Asianet News MalayalamAsianet News Malayalam

ക്വാറന്റീന്‍ 'ഹൊറിബിള്‍' ആണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രസീല്‍ പ്രസിഡന്റിന് പക്ഷിയുടെ കടിയും...

കൊവിഡില്‍ വലിയ കാര്യമൊന്നുമില്ലെന്നും അതൊരു കൊച്ചുപനി മാത്രമാണെന്നുമായിരുന്നു അറുപത്തിയഞ്ചുകാരനായ ബൊല്‍സണാരോയുടെ പ്രതികരണം. പ്രതിരോധമാര്‍ഗമെന്ന നിലയ്ക്ക് മറ്റ് രാജ്യങ്ങളെല്ലാം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിയപ്പോള്‍ ബ്രസീലില്‍ മാത്രം അത്തരം നടപടികളുണ്ടായില്ല. എന്തിനധികം മാസ്‌ക് ധരിക്കുന്നതിനെ പോലും ബൊല്‍സണാരോ പരസ്യമായി നിഷേധിച്ചിരുന്നു

brazil president bitten by large bird while he is in under treatment for covid 19
Author
Brazil, First Published Jul 15, 2020, 9:46 PM IST

കൊവിഡ് 19 ഏറ്റവും വലിയ തിരിച്ചടികള്‍ നല്‍കിയ രാജ്യമാണ് ബ്രസീല്‍. പത്തൊമ്പത് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ ബ്രസീലില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 74,133 പേര്‍ മരിച്ചു. രാജ്യം ഇത്രയും കടുത്ത പ്രതിസന്ധിയിലേക്ക് കടക്കുന്ന സമയത്തും കൊവിഡ് 19നെ ഗൗരവമായി സമീപിക്കാതിരുന്ന ഭരണാധികാരിയായിരുന്നു ബ്രസീല്‍ പ്രസിഡന്റ് ജെയ്‍ർ ബൊല്‍സണാരോ. 

കൊവിഡില്‍ വലിയ കാര്യമൊന്നുമില്ലെന്നും അതൊരു കൊച്ചുപനി മാത്രമാണെന്നുമായിരുന്നു അറുപത്തിയഞ്ചുകാരനായ ബൊല്‍സണാരോയുടെ പ്രതികരണം. പ്രതിരോധമാര്‍ഗമെന്ന നിലയ്ക്ക് മറ്റ് രാജ്യങ്ങളെല്ലാം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിയപ്പോള്‍ ബ്രസീലില്‍ മാത്രം അത്തരം നടപടികളുണ്ടായില്ല. എന്തിനധികം മാസ്‌ക് ധരിക്കുന്നതിനെ പോലും ബൊല്‍സണാരോ പരസ്യമായി നിഷേധിച്ചിരുന്നു. 

ഏതായാലും ഒരാഴ്ച മുമ്പ് അദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ക്വാറന്റീനിലേക്ക് മാറിയ ബൊല്‍സണാരോ ഇതിനിടെ ക്വാറന്റീന്‍ ജീവിതം 'ഹൊറിബിള്‍' (ഭയാനകം) ആണെന്ന തരത്തിലുള്ള പ്രതികരണവും നടത്തി. ഇപ്പോഴിതാ ഇതിനെല്ലാമൊടുവില്‍ തന്റെ ഔദ്യോഗിക വസതിയിലെ ഉദ്യാനത്തില്‍ വച്ച് അദ്ദേഹത്തെ 'റിയ' എന്നയിനത്തില്‍പ്പെട്ട വമ്പന്‍ പക്ഷി കടിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

ക്വാറന്റീന്‍ വിരസത മാറ്റാന്‍ ഉദ്യാനത്തിലേക്കിറങ്ങിയതായിരുന്നു ബൊല്‍സണാരോ. അവിടെ വളര്‍ത്തുന്ന 'റിയ' പക്ഷികള്‍ ഉദ്യാനത്തിലുണ്ടായിരുന്നു. അവര്‍ക്ക് തീറ്റ നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രസിഡന്റിന് ഒരു പക്ഷിയില്‍ നിന്ന് കയ്യില്‍ കടിയേറ്റത്. 

'എമു' പക്ഷികളോട് ഏറെ സാമ്യതയുള്ള ഈ പക്ഷികള്‍ വലിപ്പത്തിന്റെ കാര്യത്തില്‍ മറ്റുള്ള പക്ഷികളെ വെല്ലുവിളിക്കും. സൗത്ത് അമേരിക്കയാണ് പ്രധാനമായും ഇവയുടെ കേന്ദ്രം. ആറടിയോളം ഉയരം വരെ ചാടാനും വളരെ വേഗതയില്‍ ഓടാനുമെല്ലാം ഇവയ്ക്കാകും. എന്നാല്‍ സാധാരണഗതിയില്‍ ഇവ മനുഷ്യരെ ആക്രമിക്കാറില്ല. 

എന്തായാലും സംഭവം വാര്‍ത്തയായതിന് പിന്നാലെ ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാനും തുടങ്ങിയിട്ടുണ്ട്. കൊവിഡ് 19ന്റെ കാര്യത്തില്‍ ഉദാസീനമായ നിലപാടെടുത്തതിനാല്‍ ബൊല്‍സണാരോയ്ക്ക് ഇപ്പോള്‍ വിമര്‍ശകരും ഏറെയാണ്.

 

 

Also Read:- ബ്രസീലിയൻ പ്രസിഡന്‍റ് ജെയ്ർ ബൊൽസൊണാരോയ്ക്ക് കൊവിഡ്...

Follow Us:
Download App:
  • android
  • ios