'ഞാന്‍ പതിവായി അണിയുന്നതാണ് ഈ യൂണിഫോം. അതുകൊണ്ട് തന്നെ എനിക്ക് ഇത് മതിയെന്ന് തീരുമാനിച്ചു. യുദ്ധം അതിന്‍റെ വഴിക്ക് മുന്നോട്ട് പോകും. ജീവിതം നഷ്ടപ്പെടുത്താന്‍ സാധിക്കില്ലല്ലോ...'

വിവാഹമെന്നാല്‍ അത് മതിറന്ന് ( Wedding Day ) ആഘോഷിക്കാനുള്ള, എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള സന്തോഷങ്ങളെ ഒന്നിച്ചുകൂട്ടാനുള്ള ദിവസമായാണ് ഏവരും കരുതാറ്. എന്നാല്‍ ആഘോഷങ്ങള്‍ക്കോ, സന്തോഷങ്ങള്‍ക്കോ സാധ്യതയില്ലാത്ത ഒരിടത്ത് നടക്കുന്ന വിവാഹമാണെങ്കിലോ? 

അതെ യുദ്ധമുഖത്ത് നിന്നുള്ള വധൂവരന്മാരുടെ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. വിദേശ വാര്‍ത്താ ഏജന്‍സികളാണ് യുക്രൈയിനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

റഷ്യ- യുക്രൈന്‍ ( Ukraine Russia ) യുദ്ധം തുടരവേ നടന്ന പട്ടാളക്കാരുടെ വിവാഹമാണ് ( Wedding Day ) വാര്‍ത്താശ്രദ്ധ നേടുന്നത്. റഷ്യന്‍ ആക്രമണം താരതമ്യേന കുറവുള്ള ഒരിടത്ത് വച്ച് നടന്ന ലളിതമായ ചടങ്ങില്‍ വധൂവരന്മാര്‍ പട്ടാള യൂണിഫോം തന്നെ അണിഞ്ഞതാണ് ഏറെ ശ്രദ്ധേയമായത്. 

'ഞാന്‍ പതിവായി അണിയുന്നതാണ് ഈ യൂണിഫോം. അതുകൊണ്ട് തന്നെ എനിക്ക് ഇത് മതിയെന്ന് തീരുമാനിച്ചു. യുദ്ധം അതിന്‍റെ വഴിക്ക് മുന്നോട്ട് പോകും. ജീവിതം നഷ്ടപ്പെടുത്താന്‍ സാധിക്കില്ലല്ലോ'- ഇരുപത്തിയെട്ടുകാരിയായ ഒരു വധു ക്രിസ്റ്റീന ല്യൂട്ട പറയുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് യുദ്ധമുഖത്ത് വച്ച് തന്നെയാണ് വരന്‍ വ്ളോദിമിര്‍ മൈക്കല്‍ചകിനെ ക്രിസ്റ്റീന കണ്ടുമുട്ടിയത്. 

തങ്ങളുടേത് ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും പരസ്പരം ഇഷ്ടമായതിനാല്‍ ഒരുമിച്ച് കഴിയാനായാണ് വിവാഹിതരായതെന്നും സൈനികനായ വ്ളോദിമിര്‍ പറയുന്നു. 

എവിടെ വച്ച്, എങ്ങനെ എന്നതിന് വലിയ പ്രാധാന്യമില്ലെന്നും, അവരവര്‍ക്ക് വേണ്ടി ഒരു കുടുംബം കണ്ടെത്താന്‍ കഴിയുകയെന്നതാണ് പ്രധാനമെന്നും മറ്റൊരു വധുവായ ക്രിസ്റ്റീന പറയുന്നു. സൈനികനായ വിറ്റയ്ലി ഓര്‍ലിച് ആണ് ക്രിസ്റ്റീനയുടെ വരന്‍. 

വിവാഹശേഷം നാല് പേരും ജോലിയിലേക്ക് തന്നെയാണ് തിരിച്ചുപോകുന്നത്. അവധി കൊടുക്കാന്‍ നിര്‍വാഹമില്ലെന്നും എന്നാല്‍ പോരാട്ടത്തിന്‍റെ മുന്‍നിരയില്‍ നിന്ന് താല്‍ക്കാലികമായി ഇവരെ പിന്‍വലിക്കുമെന്നും ബ്രിഗേഡ് കമാന്‍ഡര്‍ അലക്സാണ്ടര്‍ ഒക്രിമെങ്കോ പറയുന്നു. എന്തായാലും യുദ്ധമുഖത്ത് ( Ukraine Russia ) നിന്നുള്ള വധൂവരന്മാരുടെ ചിത്രങ്ങള്‍ ഒരേസമയം പ്രതീക്ഷയും വേദനയും പകരുന്നവ തന്നെയാണ്. 

യുദ്ധം തകിടം മറിച്ച യുക്രൈയ്നില്‍ വലിയ രീതിയില്‍ ഭക്ഷ്യക്ഷാമവും പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. യുദ്ധം അധികം ബാധിക്കാത്ത മേഖലകളിലാണ് ഇപ്പോള്‍ ജനം താമസിക്കുന്നത്. എങ്കിലും ഏത് നിമിഷം വേണമെങ്കില്‍ ജീവിതം തകര്‍ന്നടിയാമെന്ന ആശങ്ക ഇവരെ അലട്ടുന്നു. 

Also Read:- വിവാഹച്ചടങ്ങിനിടെ വരന്‍ കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞു; പിന്മാറി വധു