വെറും പതിനേഴ് വയസുള്ളപ്പോള്‍ വിഷാദത്തിനടിപ്പെട്ട് ഇനിയെന്ത് ചെയ്യണമെന്നറിയാതെ ആത്മഹത്യാശ്രമം. പരാജയപ്പെട്ട ആ ആത്മഹത്യാശ്രമത്തില്‍ നിന്ന് പിടഞ്ഞെഴുന്നേറ്റ് നടന്നെത്തിയത് ബോളിവുഡിന്റെ വര്‍ണ്ണാഭമായ ലോകത്തേക്ക്. 

ഒരു സിനിമാക്കാഥ പോലെ തോന്നും സഭ്യാസാചി മുഖര്‍ജിയെന്ന 'സെലിബ്രിറ്റി ഡിസൈനറു'ടെ ജീവിതം. അല്ലെങ്കില്‍ സിനിമാക്കഥയെ വെല്ലുന്നൊരു 'ഡ്രീം സ്റ്റോറി' എന്നും പറയാം. 

'അന്നെനിക്ക് പതിനേഴ് വയസ് മാത്രമാണ് പ്രായം. പക്ഷേ വിഷാദം കൊണ്ട് അതീവഗുരുതരമായ ഒരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. ജീവിതം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ മുന്നോട്ടുപോകാന്‍ ഒരിടവുമില്ലാതായ അവസ്ഥ. അങ്ങനെയാണ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. പക്ഷേ ആ ശ്രമം പാളിപ്പോയി. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. അന്ന് പാതിബോധത്തില്‍ അമ്മ എന്റെ മുഖത്തടിച്ചു..'- നാല്‍പത്തിയഞ്ചുകാരനായ സഭ്യാസാചി മുഖര്‍ജി ജീവിതം പറഞ്ഞുതുടങ്ങുന്നത് മരണത്തിലേക്ക് സ്വയം നടന്നുപോകാന്‍ തീരുമാനമെടുത്ത ആ തിരിവില്‍ വച്ചാണ്. 

'ഞാന്‍ മാത്രമെന്താണ് ഇങ്ങനെ ഇത്രയും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നത് എന്ന തോന്നലായിരിക്കും വിഷാദം മൂലം ഒറ്റപ്പെട്ടുപോയ ഒരാള്‍ ആദ്യം ചിന്തിക്കുന്നത് എന്ന് തോന്നുന്നു. പക്ഷേ നമുക്കൊപ്പം, നമ്മളെപ്പോലെ തന്നെ പലരും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട് എന്നറിഞ്ഞാല്‍. അത് വളരെ സ്വാഭാവികമായ ഒന്നാണെന്ന് നമുക്ക് തന്നെ മനസിലാകും. അതുതന്നെയാണ് എനിക്കും സംഭവിച്ചത്...

 


(സഭ്യാസാചി മുഖർജി ഡിസൈൻ ചെയ്ത വിവാഹവസ്ത്രങ്ങളണിഞ്ഞ് അനുഷ്ക ശർമ്മ- വിരാട് കോലി, പ്രിയങ്ക ചോപ്ര- നിക്ക് ജൊനാസ് എന്നിവർ...)

 

...ഡിപ്രഷന്‍ എന്ന് പറയുന്നത് ജലദോഷം പോലൊക്കെയാണെന്നാണ് എനിക്കും തോന്നുന്നത്. അത് ആര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും സംഭവിച്ചിരിക്കും. അങ്ങനെ സംഭവിക്കുന്നില്ലയെങ്കില്‍ അത് നോര്‍മല്‍ അല്ല. എന്നെ സംബന്ധിച്ച് ഡിപ്രഷന്‍ എനിക്ക് ജീവിതത്തോട് കുറേക്കൂടി വ്യക്തത വരുത്തിത്തന്നു എന്നാണ് തോന്നുന്നത്...'- സഭ്യസാചി മുഖര്‍ജി പറയുന്നു. 

ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്ന ഡിസൈനറാണ് ഇദ്ദേഹം. പ്രശസ്തരായ ഒട്ടുമിക്ക താരങ്ങളും 'ഓണ്‍ ക്യാമറ'യിലും 'ഓഫ് ക്യാമറ'യിലും തങ്ങളുടെ ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കുമെല്ലാം നിറം പകരാന്‍ തെരഞ്ഞെടുക്കുന്നത് സഭ്യാസാചി മുഖര്‍ജിയുടെ കരവിരുതല്‍ വിരിഞ്ഞ മനോഹരമായ വസ്ത്രങ്ങളാണ്. 

ജോലി കഴിഞ്ഞ് അല്‍പം വിശ്രമിക്കാനുള്ള സമയമില്ലാതെ വിഷാദത്തിലേക്ക് ആഴ്ന്നിറങ്ങിപ്പോകാനുള്ള സമയം ഇപ്പോള്‍ സഭ്യാസാചിക്കില്ല. മനസിനെ തന്റെ കൈവശമുള്ള കലയിലേക്ക് അത്രമാത്രം തിരിച്ചുവിടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 

 


(സഭ്യാസാചി മുഖർജിയുടെ ഡിസൈനർ വസ്ത്രങ്ങളണിഞ്ഞ് ശ്രീദേവി, കരീന കപൂർ, ദീപിക പദുക്കോണ്‍ എന്നിവർ- പഴയ ചിത്രങ്ങള്‍..)

 

'ഇപ്പോഴും ചിലപ്പോഴൊക്കെ മടുപ്പ് തോന്നും. വിഷാദമല്ല, വെറും മടുപ്പ്. ഇതൊക്കെ വളരെ സ്വാഭാവികമാണ്. അങ്ങനെയുള്ള സമയങ്ങളില്‍ ഞാന്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും. ഞാനൊരു ബംഗാളിയാണ്, അതുകൊണ്ട് തന്നെ ഒരു ഭക്ഷണപ്രിയനുമാണ്. പിന്നെ നന്നായി ഒന്നുറങ്ങും. എല്ലാം മറന്നുള്ള ഒരുറക്കം മാത്രം മതി, ചിലപ്പോഴൊക്കെ എത്ര വലിയ മടുപ്പില്‍ നിന്നും എനിക്കൊന്നുണരാന്‍...'- അദ്ദേഹം പറയുന്നു. 

വിഷാദത്തെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും ഇന്ന് ഏറെ പേര്‍ സംസാരിക്കുന്നുണ്ടെന്നും അത് വളരെ വലിയ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്ന ആര്‍ക്കെങ്കിലും ഊര്‍ജ്ജം പകരാനാകുമെന്ന് കരുതിയാണ് ഈ അനുഭവം തുറന്നുപറയുന്നതെന്നും അദ്ദേഹം ഒരഭിമുഖത്തിനിടെ പറഞ്ഞു.