Asianet News MalayalamAsianet News Malayalam

'വീല്‍ചെയറിലിരിക്കുന്ന വധു, തൊട്ടടുത്ത് നില്‍ക്കുന്ന വരൻ'; ഇങ്ങനെയൊരു കാഴ്ച നിങ്ങള്‍ കണ്ടുകാണില്ല...

ഭിന്നശേഷിക്കാരായ പുരുഷന്മാര്‍ക്ക് അങ്ങനെയല്ലാത്ത പങ്കാളികളെ ലഭിക്കാൻ നമ്മുടെ സമൂഹത്തില്‍ അല്‍പം കൂടി അവസരങ്ങളുണ്ട്- എന്നാല്‍ ഭിന്നശേഷിക്കാരായ സ്ത്രീകളെ മറ്റ് ശാരീരികപ്രയാസങ്ങളില്ലാത്തവര്‍ പങ്കാളിയായി തെരഞ്ഞെടുക്കുന്നത് അത്ര സാധാരണമല്ല. 

bride in wheelchair a textile shops decision makes disabled people happy
Author
First Published Jan 31, 2023, 9:21 PM IST

വീല്‍ചെയറിലും മുറിക്കുള്ളിലുമായി ഒതുങ്ങിത്തീരുന്ന എത്രയോ മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും പുറത്തിറങ്ങാനും മറ്റുള്ളവരെ പോലെ ഇഷ്ടാനുസരണം സഞ്ചരിച്ച് സ്വന്തം കാര്യങ്ങള്‍ ചെയ്യാനുമൊന്നും ഇവര്‍ക്ക് സാധിക്കാത്തത് ഇവരെക്കൂടി ഉള്‍ക്കൊള്ളുന്ന ഘടനകള്‍ നമ്മുടെ സമൂഹത്തിലെ വിവിധ മേഖലകള്‍ക്ക് ഇല്ല എന്നതിനാലാണ്. 

വീടിന് പുറത്തിറങ്ങി കടകളില്‍ പോകാനോ, മറ്റൊരാളുടെ സഹായമില്ലാതെ സഞ്ചരിക്കാനോ, സ്വന്തം കാര്യങ്ങള്‍ ചെയ്യാനോ പോലും ഇവര്‍ക്ക് കഴിയാത്തത് ഇവരുടെ സഞ്ചാരത്തിന് സൗകര്യപ്രദമായ പാതകളോ കെട്ടിടങ്ങളോ ഒന്നുമില്ല എന്നതിനാലാണ്. 

അതുകൊണ്ട് തന്നെ ഇവരെപ്പോലുള്ള ഭിന്നശേഷിക്കാരെ പൊതുവിടങ്ങളില്‍ അങ്ങനെ കാണാൻ സാധിക്കില്ല. ഒരുപക്ഷേ ഈ കാഴ്ചയുടെ അഭാവമാകാം ഇവരെ പറ്റി അധികപേരും ഓര്‍ക്കുന്നതേ ഇല്ല. 

എന്നാല്‍ ഇവരും സമൂഹത്തിന്‍റെ ഭാഗം തന്നെയാണ്. വിദ്യാഭ്യാസം നേടാനും, സ്വതന്ത്രമായി തൊഴിലെടുക്കാനും മറ്റെല്ലായിടത്തും എത്തി സ്വന്തം കാര്യങ്ങള്‍ ചെയ്യാനുമെല്ലാം ഇവര്‍ക്കും അവകാശമുണ്ട്. പക്ഷേ സമൂഹം ഈ ആവശ്യത്തോട് മിക്ക സമയവും  പോസിറ്റീവായി പ്രതികരിക്കുന്നില്ല എന്നുതന്നെ പറയാം. 

ഇവിടെയാണ് മലപ്പുറം തിരൂരിലുള്ള ഫാമിലി വെഡ്ഡിംഗ് സെന്‍ററില്‍ നിന്ന് പകര്‍ത്തിയ ഏതാനും ചിത്രങ്ങള്‍ വ്യത്യസ്തമാകുന്നതും ചര്‍ച്ചകളില്‍ നിറയുന്നതും. 

വീല്‍ചെയറിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിച്ച് എത്താനും ഷോപ്പിംഗ് നടത്താനുമെല്ലാം സൗകര്യമൊരുക്കിയിരിക്കുകയാണ് ഈ ടെക്സ്റ്റൈല്‍ ഷോപ്പ്. 

