ലോകരാജ്യങ്ങളെ ആകെയും പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് എന്ന രോഗകാരിയുടെ ഉറവിടമായി കരുതപ്പെടുന്നത് ചൈനയിലെ വുഹാന്‍ പട്ടണമാണ്. വുഹാനിലെ ഒരു മാംസ മാര്‍ക്കറ്റില്‍ നിന്നുമാണ് വൈറസ് ഉത്ഭവിച്ചതെന്നാണ് വിലയിരുത്തല്‍. 

എന്നാല്‍ വൈറസ് ലോകമൊട്ടാകെ പടര്‍ന്നുപിടിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ വിദഗ്ധരുടെ ഈ നിരീക്ഷണത്തിനെതിരാവുകയാണ് ചൈന. ആദ്യമായി കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണെന്നത് കൊണ്ട് വൈറസിന്റെ ഉറവിടവും ചൈനയാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് വാദം. 

അടുത്ത ദിവസങ്ങളിലായി ചൈനീസ് മാധ്യമങ്ങളൊക്കെ തന്നെ ഈ വാദമാണ് മുന്നോട്ടുവയ്ക്കുന്നത്. മറ്റേതെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്ന് ചൈനയിലെത്തിയതാകാം കൊറോണ വൈറസ് എന്നാണ് പ്രധാന അവകാശവാദം. 

ഇന്ത്യയുള്‍പ്പെടെ പലയിടങ്ങളില്‍ നിന്നായി ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്നും ഇതുപോലെ പുറത്തുനിന്ന് രാജ്യത്തേക്ക് എത്തിയതാകാം വൈറസ് എന്നുമാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരോക്ഷമായി ഇന്ത്യക്ക് നേരെയാണ് ചൈന വിരല്‍ചൂണ്ടുന്നത്. 

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ചില ഇന്ത്യന്‍ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് ചൈന താല്‍ക്കാലികമായി ഇറക്കുമതി അനുമതി നിഷേധിച്ചിരുന്നു. ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയെന്ന വാദത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് വൈറസിന്റെ ഉറവിടം സംബന്ധിച്ച സംശയങ്ങള്‍ ചൈന പങ്കുവയ്ക്കുന്നത്. 

'വൈറസിന്റെ ഉറവിടം ചൈനയാണെന്ന് ഉറപ്പിക്കാനാവില്ല. അത് എവിടെ നിന്നുമാകാം. ഒരു സ്ഥിരീകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെങ്കില്‍ സൂക്ഷ്മമായ പഠനം ആവശ്യമാണ്...'- ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയാന്‍ പറയുന്നു. 

വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്നാണ് വൈറസ് പുറത്തുകടന്നതെന്ന ആരോപണവും ഇതിനിടെ സജീവമായിരുന്നു. അമേരിക്കയാണ് പ്രധാനമായും ഈ ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ വാദവും ചൈന പരിപൂര്‍ണ്ണമായി തള്ളുകയാണ് ചെയ്തത്. 

Also Read:- '2021 പകുതിയാകുമ്പോഴേക്ക് 10 കൊവിഡ് വാക്‌സിന്‍ എത്തും'...