താലി കെട്ടിയതിന് പിന്നാലെ പരസ്പരം കൈമാറിയത് ഇന്ത്യൻ ഭരണഘടന. കല്യാണം എന്താ ഇങ്ങനെ എന്നല്ലേ? ഭരണഘടന സാക്ഷരത പ്രചാരക‌രുടെ വിവാഹം ഇങ്ങനെയല്ലെങ്കിൽ പിന്നെയെങ്ങനെ?

കൊല്ലം: വിവാഹം വ്യത്യസ്തവും വൈവിധ്യവുമാക്കുന്നതാണ് പുതിയ കാലത്തെ രീതി. പലതരം പരിപാടികളിലൂടെ വിവാഹ ആഘോഷത്തിന്റെ മാറ്റ് കൂട്ടാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കല്ല്യാണം, ഇന്നലെ കൊല്ലം ചാത്തന്നൂരിൽ നടന്നു. വിവാഹത്തിനെത്തിയവർക്കും കൗതുകമായി കല്ല്യാണ കാഴ്ചകൾ.

വിവാഹപന്തലിലേക്ക് കയറുന്ന കവാടത്തിന് മുന്നിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം. പന്തലിലെ മണ്ഡപത്തിന് പിന്നിൽ അംബേദ്ക്കറും നെഹ്റുവും പിന്നെ ഭരണഘടനയും. ചാത്തന്നൂർ സ്വദേശികളായ ദേവികയും അബിയുമാണ് വധു വരൻമാർ. താലി കെട്ടിയതിന് പിന്നാലെ പരസ്പരം കൈമാറിയത് ഇന്ത്യൻ ഭരണഘടന. കല്യാണം എന്താ ഇങ്ങനെ എന്നല്ലേ? ഭരണഘടന സാക്ഷരത പ്രചാരക‌രുടെ വിവാഹം ഇങ്ങനെയല്ലെങ്കിൽ പിന്നെയെങ്ങനെ?

Read also: സുഹൃത്തിനൊപ്പം പോയ 23കാരനെ കാണാതായി, 17 ദിവസങ്ങൾക്കിപ്പുറം മൃതദേഹം കണ്ടെത്തി, മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

വര്‍ഷങ്ങളായി ഭരണഘടനാ മൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന ആളുകളായിരുന്നു തങ്ങളെന്നും വാക്കും പ്രവൃത്തിയും രണ്ട് ദിശയിലാവരുതെന്ന ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും അബി പറയുന്നു. കുടുംബ ജീവിതത്തില്‍ തന്നെ മാതൃക കാണിച്ചാല്‍ മാത്രമേ എല്ലാവരിലേക്കും ആ സന്ദേശം എത്തിക്കാന്‍ സാധിക്കൂവെന്നും അബി വിശ്വസിക്കുമ്പോള്‍ ഭരണഘടനാ മൂല്യങ്ങള്‍ സ്വഭാവത്തിലും വെച്ചുപുലര്‍ത്തുന്ന അബിയുടെ സ്വഭാവമാണ് തന്നെ കൂടുതല്‍ ആകൃഷ്ടയാക്കിയതെന്ന് ദേവിക കൂട്ടിച്ചേര്‍ത്തു. സൗഹൃദം പിന്നീട് പ്രണയത്തിന് വഴി മാറുകയായിരുന്നു.

വിവാഹത്തിന് എത്തിയവർക്കെല്ലാം ഭരണഘടനാ തത്വങ്ങളും അവകാശങ്ങളും വിശദമാക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. വിവാഹ ക്ഷണകത്തിലുമുണ്ടായിരുന്നു അംബേക്കറും നെഹ്റുവും. വിവാഹം ഇങ്ങനെ നടത്താനുള്ള ദേവികയുടെയും അബിയുടെയും ആഗ്രഹം അറിയിച്ചപ്പോൾ വീട്ടുകാരും ഒപ്പം നില്‍ക്കുകയായിരുന്നു.

Read also:  2008-ൽ വീട്ടിൽ കയറി മോഷണം നടത്തിയ പ്രതി ഒളിവിൽ കഴിഞ്ഞത് 15 വർഷത്തോളം, ഒടുവിൽ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...