ഭക്ഷണത്തിനായി പൂച്ചയുടെ കരച്ചില്‍ അനുകരിക്കുകയായിരുന്നു സൂത്രക്കാരനായ ഈ കാക്ക. തുര്‍ക്കിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. 

വിശപ്പ് എന്നത് മനുഷ്യനും മൃഗങ്ങള്‍ക്കും ഒരു പോലെയാണ്. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഒരു ഇത്തിരി ഭക്ഷണത്തിനായി തന്‍റെ കൗശലം പ്രയോഗിച്ച ഒരു കാക്കയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഭക്ഷണത്തിനായി പൂച്ചയുടെ കരച്ചില്‍ അനുകരിക്കുകയായിരുന്നു സൂത്രക്കാരനായ ഈ കാക്ക. തുര്‍ക്കിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. മൃഗസ്നേഹിയായ നെസ്ലിഹാന്‍റെ വീട്ടുമുറ്റത്ത് എത്തിയാണ് ഈ മിടുക്കന്‍ കാക്ക പൂച്ചയുടെ ശബ്ദം അനുകരിച്ചത്. പരിസരത്തെ പൂച്ചകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പതിവ് നെസ്ലിഹാനുണ്ടായിരുന്നു. പൂച്ചകള്‍ ഇത്തരത്തില്‍ കരയുമ്പോഴാണ് പ്ലേറ്റില്‍ ഭക്ഷണവുമായി നെസ്ലിഹാന്‍ എത്തുന്നത്. ഇത് ശ്രദ്ധിച്ചിട്ടാവണം കാക്ക ഈ ബുദ്ധി പ്രയോഗിച്ചത്.

പൂച്ചയുടെ ശബ്ദമാണെന്ന് കരുതി ജനാലകള്‍ തുറന്നുനോക്കിയപ്പോള്‍ ഒരു നിമിഷമൊന്ന് ആശ്ചര്യം തോന്നിയെന്നും നെസ്ലിഹാന്‍ 'ദി ഡുഡു' മാധ്യമത്തോട് പറഞ്ഞു. ശേഷം കാക്കയ്ക്കും ഭക്ഷണം നല്‍കി. കാക്ക ഒരു പൂച്ചയുടെ ശബ്ദം അനുകരിക്കുന്നത് ആദ്യമായാണ് കേള്‍ക്കുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Also Read: ഉടമയെ നഷ്ടമായെങ്കിലും ഈ നായ ഇനി കോടികളുടെ അവകാശി!