'കിൻഷിപ്പ് ഫൗണ്ടേഷൻ' എന്ന സന്നദ്ധ സംഘടനയിലെ ഭിന്നശേഷിക്കാരിയായ അംഗത്തിന്‍റെ വീട്ടിലെ വിവാഹത്തിന് ഇവരടക്കം വീല്‍ചെയര്‍ ഉപയോഗിക്കുന്ന ഒരു സംഘം ഒന്നിച്ച് കടയിലെത്തിയതോടെയാണ് ഇതിന്‍റെ പ്രാധാന്യവും ആവശ്യകതയുമെല്ലാം ടെക്സ്റ്റെയില്‍സ് ഉടമസ്ഥര്‍ മനസിലാക്കുന്നത്. പിന്നീട് വൈകാതെ തന്നെ വീല്‍ചെയറിലെത്തുന്നവര്‍ക്ക് കടയില്‍ കയറി യഥേഷ്ടം ഷോപ്പിംഗ് നടത്താവുന്ന രീതിയില്‍ റാംപും മറ്റും സ്ഥാപിച്ചു. ഇവര്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് ഏരിയ സജ്ജീകരിച്ചു. ഇവര്‍ കടയിലെത്തി ഷോപ്പ് ചെയ്ത് പോകുന്നത് വരെ ഇവരെ അനുഗമിക്കാൻ ജീവനക്കാരുണ്ടായിരിക്കും.'

bride in wheelchair a textile shops decision makes disabled people happy

പദ്ധതിയുടെ ഉദ്ഘാടനദിവസം ടെക്സ്റ്റെയില്‍സുകാര്‍ ചെയ്ത മറ്റൊരു ചുവടുവയ്പാണ് അതിലുമേറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സാധാരണഗതിയില്‍ ടെക്സ്റ്റെയില്‍സ് ഷോപ്പുകളില്‍ വസ്ത്രങ്ങള്‍ ഡിസ്പ്ലേ ചെയ്യുന്നതിനായി പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയുമെല്ലാം ഡമ്മികളുപയോഗിക്കാറുണ്ടല്ലോ. എന്നാല്‍ തീര്‍ത്തും 'നോര്‍മല്‍' ആയ മനുഷ്യരൂപങ്ങളാണ് ഇത്തരത്തില്‍ ഡമ്മികളായി വരാറ്. അതേസമയം ഈ കടയില്‍ വീല്‍ചെയറിലിരിക്കുന്ന വധുവിന്‍റെ രൂപമാണ് ഇവര്‍ ഡിസ്പ്ലേ ചെയ്തത്. 

ഭിന്നശേഷിക്കാരായ പുരുഷന്മാര്‍ക്ക് അങ്ങനെയല്ലാത്ത പങ്കാളികളെ ലഭിക്കാൻ നമ്മുടെ സമൂഹത്തില്‍ അല്‍പം കൂടി അവസരങ്ങളുണ്ട്- എന്നാല്‍ ഭിന്നശേഷിക്കാരായ സ്ത്രീകളെ മറ്റ് ശാരീരികപ്രയാസങ്ങളില്ലാത്തവര്‍ പങ്കാളിയായി തെരഞ്ഞെടുക്കുന്നത് അത്ര സാധാരണമല്ല. 

'വളരെ പൊളിറ്റിക്കലായ ഒരു സ്റ്റേറ്റ്മെന്‍റായിട്ടാണ് ഈ ഡിസ്പ്ലേയെ ഞാൻ കാണുന്നത്. ഭിന്നശേഷിക്കരായ പെണ്‍കുട്ടികളെ വിവാഹം ചെയ്യാൻ തയ്യാറുള്ള നോര്‍മലായ പുരുഷന്മാരുണ്ട്. എണ്ണത്തില്‍ കുറവാണെങ്കില്‍ പോലും. അപ്പോഴും പക്ഷേ മറ്റുള്ളവര്‍ ഇവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കും. ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ സ്ത്രീകള്‍ ഭിന്നശേഷിക്കാര്‍ക്കിടയില്‍ തന്നെ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന വിഭാഗമാണ്. പലപ്പോഴും വിവാഹം- കുടുംബജീവിതം പോലുള്ള സ്വപ്നങ്ങള്‍ വീല്‍ചെയറിനെ ആശ്രയിച്ച് കഴിയുന്ന വനിതകള്‍ക്ക് ഉണ്ടാകാറില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ വീല്‍ചെയറിലിരിക്കുന്ന വധു എന്ന സങ്കല്‍പത്തിലൊരു ഡിസ്പ്ലേ ധൈര്യപൂര്‍വം വയ്ക്കുന്നത്. അത് വീല്‍ചെയറില്‍ കഴിയുന്ന എത്രയോ പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസവും ആവേശവും പകരുന്നതാണ്. ഞങ്ങള്‍ക്ക് പങ്കാളിയുമൊത്ത് ജീവിക്കാൻ യാതൊരു പ്രശ്നവുമില്ല. ഞങ്ങള്‍ക്കും കുടുംബജീവിതമാകാം. എന്നാല്‍ സമൂഹത്തിന്‍റെ കാഴ്ചപ്പാട് ഈ രീതിയില്‍ മാറുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം...'- സെറിബ്രല്‍ പാള്‍സിയെ തുടര്‍ന്ന് ചെറുപ്പം മുതല്‍ തന്നെ വീല്‍ ചെയറിനെ ആശ്രയിച്ച് കഴിയുന്ന കോഴിക്കോട് സ്വദേശി ശാദിയ പി കെ പറയുന്നു. എറണാകുളത്ത് ബിരുദവിദ്യാര്‍ത്ഥിയാണ് ശാദിയ. 

