കാനഡ: കാനഡയില്‍ ഒരു വഴിയാത്രക്കാരൻ മഞ്ഞിനുള്ളില്‍ ഉറഞ്ഞുപോയ മൂന്നു പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. കെന്‍ഡാല്‍ ദിവിസ്‌ക് എന്ന യുവാവാണ് പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിച്ചത്.

ജനുവരി 22ന് ആല്‍ബെര്‍ട്ടയ്ക്ക് സമീപമുള്ള തൊമഹൗകിലെ ഒരു എണ്ണകിണർ പരിശോധിക്കാന്‍ എത്തിയതായിരുന്നു കെന്‍ഡാല്‍ ദിവികസ്‌ക് എന്ന യുവാവ്. കടന്നുപോകുന്ന വഴിയില്‍ ഇരിക്കുന്ന മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ കണ്ട് കെന്‍ഡാല്‍ അവിടേക്ക് എത്തി. മഞ്ഞില്‍ വാലുകള്‍ ഉറച്ചുപോയ നിലയിലായിരുന്നു. പൂച്ചക്കുഞ്ഞുങ്ങൾക്ക് ഒന്ന് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥ.

യുവാവ് വാഹനത്തിലിരുന്ന ഫ്‌ളാസ്‌കില്‍ നിന്നും ചൂടു കാപ്പി കൊണ്ടുവെന്ന് പൂച്ചകുഞ്ഞുങ്ങളുടെ വാലില്‍ ഒഴിച്ചു. മഞ്ഞ് ഉരുകിത്തുടങ്ങിയതോടെ കെന്‍ഡാല്‍ അവയെ മഞ്ഞില്‍ നിന്ന് പൊക്കിയെടുക്കുകയായിരുന്നു. പൂച്ചക്കുഞ്ഞുങ്ങൾ ആ  ചൂടുകാപ്പി ആര്‍ത്തിയോടെ നക്കിതുടച്ചു. പൂച്ചക്കുഞ്ഞുങ്ങളെ യുവാവ് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം നല്‍കി. കെന്‍ഡാല്‍ തന്നെയാണ് ഈചിത്രങ്ങളും വീഡിയോയും ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. 

ആരെങ്കിലും പൂച്ചക്കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആ​ഗ്രഹിക്കുന്നുണ്ടൊയെന്നും യുവാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.  മൂന്നു പേരെയും ഒരുമിച്ച് സ്വീകരിക്കാന്‍ കഴിയണമെന്നും അവരെ ഒരിക്കലും വേര്‍പിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെന്‍ഡാല്‍ വ്യക്തമാക്കിയിരുന്നു. ഇവർ മൂന്ന് പേരും ഭക്ഷണം കഴിച്ച് വളരെ സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്നും കെന്‍ഡാല്‍ പോസ്റ്റ് ചെയ്തു. പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിച്ച കെന്‍ഡാലിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.