കലശലായി ടോയ്‌ലറ്റിൽ പോകാൻ മുട്ടിയപ്പോഴാണ്, ലീ എന്ന ചൈനീസ് പൗരൻ, അയാൾ തങ്ങിയിരുന്ന ഹോട്ടലിലെ അറ്റാച്ച്ഡ് ബാത്‌റൂമിൽ കയറിയത്. യൂറോപ്യൻ ടോയ്‌ലെറ്റ് ഉപയോഗിച്ച് പരിചയമില്ലാതിരുന്നതിനാൽ, നാട്ടിലെ പതിവുപോലെ കുന്തിച്ചായിരുന്നു അദ്ദേഹത്തിന്റെ ഇരിപ്പ്. എന്നാൽ, കാര്യസാധ്യം പാതിവഴി എത്തിയപ്പോഴേക്കും, ഒരു ഉഗ്രസ്ഫോടന ശബ്ദത്തോടെ ആ കമ്മോഡ് തകർന്നു വീണു. ഇരുന്ന ഇരുപ്പിന് താഴെ നിലത്ത് പൊട്ടിയ സെറാമിക്കിനു മുകളിലേക്ക് വന്നു വീണ അയാളുടെ ആസനത്തിൽ തന്നെ ആ മൂർച്ചയുള്ള കഷ്ണങ്ങൾ തുളച്ചു കയറി. ഇരുപത് സ്റ്റിച്ച് ഇടേണ്ടി വന്നു അയാൾക്ക്. ചൈനയുടെ വടക്കൻ പ്രവിശ്യയായ തായ്യുവാനൈൽ ഡാഷാങ് ഹോട്ടലിൽ ആണ് സംഭവം. 

ഒരുവിധം എഴുന്നേറ്റ് ഫോണിനടുത്തേക്ക് പോയ അയാൾ റിസപ്‌ഷനിൽ വിളിച്ച് കാര്യം പറഞ്ഞു. അവർ അയാളെ ആശുപത്രിയിൽ എത്തിച്ചു. തുടക്കത്തിൽ പലവട്ടം ക്ഷമ ചോദിക്കുകയും, ആശുപത്രിവാസത്തിനും ചികിത്സക്കുമൊക്കെ വേണ്ട ചെലവുകൾ ഒക്കെ വഹിക്കാമെന്നേൽക്കുകയും ഒക്കെ ചെയ്ത ഹോട്ടൽ അധികൃതർ ലീയുടെ വായിൽ നിന്ന് ഒരു കാര്യം വീണതോടെ നേരെ തിരിഞ്ഞു. 

താൻ ഇരുന്നത് നാട്ടിലെ ടോയ്‌ലെറ്റിൽ ഇരിക്കും കണക്ക് കുന്തിച്ചുകൊണ്ടാണ് എന്ന് അയാൾ പറഞ്ഞതും ഹോട്ടൽ മാനേജ്‌മെന്റ് അതുവരെ പറഞ്ഞതിന് നേരെ വിപരീതമായി ചികിത്സാ ചെലവ് വഹിക്കില്ല എന്നായി. മാത്രവുമല്ല, നേരല്ലാത്ത വിധത്തിൽ ചെന്നിരുന്ന് തങ്ങളുടെ ഹോട്ടലിലെ കമ്മോഡ് തകർത്തതിന് നഷ്ടപരിഹാരം അങ്ങോട്ട് നൽകണം എന്നായി അവർ. കമ്മോഡിൽ ഇപ്പോഴും ലീയുടെ ഷൂസിന്റെ പാടുകൾ ഉണ്ടെന്നാണ് ഹോട്ടൽ അധികൃതരുടെ വാദം.

എന്നാൽ, സംഗതി തിരിഞ്ഞതോടെ താൻ അങ്ങനെ പറഞ്ഞിട്ടേയില്ല എന്നും, നേരെ തന്നെ ഇരിക്കുമ്പോൾ തന്നെയാണ് കമ്മോഡ് തകർന്നത് എന്നും, തന്റെ ചെലവുകൾ വഹിക്കുകയും തനിക്ക് നഷ്ടപരിഹാരം തരികയും ചെയ്യാൻ ഹോട്ടൽ അധികൃതർക്ക് ബാധ്യതയുണ്ട് എന്നുമാണ് ഇപ്പോൾ ലീ പറയുന്നത്.