ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഡ്രസിംഗ് മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ജാക്കറ്റ് കണ്ടെത്തി. മുറി വൃത്തിയാക്കാന്‍ കയറിയ ജീവനക്കാരനാണ് സംഗതി കണ്ടത്. തുടര്‍ന്ന് അയാള്‍ ജാക്കറ്റ് വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചു. എന്തെങ്കിലും സുരക്ഷാപ്രശ്‌നങ്ങളുണ്ടാകുമോ എന്ന സംശയത്തിലായിരുന്നു ജീവനക്കാരന്‍

ലോകത്തിലെ തന്നെ അറിയപ്പെടുന്ന വ്യാപാര ശൃംഖലയാണ് വാള്‍മാര്‍ട്ട്. വാള്‍മാര്‍ട്ടിന്റെ പെന്‍സില്‍വാനിയയിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം വിചിത്രമായ ഒരു സംഭവം നടക്കുകയുണ്ടായി. സംഗതി കേള്‍ക്കുമ്പോള്‍ കളിയായി തോന്നാമെങ്കിലും ഇപ്പോള്‍ ഇതിന്റെ പേരില്‍ പൊലീസ് കേസ് വരെ ആയിരിക്കുകയാണ്.

ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഡ്രസിംഗ് മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ജാക്കറ്റ് കണ്ടെത്തി. മുറി വൃത്തിയാക്കാന്‍ കയറിയ ജീവനക്കാരനാണ് സംഗതി കണ്ടത്. തുടര്‍ന്ന് അയാള്‍ ജാക്കറ്റ് വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചു. എന്തെങ്കിലും സുരക്ഷാപ്രശ്‌നങ്ങളുണ്ടാകുമോ എന്ന സംശയത്തിലായിരുന്നു ജീവനക്കാരന്‍.

എന്നാല്‍ ജാക്കറ്റ് തുറന്നുനോക്കിയതും അറച്ചുപോയി. ഒരു കുപ്പി നിറയെ ജീവനുള്ള മൂട്ടകള്‍. അടപ്പ് എങ്ങാന്‍ തുറന്നുപോയാല്‍ നാലുപാടും മൂട്ടകള്‍ അരിച്ചിറങ്ങും. എന്നാല്‍ ഭാഗ്യവശാല്‍ കുപ്പി അടഞ്ഞുതന്നെ ഇരിക്കുകയായിരുന്നു. വൈകാതെ ജീവനക്കാരന്‍ വിവരം മാനേജറെ അറിയിച്ചു. ഇതിനിടെ വീണ്ടും ഒരു കുപ്പി മൂട്ടയെ കൂടി ജീവനക്കാര്‍ അവിടെ നിന്ന് കണ്ടെത്തി.

സാധാരണഗതിയില്‍ വലിയ അസുഖങ്ങളൊന്നുമുണ്ടാക്കാന്‍ മൂട്ടയ്ക്ക് കഴിയില്ല. രക്തം കുടിക്കും, എന്തെങ്കിലും അലര്‍ജികളും ഉണ്ടാക്കും. അതിലധികം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇവയ്ക്ക് കഴിയില്ല. എന്നാല്‍ ചുരുങ്ങിയ സമയത്തിനകം തന്നെ പെറ്റുപെരുകുന്ന വിഭാഗമാണ് ഇവ. മാത്രമല്ല, വൃത്തിയില്ലായ്മയുടെ അടയാളമായാണ് ഇവയെ കണക്കാക്കുന്നത് തന്നെ. ഹൈപ്പര്‍ മാര്‍ക്കറ്റ് പോലൊരു സ്ഥലത്ത് നോക്കുന്നിടത്തെല്ലാം മൂട്ടയെ കാണുന്നതും, ആളുകളെ ഇത് കടിക്കുന്നതുമെല്ലാം ഒന്നോര്‍ത്തുനോക്കൂ.

അത്തരത്തില്‍ മനപ്പൂര്‍വ്വമായി അപമാനിക്കാന്‍ വേണ്ടി ആരോ ആസൂത്രണം ചെയ്ത് ഉപേക്ഷിച്ചുപോയതാണ് ഇവയെ എന്നാണ് ഇപ്പോള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ചുമതലയുള്ളവര്‍ പറയുന്നത്. സംഭവം ഇപ്പോള്‍ പൊലീസ് കേസായി മാറിയിരിക്കുകയാണ്. പ്രതിക്ക് വേണ്ടി ഊര്‍ജ്ജിത അന്വേഷണത്തിലാണ് പൊലീസ് എന്നും, അന്വേഷണത്തിന് വേണ്ടി എല്ലാ തരത്തിലും സഹകരിക്കുമെന്നും വാള്‍മാര്‍ട്ട് പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.