ക്യാന്‍സര്‍ രോഗത്തെ പലപ്പോഴും വലിയ ഭീതിയോടെയും ആശങ്കയോടെയും സമീപിക്കുന്ന പ്രവണതയാണ് ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ചവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെയും ജീവിതത്തോടുള്ള കാഴ്ചപ്പാടില്‍ അവര്‍ക്കുണ്ടായ 'പൊസിറ്റീവ്' ആയ മാറ്റങ്ങളെക്കുറിച്ച് നിരന്തരം സംവദിക്കുന്നതിലൂടെയും ഈ സമീപനത്തിന് ചില വ്യത്യാസങ്ങളൊക്കെ വന്നുചേരുന്നുണ്ട്. 

ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു പേരാണ് നടി മനീഷ കൊയ്‍രാളയുടേത്. 2012ലാണ് മനീഷയ്ക്ക് അണ്ഡാശയ ക്യാന്‍സറാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. അതിന് ശേഷം ചികിത്സയില്‍ തന്നെയായിരുന്നു താരം. ചികിത്സയെല്ലാം പൂര്‍ത്തിയാക്കിയ ശേഷം രോഗം പൂര്‍ണ്ണമായി ഭേദമായി, വീണ്ടും സമൂഹമാധ്യമങ്ങളില്‍ സജീവമായ മനീഷ പിന്നീടിങ്ങോട്ട് മുഴുവന്‍ ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുമെല്ലാമാണ് ഏറെയും ആരാധകരുമായി പങ്കുവച്ചത്. 

മനീഷയുടെ ഇന്‍സ്റ്റഗ്രാം പേജ് ഒന്ന് സന്ദര്‍ശിച്ചുനോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. അധികവും യാത്രകളുടെ ചിത്രങ്ങളും 'പൊസിറ്റീവ്' ആയി നിലനില്‍ക്കാന്‍ ആവശ്യമായ പ്രചോദനങ്ങളും തന്നെയാണ് മനീഷയുടെ ഇന്‍സ്റ്റ പോസ്റ്റുകള്‍ മുഴുവനും. 

കഴിഞ്ഞ ദിവസവും അത്തരത്തിലുള്ള ചില ചിത്രങ്ങളും വീഡിയോകളും മനീഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. കാട്ടിലേക്കുള്ള വഴിയും, അതിലൂടെയുള്ള ശാന്തമായ യാത്രയുമാണ് ചിത്രങ്ങളിലും വീഡിയോയിലുമുള്ളത്. കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ 'മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്...' എന്ന പ്രശസ്തമായ വരികള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇക്കുറി കാട്ടിലേക്കുള്ള യാത്രയുടെ വിശേഷങ്ങള്‍ മനീഷ പങ്കുവച്ചിരിക്കുന്നത്. 

 

 

കാട്ടിലേക്കുള്ള യാത്രകള്‍ നമ്മുടെ മാനസികാരോഗ്യത്തെ ഏറെ ത്വരിതപ്പെടുത്തുമെന്ന് നിരവധി പഠനങ്ങള്‍ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ എങ്കിലും ഇത്തരമൊരു യാത്രയും അതിന്റെ ശാന്തതയും അനുഭവിക്കുന്നതിലൂടെ ദൈനംദിനജീവിതത്തിന്റെ മാനസിക സമ്മര്‍ദ്ദങ്ങളെ അല്‍പമെങ്കിലും അടക്കിനിര്‍ത്താനാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ഇപ്പോള്‍ ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളുമെല്ലാം ആയതിനാല്‍ യാത്രകള്‍ സാധ്യമല്ല. എങ്കിലും യാത്രകളോടുള്ള ഇഷ്ടവും ആവേശവും കെട്ടുപോകുന്നില്ലല്ലോ. ഏതായാലും ഇക്കാര്യത്തില്‍ മനീഷ ഏറ്റവും ഉത്തമമായ മാതൃക തന്നെയാണ്. അവനവനെ സന്തോഷപ്പെടുത്തുന്നതിനുള്ള ഉപാധികള്‍ അവനവന്‍ തന്നെ കണ്ടെത്തണമെന്നതാണ് മനീഷയുടെ നയം. 

ക്യാന്‍സര്‍ അതിജീവനത്തിന് ശേഷം ആ അനുഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് എഴുതിയ 'ഹീല്‍ഡ്' എന്ന മനീഷയുടെ പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനോടൊപ്പം തന്നെ പല വേദികളിലും പ്രചോദനപരമായ സംഭാഷണങ്ങളും ചര്‍ച്ചകളും നടത്തുന്നതിനും മനീഷ ക്ഷണിക്കപ്പെട്ടിരുന്നു.

Also Read:- 'ഈ ലോക്ക്ഡൗൺ കാലം അപ്പാർട്ട്മെന്റിൽ അടച്ചിട്ട ക്യാൻസർ ചികിത്സാ ദിനങ്ങളെ ഓർമിപ്പിക്കുന്നു': മനീഷ കൊയ്‍രാള...