വിവാഹദിവസം മറ്റ് ദിവസങ്ങളില്‍ നിന്നെല്ലാം പ്രത്യേകമാകുന്നത് തന്നെ, അന്നേ ദിവസത്തെ പലവിധ ഒരുക്കമാനങ്ങള്‍ കൊണ്ടാണ്. മനോഹരമായ വസ്ത്രം, ആഭരണങ്ങള്‍, വിഭവസമൃദ്ധമായ ഭക്ഷണം, സമ്മാനങ്ങള്‍- ഇങ്ങനെ പോകുന്നു വിവാഹദിവസത്തെ നിറം പിടിപ്പിക്കുന്ന പരിപാടികള്‍. 

എന്നാല്‍ അത്രയും നിറം തന്റെ വിവാഹത്തിന് വേണ്ടെന്നാണ് ലാഹോറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി പറയുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു വ്യത്യസ്തമായ ഈ വിവാഹത്തിന്റെ വീഡിയോ പുറത്തുവന്നത്. തക്കാളി കൊണ്ടുള്ള ആഭരണങ്ങള്‍ മാത്രമണിഞ്ഞിരിക്കുന്ന വധുവാണ് വീഡിയോയിലുള്ളത്.

രണ്ടര മിനുറ്റോളം നീളുന്ന ചെറിയ അഭിമുഖത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് ഇതിനുള്ള കാരണം വിശദീകരിക്കുകയാണ് വധു. സ്വര്‍ണ്ണത്തിന് വിലക്കൂടുതലായതിനാലാണത്രേ തക്കാളി കൊണ്ടുള്ള ആഭരണങ്ങളാക്കാമെന്ന് തീരുമാനിച്ചത്. 

വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇതിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. വലിയൊരു വിഭാഗം വ്യത്യസ്തമായ തീരുമാനമെടുത്ത വധുവിന് ആശംസകളും അഭിനന്ദനവും അറിയിച്ചപ്പോള്‍ വീഡിയോ വ്യാജമാണെന്നും ഇത് യഥാര്‍ത്ഥ വിവാഹമാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും വാദിച്ച് മറ്റൊരു വിഭാഗവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.