സംഘടനയെ വിളിച്ച് വിവരമറിയിച്ചു. 

ഒടുവില്‍ സന്നദ്ധ പ്രവര്‍ത്തകരെത്തിയാണ് പക്ഷിയെ രക്ഷപ്പെടുത്തിയത്.അവരതിനെ പിടികൂടി മൃഗാശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ വച്ചാണ് പക്ഷിയുടെ കാലില്‍ കുരുങ്ങിയ മാസ്‌ക് വെട്ടിമാറ്റിയത്. മാസ്‌കിന്റെ ഇലാസ്റ്റിക് വള്ളികള്‍ ഇരുകാലുകളിലും ഇറുകിക്കുരുങ്ങിയിരുന്നു. ഇതോടെ കാലില്‍ വീക്കവും നീരും വന്നിരുന്നു. അങ്ങനെയാണ് പറക്കാന്‍ പോലുമാകാത്ത നിലയിലേക്ക് ദിവസങ്ങള്‍ കൊണ്ട് പക്ഷിയെത്തിയത്. ഏതായാലും നിരീക്ഷണത്തിന് ശേഷം പക്ഷിയെ തിരിച്ച് തുറന്നുവിട്ടിട്ടുണ്ട്. 

മനുഷ്യര്‍ ഉപയോഗിച്ച് ഒഴിവാക്കുന്ന പല സാധനങ്ങളും മറ്റ് ജീവികളുടെ ജീവന് ഭീഷണിയാകാറുണ്ട്. പ്ലാസ്റ്റിക് തന്നെയാണ് ഇക്കൂട്ടത്തിലെ പ്രധാന വില്ലന്‍. ഇനി മാസ്‌കുകള്‍ കൂടി ഇത്തരത്തില്‍ മറ്റുള്ള ജീവികളെ അപകടപ്പെടുത്തുന്നതിനായി അലക്ഷ്യമായി ഒഴിവാക്കരുതെന്നാണ് പക്ഷിയെ രക്ഷപ്പെടുത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. നമ്മുടെ കാഴ്ചയുടെ പരിധികള്‍ക്കപ്പുറം അപകടത്തിലാകുന്ന ജീവികളെ രക്ഷപ്പെടുത്താന്‍ നമുക്ക് അവസരം ലഭിച്ചേക്കില്ലെന്നും, അക്കാര്യം എപ്പോഴും ഓര്‍മ്മ വേണമെന്നും ഇവര്‍ പറയുന്നു. 

Also Read:- കൊവിഡിനെ പ്രതിരോധിക്കാൻ എന്‍ 95 മാസ്കുകൾ വേണ്ട, തുണി കൊണ്ടുള്ള മാസ്കുകൾ മതിയാകും; ഡോ.സുല്‍ഫി പറയുന്നു...