ബീജിങ്: വിമാനത്തിന്‍റെ കോക്പിറ്റിലിരിക്കുന്ന ചൈന സ്വദേശിയായ യാത്രികയുടെ ചിത്രം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജനുവരി നാലിനാണ് ഗ്വില്ലിന്‍ സിറ്റിയില്‍ നിന്ന് യാങ്സോ സിറ്റിയിലേക്ക് പോകുന്ന എയര്‍ ഗ്വില്ലിന്‍ വിമാനത്തിന്‍റെ കോക്പിറ്റിലിരുന്ന് യാത്രിക ചിത്രമെടുത്തത്. 

എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പെടുത്ത ഈ ചിത്രം വിമാനക്കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടത് ശനിയാഴ്ചയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

'' ക്യാപ്റ്റന് നന്ദി, വളരെ സന്തോഷം'' എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചിരുന്നത്. കോക്പിറ്റില്‍ യാത്രക്കാരിലൊരാളെ പ്രവേശിപ്പിച്ചുകൊണ്ട് പൈലറ്റ് നിയമം തെറ്റിച്ചുവെന്നാണ് ഇതിനോട് വിമാനക്കമ്പനി പ്രതികരിച്ചത്. 

ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പ്രകാരം പ്രത്യേ അനുമതിയില്ലാതെയല്ലാതെ യാത്രക്കാര്‍ക്ക് കോക്പിറ്റില്‍ കയറാന്‍ അനുമതിയില്ല. തുടര്‍ന്ന് വിമാനത്തിന്‍റെ പൈലറ്റിനെ വിമാനം പറത്തുന്നതിനെ കമ്പനി വിലക്കി. ഇനി ഇയാള്‍ക്ക് ജോലിയില്‍ തുടരാനാകില്ല. 

അന്വേഷണം നടക്കുകയാണെന്നും മറ്റ് ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍  നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ചൈനയില്‍, ഭാര്യയെ കോക്പിറ്റില്‍ കയറാന്‍ അനുവദിച്ചതിന് ഒരു പൈലറ്റിനെ ആറ് മാസത്തേക്ക് സസ്പെന്‍റ് ചെയ്തിരുന്നു.