Asianet News MalayalamAsianet News Malayalam

വെറുതെ ഉപേക്ഷിക്കുന്ന സിഗരറ്റ് കുറ്റികള്‍ കൊണ്ട് ഭംഗിയുള്ള ഉപയോഗം...

സിഗരറ്റ് കുറ്റികളാണെങ്കില്‍ മണ്ണില്‍ ലയിച്ചുപോകുന്നതിന് ഒരുപാട് സമയമെടുക്കും. ഇത് സ്വാഭാവികമായും മണ്ണിനെയും ചെടികളെയുമെല്ലാം ദോഷമായി ബാധിക്കുകയും ചെയ്യാം. സിഗരറ്റ് കുറ്റികള്‍ സംസ്കരിച്ചെടുത്ത് ഉപയോഗപ്രദമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ആശയം നേരത്തെ തന്നെ പലരും ഉയര്‍ത്തിയിട്ടുള്ളതാണ്.

cigarette stubs are using to make soft toys and pillows
Author
First Published Oct 5, 2022, 8:34 PM IST

തെരുവുകളിലെല്ലാം അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന സിഗരറ്റ് കുറ്റികള്‍ കണ്ടിട്ടില്ലേ? പലപ്പോഴും നഗരങ്ങളിലെ മാലിന്യത്തില്‍ വലിയൊരു പങ്ക് തന്നെ സിഗരറ്റ് കുറ്റികളായിരിക്കും. കൃത്യമായ മാലിന്യ സംസ്കരണമാര്‍ഗങ്ങള്‍ എവിടെയും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ തന്നെ പൊതുസ്ഥലങ്ങളിലെല്ലാം സിഗരറ്റ് കുറ്റികള്‍ ചിതറിക്കിടക്കുന്നത് നമ്മുടെ നാട്ടിലെ പതിവ് കാഴ്ചയാണ്. 

സിഗരറ്റ് കുറ്റികളാണെങ്കില്‍ മണ്ണില്‍ ലയിച്ചുപോകുന്നതിന് ഒരുപാട് സമയമെടുക്കും. ഇത് സ്വാഭാവികമായും മണ്ണിനെയും ചെടികളെയുമെല്ലാം ദോഷമായി ബാധിക്കുകയും ചെയ്യാം. സിഗരറ്റ് കുറ്റികള്‍ സംസ്കരിച്ചെടുത്ത് ഉപയോഗപ്രദമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ആശയം നേരത്തെ തന്നെ പലരും ഉയര്‍ത്തിയിട്ടുള്ളതാണ്. ചില കമ്പനികളെങ്കിലും ഇങ്ങനെയുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുമുണ്ട്.

ഇപ്പോഴിതാ സിഗരറ്റ് കുറ്റികള്‍ സംസ്കരിച്ചെടുത്ത് അതുവച്ച് ഭംഗിയുള്ള പാവകള്‍ നിര്‍മ്മിക്കുകയാണ് ദില്ലിയിലുള്ള ഒരു ചെറുകമ്പനി. വ്യവസായിയായ നമൻ ഗുപ്തയാണ് ഈ ആശയത്തിന് പിന്നില്‍.  ചെറിയ രീതിയില്‍ തുടങ്ങിയ പാവ നിര്‍മ്മാണം ഇന്ന് വലിയ സംരംഭമായി മാറിയിരിക്കുകയാണ്. 

cigarette stubs are using to make soft toys and pillows

'പത്ത് ഗ്രാം സിഗരറ്റ് ഫൈബര്‍ ഉപയോഗിച്ച് തുടങ്ങിയതാണ് ഞങ്ങള്‍. ഇപ്പോള്‍ പ്രതിദിവസം 1,000 ഗ്രാം സിഗരറ്റ് ഫൈബര്‍ ഉപയോഗിക്കുന്നുണ്ട്. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സിഗരറ്റ് കുറ്റികളാണ് സംസ്കരിച്ചെടുക്കുന്നത്...'- നമൻ ഗുപ്ത പറയുന്നു. 

സിഗരറ്റ് കുറ്റികള്‍ ശേഖരിച്ച് അതില്‍ നിന്ന് ഫൈബര്‍ വേര്‍തിരിച്ചെടുത്ത് വൃത്തിയാക്കി, ബ്ലീച്ച് ചെയ്തെടുത്താണ് പാവ നിര്‍മ്മാണം. നഗരങ്ങളില്‍ നിന്നും, ചെറിയ തെരുവുകളില്‍ നിന്നുമെല്ലാം സിഗരറ്റ് കുറ്റികള്‍ ഇവര്‍ ശേഖരിക്കുന്നുണ്ട്. 

പാവകള്‍ മാത്രമല്ല, തലയിണയും ഇതുവച്ച് ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. ഒരേസമയം മാലിന്യ സംസ്കരണവും അതുപോലെ ഉപയോഗപ്രദമായ ഉത്പന്നങ്ങളുടെ നിര്‍മ്മാണവും നടക്കുന്നു എന്നത് ഏറെ ഗുണകരമായ സംഗതി തന്നെയാണ്. 

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ 30 ശതമാനം മുതിര്‍ന്നവരും പുകയില ഉപയോഗിക്കുന്നവരാണ്. അങ്ങനെയെങ്കിലും സിഗരറ്റ് കുറ്റികള്‍ ഉണ്ടാക്കുന്ന മാലിന്യപ്രശ്നം ഊഹിക്കാവുന്നതല്ലേ ഉള്ളൂ...

Also Read:- പുകവലി നിര്‍ത്തിയാലും ക്യാൻസര്‍ സാധ്യതയോ?

Follow Us:
Download App:
  • android
  • ios