ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽ വളർത്തുനായയുടെ അക്രമണത്തിൽ പന്ത്രണ്ടു ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. എല്ലിസ് എന്ന സ്ത്രീ തന്റെ വീട്ടിൽ വളർത്തിയിരുന്ന ചൗ ചൗ ഇനത്തിൽ പെട്ട ടെഡി എന്നുപേരായ ക്രോസ് ബ്രീഡ് നായയാണ് എല്ലിസിന്റെ കുഞ്ഞ് എലോണിനെ കഴുത്തിനു ദംഷ്ട്രകളാഴ്ത്തി കൊന്നുകളഞ്ഞത്. തന്റെ ഉടമസ്ഥയ്ക്ക് പന്ത്രണ്ടു ദിവസം മുമ്പുമാത്രം ജനിച്ച പിഞ്ചു കുഞ്ഞിനെ, തന്റെ കൂട്ടിനുള്ളിൽ നിന്ന് ചാടി പുറത്ത് കടന്ന്, വീട്ടിനുള്ളിലേക്ക് കടന്നുചെന്ന ശേഷം തൊട്ടിലിൽ നിന്ന് കടിച്ചെടുത്തതാണ് ടെഡി കൊന്നുകളഞ്ഞത്. 

കുഞ്ഞിനെ അമ്മ അവനെ പാലുകൊടുത്ത് തൊട്ടിലിൽ കിടത്തി ഉറക്കിയ ശേഷം വീടിന്റെ രണ്ടാം നിലയിലേക്ക് പോയ നേരത്താണ്, വീടിനു പിന്നിലെ വേലി ചാടിക്കടന്നുകൊണ്ട് ടെഡി വീട്ടിനുള്ളിലേക്ക് പാഞ്ഞു വന്നത്. അന്നേരം, താഴെ എല്ലിസിന്റെ ബോയ് ഫ്രണ്ട് സ്റ്റീഫനും മൂത്ത കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. അവർ നോക്കി നിൽക്കെയാണ് പാഞ്ഞു വന്ന ടെഡി തൊട്ടിലിൽ നിന്ന് മൂന്നരക്കിലോഗ്രാം മാത്രം ഭാരമുള്ള എലോണിന്റെ കഴുത്തിനു കടിച്ച് അവനെ വലിച്ചു പുറത്തിടുന്നത്. അവർ ഇരുവരും ആ ഭീമാകാരനായ നായുടെ കടിയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു എങ്കിലും ആ പരിശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ബഹളം കേട്ട് എല്ലിസ് താഴെ വന്ന് ടെഡിയുടെ കടിയിൽ നിന്ന് മകനെ വിടുവിച്ചപ്പോഴേക്കും കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. 

ചൗ ചൗ ഇനത്തിൽ പെട്ട നായ്ക്കളാണ് ലോകത്തിലേക്കും വെച്ച് ഏറ്റവും പ്രാകൃത സ്വാഭാവികളായ നായ്ക്കൾ. ഇത്രയേറെ അപകടകരമായ പ്രകൃതമുള്ള നായ്ക്കൾ വേറെയില്ല എന്നാണ് ഡോഗ് ബ്രീഡർമാർ പറയുന്നത്. രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ഈ ഇനം നായ്ക്കൾ ആദ്യമായി വളർത്തപ്പെട്ടിരുന്നത് തെക്കൻ ചൈനയിൽ ആയിരുന്നു.  ടാങ് ചക്രവർത്തിമാരുടെ ഇഷ്ട വേട്ടനായ്ക്കളായിരുന്നു സോങ്ക്ഷി ക്വാൻ എന്ന പേരിൽ അവിടെ അറിയപ്പെട്ടിരുന്ന ചൗ ചൗകൾ. സാധാരണ നായ്ക്കളേക്കാൾ രണ്ടു പല്ലുകൾ അധികമുള്ള ഇനമാണ് ചൗ ചൗ. വളരെയധികം അക്രമാസക്തി പ്രകടിപ്പിക്കുന്ന ഇനമാണ് ഇവ എന്നതിനാൽ തന്നെ ചില ഇൻഷുറൻസ് കമ്പനികൾ വളർത്തുനായ ചൗ ചൗ ആണെങ്കിൽ ഉടമയ്ക്ക് ഡോഗ് ഇൻഷുറൻസ് നൽകാൻ വൈമനസ്യം പ്രകടിപ്പിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. 

 

 

കുഞ്ഞിന്റെ അമ്മ എല്ലിസിനു നായ്ക്കളെ വലിയ ഇഷ്ടമായിരുന്നു എങ്കിലും ചൗ ചൗ നായ്ക്കളുടെ ഈ അക്രമ ചരിത്രമൊന്നും അവർക്ക് അറിയില്ലായിരുന്നു എന്നും, ടെഡിയെക്കൊണ്ട് തന്റെ കുഞ്ഞിന് എന്തെങ്കിലും അപകടമുണ്ടാകും എന്നറിഞ്ഞിരുന്നുവെങ്കിൽ അവർ അതിനെ വളർത്തില്ലായിരുന്നു എന്നും എല്ലിസിന്റെ അടുത്ത സ്നേഹിത ഡെയ്‌ലി മെയിലിനോട് പറഞ്ഞു.സ്വതവേ അക്രമവാസനകൾ ഒന്നും പ്രകടിപ്പിക്കാത്ത ഒരു ശാന്തസ്വഭാവിയായ നായയായിരുന്നു ടെഡി എന്നും, വീട്ടിൽ പുതിയ അതിഥി വന്ന ശേഷം എല്ലിസിന്റെ ശ്രദ്ധയും സ്നേഹവുമെല്ലാം ആ കുഞ്ഞിലേക്ക് പോയതിലുള്ള അസൂയയും ദേഷ്യവുമാകാം ടെഡിയെക്കൊണ്ട് ഇങ്ങനെയൊരു അതിക്രമം പ്രവർത്തിപ്പിച്ചത് എന്നും എലോണിന്റെ അമ്മാവനും സംശയം പ്രകടിപ്പിച്ചു. 

പൊലീസ് ഈ സംഭവത്തിൽ ഗുരുതരമായ ശ്രദ്ധക്കുറവിന്റെ പേരിൽ അമ്മ എല്ലിസിനെയും, ബോയ് ഫ്രണ്ട് സ്റ്റീഫനെയും അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു. കുട്ടികളുടെ അച്ഛനായ ജോയൽ കഴിഞ്ഞ വർഷം ഹൃദയാഘാതത്താൽ മരണപ്പെട്ടിരുന്നു. "എല്ലിസിനെ അവിടെ ഒറ്റയ്ക്ക് വിട്ടുപോകാൻ തോന്നിയ നിമിഷത്തെ ഞാൻ പഴിക്കുന്നു. എനിക്ക് ഒരിക്കലും ഇതിനു സ്വയം മാപ്പുനല്കാനാവും എന്നു തോന്നുന്നില്ല" എന്ന് എല്ലിസ് തന്റെ സ്നേഹിതയോട് പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.