പരാതി പറയാന്‍ ന്യൂസ് സ്റ്റോറിയില്‍ തല കാണിച്ചതോടെ തലവര തന്നെ മാറിയ ഒരു യുവാവുണ്ട് ചൈനയിലെ നിങ്‌ബോയില്‍. ഒറ്റ ദിവസം കൊണ്ടാണ് ഇരുപത്തിരണ്ടുകാരനായ സാങ് മൊത്തം ചൈനയില്‍ തന്നെ വൈറലായിപ്പോയത്.

തന്റെ ഫ്‌ളാറ്റിലെ ബാത്ത്‌റൂമിലുള്ള, ചില്ലുവാതില്‍ പൊളിഞ്ഞുവീണ് ഇരുകൈകള്‍ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് പരാതിയുമായി ലോക്കല്‍ ചാനലിനെ സമീപിച്ചതായിരുന്നു സാങ്. താന്‍ ഒന്നും ചെയ്യാതെ തന്നെ, വാതില്‍ തനിയെ തന്നെ പൊളിഞ്ഞുവീഴുകയായിരുന്നുവെന്നാണ് സാങ് പറയുന്നത്. ഇതോടെ രണ്ട് കൈകള്‍ക്കും പരിക്കേറ്റു. 

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റ് ആണ് എന്നതിനാല്‍ തന്നെ സംഭവത്തില്‍ പരാതിയുമായി സാങ് ആദ്യം സമീപിച്ചത് ഉടമസ്ഥരെയാണ്. തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സാങിന്റെ ആവശ്യം. എന്നാല്‍ അവര്‍ സാങിന്റെ വാക്കുകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. വാതില്‍ അത്തരത്തില്‍ തനിയെ പൊളിഞ്ഞുവീഴില്ലെന്നായിരുന്നു അവരുടെ വാദം. 

ഇതോടെ സാങ് നേരെ പ്രാദേശിക ചാനലിനെ സമീപിച്ചു. ഉപഭോക്താക്കളുടെ പരാതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയില്‍ തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. സംഗതി, വാതില്‍ പൊളിഞ്ഞ് പരിക്കേറ്റതില്‍ നഷ്ടപരിഹാരം തേടിക്കൊണ്ടായിരുന്നു സംസാരിച്ചതെങ്കിലും പ്രേക്ഷകരില്‍ മിക്കവരും ശ്രദ്ധിച്ചത് സാങിന്റെ ഭംഗിയായിരുന്നു. 

അങ്ങനെ കാണാനുള്ള ഭംഗിയുടെ പേരില്‍ സാങിന്റെ പരിപാട് കൂടുതല്‍ ആളുകള്‍ കണ്ടു. 'ഇതാ ഒരു സുന്ദരന്‍ യുവാവ്' എന്ന പേരില്‍ ചൈനീസ് സോഷ്യല്‍ മീഡിയയായ 'വെയ്‌ബോ'യില്‍ സാങ് തരംഗമായി. ആയിരങ്ങളാണ് സാങിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. അങ്ങനെ 24 മണിക്കൂറിനുള്ളില്‍ കോടിക്കണക്കിന് വ്യൂവര്‍ഷിപ്പുമായി സാങിന്റെ വീഡിയോ ചൈനയിലാകെയും വൈറലായിരിക്കുകയാണിപ്പോള്‍. 

താന്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ലെന്നും ഫ്‌ളാറ്റ് ഉടമസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം നേടണമെന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും വീഡിയോ വൈറലായ ശേഷം സാങ് പ്രതികരിച്ചു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സാങിന്റെ മെഡിക്കല്‍ ബില്‍ നല്‍കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടുണ്ട്. 'അതിസുന്ദരന്‍' ആയ സാങിന് ഇനിയെന്തിനാണ് ഫ്‌ളാറ്റ് ഉടമസ്ഥരുടെ പണമെന്നും എത്ര പണം വേണമെങ്കിലും തങ്ങള്‍ നല്‍കാമെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ സുന്ദരിമാരുടെ വാഗ്ദാനം. ഏതായാലും ഒറ്റ ദിവസം കൊണ്ട് ജീവിതം തന്നെ മാറിമറിഞ്ഞതിലെ അത്ഭുതത്തിലാണ് സാങ്.

വൈറലായ വീഡിയോ കാണാം...

 

Also Read:- ഒറ്റ രാത്രി കൊണ്ട് 25 കോടി നേടിയ ആളെത്തേടി വീണ്ടും ഭാഗ്യം; ഇക്കുറി 15 കോടി...