സിസിടിവി വ്യാപകമായതോടെ തന്നെ മിക്കവാറും മോഷ്ടാക്കളും വെട്ടിലായിത്തുടങ്ങിയതാണ്. ക്യാമറയുടെ കണ്ണ് വെട്ടിച്ച് മോഷണം നടത്തല്‍ അത്ര എളുപ്പമുള്ള ജോലിയുമല്ലല്ലോ! എത്ര ശ്രമിച്ചാലും ഏതെങ്കിലുമൊരു ക്യാമറ, കുരുക്കുമായി കാത്തിരിക്കുമെന്ന അവസ്ഥയും ആയി. 

എന്നാലോ, ചില മോഷ്ടാക്കള്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമേയല്ലെന്ന ഭാവമാണ്. അതുകൊണ്ടാണല്ലോ, ഇടയ്ക്കിടെ സിസിടിവിയില്‍ പതിഞ്ഞ കള്ളന്മാരുടെ വീഡിയോകള്‍ നമ്മള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കണ്ട് രസിക്കുന്നത്. 

അത്തരമൊരു വീഡിയോ ആണ് കാലിഫോര്‍ണിയയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മോഷ്ടിക്കാന്‍ കയറിയ റെസ്‌റ്റോറന്റില്‍ പിസയുണ്ടാക്കി കഴിക്കുന്ന കള്ളനാണ് വീഡിയോയിലുള്ളത്. കളിത്തോക്കുമായി റെസ്‌റ്റോറന്റില്‍ കയറിയ ശേഷം പണം സൂക്ഷിച്ചിരുന്ന ഷെല്‍ഫ് തകര്‍ത്ത് അതില്‍ നിന്ന് നാല്‍പതിനായിരം രൂപയോളം കവര്‍ന്നിരുന്നു. 

ഇതിന് പുറമെ ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബിര്‍ ബോട്ടിലുകള്‍ എന്നിവയും മോഷണമുതലായി മാറ്റിവച്ചു. ഇതിനിടെ അടുക്കളയില്‍ കയറി, പതിയെ പിസയുണ്ടാക്കാന്‍ തുടങ്ങി. ഈ വീഡിയോ ആണ് പ്രതി പിടിയിലായ ശേഷം പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. വളരെ ആധികാരികമായാണ് കള്ളന്‍ പിസ തയ്യാറാക്കുന്നത്. 

പിസയ്ക്ക് വേണ്ട മാവ് തയ്യാറാക്കുന്നതെല്ലാം കാണുമ്പോള്‍ പിസ തയ്യാറാക്കുന്നതില്‍ നല്ല മുന്‍പരിചയമുള്ളയാളാണെന്നാണ് തോന്നുന്നതെന്ന് റെസ്‌റ്റോറന്റ് മാനേജര്‍ തമാശ രൂപേണ പറയുന്നു. എന്നാല്‍ മോഷണം നടന്ന് പിറ്റേന്ന് കടയിലെത്തിയപ്പോള്‍ തങ്ങള്‍ ആകെ ഭയപ്പെടുകയാണുണ്ടായതെന്നും ഫുഡ് ഡെലിവെറിക്കായി ഉപയോഗിക്കുന്ന വാഹനവും കൊണ്ടാണ് അവസാനം മോഷ്ടാവ് പോയതെന്നും മാനേജര്‍ പറയുന്നു. 

ഈ വാഹനമുള്‍പ്പെടെ ചില തൊണ്ടിമുതലുകള്‍ പ്രതിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും മോഷ്ടിക്കാന്‍ കയറിയ റെസ്‌റ്റോറന്റില്‍ 'കുക്കിംഗ്' നടത്തിയ കള്ളന്റെ വീഡിയോ ഇപ്പോള്‍ നാട്ടില്‍ വൈറലാണ്. നിരവധി പേരാണ് രസകരമായ വീഡിയോ വീണ്ടും പങ്കുവയ്ക്കുന്നതും. 

വീഡിയോ കാണാം...

 

Also Read:- ഭക്ഷണം എത്തിച്ചുവെന്നറിയിക്കാന്‍ ഫോട്ടോ; ശേഷം ഡെലിവറി ഡ്രൈവര്‍ ചെയ്തത്...