ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ അവരുടെ സര്‍വീസിന്‍റെ അവസാനദിനത്തില്‍ അല്‍പം വികാരഭരിതരാകുന്നത് സ്വാഭാവികമാണ്. എത്രയോ വര്‍ഷങ്ങള്‍ തങ്ങള്‍ ജീവിച്ച ചുറ്റുപാടുകള്‍, സഹപ്രവര്‍ത്തകര്‍,ചെയ്തുവന്ന ജോലി എല്ലാം വിട്ടകന്ന് മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയാണവര്‍. തീര്‍ച്ചയായും ഏതൊരു മനുഷ്യനിലും അല്‍പം ദുഖമോ, വേദനയോ ഉണ്ടാകാവുന്ന സന്ദര്‍ഭം തന്നെയാണിത്. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണുന്നു, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും കണ്ടുകഴിഞ്ഞാല്‍ ഉടൻ തന്നെ നാം മറന്നുപോകുന്ന, അത്രയും ലാഘവത്തിലുള്ള ഉള്ളടക്കമുള്ളവ ആയിരിക്കും. 

എന്നാല്‍ ചില വീഡിയോകള്‍ അങ്ങനെയല്ല. കാഴ്ചയ്ക്കൊപ്പം അത് മനസിനെയും കടന്നുപിടിക്കും. ഒരുപക്ഷേ ആഴത്തില്‍ നമ്മെ സ്പര്‍ശിക്കും. ഒരുപാട് നാള്‍ വീണ്ടും വീണ്ടുമോര്‍ക്കും. ചിലപ്പോള്‍ മുന്നോട്ടുള്ള യാത്രയില്‍ നമുക്ക് പ്രചോദനമാകാനോ പ്രതീക്ഷയാകാനോ വരെ നമ്മെ ഇവ സ്വാധീനിക്കാം. 

അത്തരത്തില്‍ കാഴ്ചക്കാരെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ അവരുടെ സര്‍വീസിന്‍റെ അവസാനദിനത്തില്‍ അല്‍പം വികാരഭരിതരാകുന്നത് സ്വാഭാവികമാണ്. എത്രയോ വര്‍ഷങ്ങള്‍ തങ്ങള്‍ ജീവിച്ച ചുറ്റുപാടുകള്‍, സഹപ്രവര്‍ത്തകര്‍,ചെയ്തുവന്ന ജോലി എല്ലാം വിട്ടകന്ന് മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയാണവര്‍. തീര്‍ച്ചയായും ഏതൊരു മനുഷ്യനിലും അല്‍പം ദുഖമോ, വേദനയോ ഉണ്ടാകാവുന്ന സന്ദര്‍ഭം തന്നെയാണിത്. 

സമാനമായ രീതിയില്‍ വിരമിക്കുന്ന ദിവസം ഒരു ബസ് ഡ്രൈവര്‍ വികാരധീനനായി തന്‍റെ ജോലിയോടും അതിന്‍റെ പരിസരങ്ങളോടും യാത്ര ചോദിക്കുന്നതാണ് ഈ വീഡിയോയുടെ ഉള്ളടക്കം. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷന്‍റെ കീഴില്‍ മുപ്പത് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തുവന്ന മുത്തുപാണ്ഡിയാണ് വീഡിയോയിലുള്ളത്.

മധുരൈ സ്വദേശിയാണ് അറുപതുകാരനായ മുത്തുപാണ്ഡി. അവസാന ദിവസം അവസാനത്തെ ട്രിപ്പും കഴിഞ്ഞ് ബസില്‍ നിന്ന് ഇറങ്ങുകയാണ് ഇദ്ദേഹം. സ്റ്റിയറിംഗ് വിട്ട്, ഡ്രൈവിംഗ് സീറ്റ് വിട്ട് എന്നെന്നേക്കുമായി ഇറങ്ങുകയാണ്. കൈ വിറയ്ക്കുന്നതും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹം പകയ്ക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്.

ശേഷം സ്റ്റിയറിംഗില്‍ കിടന്ന് അതില്‍ ചുംബിക്കുന്നു. പിന്നെ തൊഴുതുകൊണ്ട് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നു. തുടര്‍ന്ന് വര്‍ഷങ്ങളോളം താൻ സാരഥിയായിരുന്ന ബസില്‍ നിന്ന് ഇറക്കം. പടിയിറങ്ങി, ആ പടിയിലും തൊട്ടുതൊഴുത് നേരെ വണ്ടിയുടെ മുമ്പിലേക്കാണ് നടപ്പ്. 

വണ്ടി തൊട്ട് തൊഴുത് അല്‍പനേരം നിന്ന ശേഷം പിന്നീട് വണ്ടിയിലേക്ക് ചാഞ്ഞുകിടക്കുകയാണ്. ഇരുകയ്യും നീട്ടിവച്ച് കെട്ടിപ്പിടിക്കുന്നത് പോലെ ബസിനെ തൊടുന്നു. പിന്നീട് പൊട്ടിക്കരയുന്ന മുത്തുപാണ്ഡിയെ ആണ് നമുക്ക് കാണാനാവുക. ആരുടെയും മനസിനെ തൊടുന്ന രംഗമെന്ന് തന്നെ പറയാം. 

'ഞാൻ ഈ ജോലിയെ അത്രക്കും ഇഷ്ടപ്പെട്ടിരുന്നു. എന്‍റെ ആദ്യഭാര്യയാണ് ഈ ജോലിയെന്ന് പറയാം. പിന്നെയാണ് വിവാഹം കഴിയുന്നതും മക്കളുണ്ടാകുമെന്നതുമെല്ലാം. എനിക്ക് ജീവിതം അന്തസ് എല്ലാം തന്നത് ഈ ജോലിയാണ്. മുപ്പത് വര്‍ഷത്തെ സര്‍വീസില്‍ നിന്ന് എല്ലാവിധ സംതൃപ്തിയോടും കൂടി നിറഞ്ഞ മനസോടെയാണ് ഞാൻ പോകുന്നത്. എന്‍റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി ആശംസകള്‍...'- മുത്തുപാണ്ഡി പറയുന്നു. 

മാധ്യമപ്രവര്‍ത്തകനായ നൗഷാദ് ആണ് മുത്തുപാണ്ഡ‍ിയുടെ വീഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചത്. ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. വീഡിയോ കണ്ണ് നനയിച്ചുവെന്നും വീണ്ടും കണ്ടുവെന്നും ഇത് കാണുമ്പോഴേ അദ്ദേഹത്തിന് ജോലിയോടുള്ള ആത്മാര്‍ത്ഥത മനസിലാകുന്നുണ്ടെന്നുമെല്ലാം കമന്‍റില്‍ പലരും കുറിച്ചിരിക്കുന്നു.

വീഡിയോ കാണാം...

Scroll to load tweet…

Also Read:- ട്രാഫിക് സിഗ്നലില്‍ ഇഷ്ടം പോലെ സമയം; ബസ് ഡ്രൈവര്‍ ചെയ്യുന്നത് എന്താണെന്ന് നോക്കിക്കേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Kannur train fire | Kerala School Opening | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News