bride in wheelchair a textile shops decision makes disabled people happy


2018 മുതല്‍ തന്നെ തിരൂരില്‍ വ്യാപാരസ്ഥാപനങ്ങളും പൊതുവിടങ്ങളും വീല്‍ചെയര്‍ ഫ്രണ്ട്‍ലിയാക്കാൻ 'സ്നേഹതീരം വളണ്ടിയര്‍ വിംഗ്', 'കിൻഷിപ്പ് ഫൗണ്ടേഷൻ' കൂട്ടായ്മകള്‍ ശ്രമിച്ചുവരികയായിരുന്നു.  ഈ ക്യാംപയിൻ വലിയ രീതിയില്‍ വിജയം കണ്ടില്ലെന്നും എന്നാലിപ്പോഴുണ്ടായ മാറ്റം പ്രതീക്ഷ നല്‍കുന്നതാണെന്നും സന്നദ്ധ പ്രവര്‍ത്തകനായ റാസി പറയുന്നു. 'കിൻഷിപ്പ്' ഡയറക്ടര്‍ നാസര്‍ സിപി, 'സ്നേഹതീരം വളണ്ടിയര്‍ വിംഗ്' ചെയര്‍മാൻ സുധീഷ് നായത്ത് (ഇദ്ദേഹവും വീല്‍ചെയറിനെ ആശ്രയിച്ച് കഴിയുന്നയാളാണ് ), 'സ്നേഹതീരം വളണ്ടിയര്‍ വിംഗ് ' കണ്‍വീനര്‍ ഹബീബ് റഹ്മാൻ തുടങ്ങി നിരവധി പേരുടെ പ്രയത്നം ഇതിന് പിന്നിലുണ്ടെന്ന് റാസി പറയുന്നു. 

വിപ്ലവമോ പരസ്യമോ ഒന്നുമല്ല- മറിച്ച് മനുഷ്യത്വത്തിന്‍റെ പേരിലാണ് തങ്ങള്‍ ഇത്തരമൊരു മാറ്റത്തിലേക്ക് എത്തിയതെന്ന് ടെക്സ്റ്റെയില്‍സ് ഉടമസ്ഥരും പറയുന്നു.

'ഇങ്ങനെയുള്ള ആളുകളെ നമ്മള്‍ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തരുത്. പലരും ജന്മനാ വീല്‍ചെയറില്‍ ആയവരൊന്നും ആയിരിക്കില്ല. പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ സംഭവിക്കാം. അത് എന്തുതന്നെ ആണെങ്കിലും വീല്‍ചെയറില്‍ നിന്ന് തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചിട്ടുള്ള ആളുകളെ സംബന്ധിച്ച് പിന്നെയവര്‍ക്ക് പ്രതീക്ഷിക്കാനുള്ളത് നമ്മളെയാണ്. അവരെ നമ്മള്‍ നിരാശപ്പെടുത്തരുതല്ലോ. ഈയൊരു മനുഷ്യത്വത്തിന്‍റെ - അല്ലെങ്കില്‍ ധാര്‍മ്മികതയുടെ പേരില്‍ തന്നെയാണ് ഞങ്ങളിത് ചെയ്തത്. അല്ലാതെ പരസ്യമോ പേരോ ഒന്നും ലക്ഷ്യമിട്ടിട്ടില്ല. വിവിധയിടങ്ങളിലുള്ള ഞങ്ങളുടെ എല്ലാം ബ്രാഞ്ചുകളിലും വൈകാതെ ഈ സൗകര്യം വ്യാപിപ്പിക്കും. എല്ലാ കച്ചവടസ്ഥാപനങ്ങളും ഇതേ രീതിയില്‍ മാറ്റങ്ങള്‍ വരട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്...' ടെക്സ്റ്റെയില്‍സിന്‍റെ ജനറല്‍ മാനേജര്‍ എംകെബി മുഹമ്മദ് പറയുന്നു. മുഹമ്മദും ടെക്സ്റ്റെയില്‍സിന്‍റെ മറ്റ് ഉടമസ്ഥരുമെല്ലാം പ്രദേശത്തെ സന്നദ്ധപ്രവര്‍ത്തനങ്ങളിലെല്ലാം പങ്കാളികളാകുന്നവരാണ്. 

വീല്‍ചെയറിലിരിക്കുന്ന വധുവെന്ന ആശയത്തിലേക്ക് തങ്ങള്‍ തന്നെയാണ് ചിന്തിച്ച് എത്തിയതെന്നും അത് ചെറുതല്ലാത്ത സ്വാധീനം കാണുന്നവരിലെല്ലാം ഉണ്ടാക്കട്ടെയെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കൂടി മുഹമ്മദ് പറയുന്നു. 

Also Read:- 'രണ്ട് തവണ വീണു പരിക്കേറ്റു, ഈ റോഡൊന്ന് ശരിയാക്കി തരുമോ?' അധികൃതരോട് കേണപേക്ഷിച്ച് ഭിന്നശേഷിക്കാരനായ നൗഫൽ

Follow Us:
Download App:
  • android
  • ios