പാലക്കാട്: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കാറോടിച്ച് എത്തിയ നവ വധു. ഒപ്പം മുന്‍ സീറ്റില്‍ തന്നെ വരനും. ലോക്ക്ഡൗണ്‍ കാലത്ത് ഇങ്ങനെയുമാകാം വിവാഹ ചടങ്ങുകള്‍. ചിതലി സ്വദേശിയായ ഗ്രാഫിക് ഡിസൈനര്‍ ജിനുവും ഇന്‍ഫോസിസ് ജീവനക്കാരിയായ സനാറ്റയും വിവാഹം കഴിച്ചത് ഇന്നലെയാണ്. 

ചോറ്റാനിക്കരയില്‍ വച്ചായിരുന്നു താലികെട്ട്. അവിടുന്ന് നേരെ പാലക്കാട്ടെ ജിനുവിന്റെ വീട്ടിലേക്ക്. വിവാഹവേഷത്തില്‍ ജിനുവിനെ അടുത്തിരുത്തി മൂന്നരമണിക്കൂര്‍ കാറോടിച്ചത് സനാറ്റയാണ്. പലയിടത്തും പൊലീസ് പരിശോധനയുണ്ടായി. 

പാലക്കാട്ടെ വീട്ടില്‍ ആളുകളും ആരവങ്ങളുമില്ലായിരുന്നു. സ്വീകരിക്കാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. റിട്ടയേഡ് എസ് ഐ ജയപ്രകാശിന്റെയും കെ വി ലളിതയുടെയും മകനാണ് ജിനു. വെളിയനാട് ചീരക്കാട്ടില്‍ റിട്ടയേഡ് അധ്യാപകന്‍ ബാലകൃഷ്ണന്റെയും ഓമനയുടെയും മകളാണ് സനാറ്റ. 

കൊവിഡ് - ലോക്ക് ഡൗണ്‍ കാലത്ത് വളരെ ലളിതവും വ്യത്യസ്തവുമായ വിവാഹ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ 130 കിലോമീറ്റര്‍ കാറോടിച്ചെത്തി ഗൃഹപ്രവേശം നടത്തിയതും കൗതുകമാകുകയാണ്.