ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. 

അമിതവണ്ണം കുറയ്ക്കാന്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുണ്ടാകാം. ചിലര്‍ ഭക്ഷണത്തിന്‍റെ അളവ് നന്നായി കുറയ്ക്കും. ഇത്തരത്തില്‍ ഭക്ഷണം കുറയ്ക്കുന്നത് വിശപ്പ് കൂടാന്‍ കാരണമാകും. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. 

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

രാത്രി ആവശ്യത്തിന് ഉറങ്ങുന്നില്ലേ? വണ്ണം കുറയ്ക്കാന്‍ ഡയറ്റും വ്യായാമവും മാത്രം പോരാ, ആവശ്യത്തിന് ഉറക്കവും വേണം. ഉറക്കക്കുറവ് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് അലസത, അമിതമായ വിശപ്പ് എന്നിവയ്ക്ക് കാരണമാകാം. അതുവഴി ശരീരഭാരം കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുറഞ്ഞത് ഏഴ്- എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കണം. 

രണ്ട്...

രാത്രി വളരെ വൈകി ആണോ ഭക്ഷണം കഴിക്കുന്നത് ? എങ്കിൽ വേഗം ആ ശീലം ഉപേക്ഷിച്ചോളൂ. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും. ഭക്ഷണം ദഹിക്കാനുള്ള സമയം ലഭിക്കണം. അതിനാല്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം. 

മൂന്ന്...

പട്ടിണി കിടന്നാല്‍ മെലിയാമെന്നു വിചാരിക്കുന്നവരും കുറവല്ല. ഇത്തരത്തില്‍ ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ മിതമായ അളവില്‍ കുറഞ്ഞത് മൂന്ന് നേരം എങ്കിലും ഭക്ഷണം കഴിക്കണം. ശ്രദ്ധിക്കുക, കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കൂടരുത്. 

നാല്...

പലരും കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി എത്രയാണെന്ന് നോക്കാറില്ല. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞ് കഴിക്കണം. 

അഞ്ച്...

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യുന്ന മറ്റൊരു തെറ്റാണ് വിശക്കുന്നത് വരെ കാത്തിരിക്കുന്നത്. നല്ല വിശപ്പ് അനുഭവപ്പെട്ടാല്‍ നിങ്ങള്‍ ഭക്ഷണം അമിതമായി കഴിക്കാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കാനായി വിശപ്പിന് മുന്‍പുതന്നെ അളവ് കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഭക്ഷണം കഴിക്കുന്ന മൂന്ന് നേരത്തിനിടയിലും കൃത്യമായ ഇടവേള ഉണ്ടാകണം. 

ആറ്...

വ്യായാമം ചെയ്യാന്‍ മടിയാണോ? ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല എന്ന് അറിയാമല്ലോ. ഡയറ്റിനോടൊപ്പം ദിവസവും ക്യത്യമായി വ്യായാമം ചെയ്യണം. 

Also Read: ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ​ഗുണങ്ങൾ ഇതൊക്കെ...