എല്ലാക്കാലത്തും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രിയപ്പെട്ട വസ്ത്രമാണ് സാരി. ആ ഇഷ്ടത്തില്‍ നിന്ന് അത്ര പെട്ടെന്നൊന്നും സ്ത്രീകളുടെ മനസ് വിട്ടുപോരില്ല. സിനിമാമേഖലയിലും ഫാഷന്‍ മേഖലയിലുമെല്ലാം എല്ലാക്കാലവും താരമാണ് സാരി. എപ്പോഴും പുതിയ ഡിസൈനുകളും പുതിയ മെറ്റീരിയലുകളുമെല്ലാം ഇറങ്ങുമെങ്കിലും സാരിയെന്ന സങ്കല്‍പത്തിന് മാത്രം കളങ്കമില്ല. 

ബോളിവുഡില്‍ ഏത് കാലത്തും തിളങ്ങിനില്‍ക്കുന്ന നടിമാരുടെയെല്ലാം പ്രിയ വസ്ത്രം തന്നെ സാരി. അതുകൊണ്ടായിരിക്കാം സാരിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ബോളിവുഡ് ഫാഷന്‍ ഡിസൈനര്‍മാര്‍ക്ക് എപ്പോഴും പ്രത്യേക താല്‍പര്യമാണ്. 

ഇപ്പോള്‍ പ്രമുഖ ഡിസൈനറായ റിംസിം ഡാഡു ബോളിവുഡിന് പുതിയൊരു തരം സാരിയെ പരിചയപ്പെടുത്തിയിരിക്കുകയാണ്. 'മെറ്റല്‍' സാരിയെന്നാണ് ഇതിന്റെ പേര്. ഒറ്റനോട്ടത്തില്‍ ഇതിന്റെ പല്ലുവെല്ലാം മെറ്റല്‍ ആണെന്ന് തന്നെയാണ് നമുക്ക് തോന്നുക. അത്രയും ദൃഢതയോടെയാണ് ഞൊറിവുകളെല്ലാം തോളില്‍ കിടക്കുക. 

എന്നാല്‍ സംഗതി 'റിയല്‍ മെറ്റല്‍' അല്ല. ജെഴ്‌സിയിലും സില്‍ക്കിലും കോട്ടണിലും നെയ്‌തെടുക്കുന്ന സാരി തന്നെയാണ് ഇതും. മുടിനാരിഴയോളം വണ്ണം മാത്രമുള്ള മെറ്റല്‍ നാരുകള്‍ സൂക്ഷമതയോടെ അടുത്തടുത്തായി വച്ച് നെയ്‌തെടുത്താണ് ഇതിന്റെ ഒരു ഭാഗം ചെയ്യുന്നത്. ഇതാണ് ഒറ്റനോട്ടത്തില്‍ മെറ്റലായി തോന്നുന്നത്. 

ഐശ്വര്യ റായ്, ആലിയ ഭട്ട്, അനന്യ പാണ്ഡെ, സോനം കപൂര്‍ തുടങ്ങി ഒരുപിടി നടിമാരാണ് 'മെറ്റല്‍' സാരിയുടെ ആദ്യഘട്ട പരസ്യങ്ങളിലെത്തിയിരിക്കുന്നത്. വളരെ 'എലഗന്റ്' ആയ 'ലുക്ക്' ആണ് ഇത് നല്‍കുന്നത്. പാര്‍ട്ടി വെയര്‍ എന്ന തരത്തില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റാന്‍ വിപണിയിലും ഇവയ്ക്കായേക്കുമെന്നാണ് ഫാഷന്‍ മേഖലയിലെ വിലയിരുത്തല്‍.