2008-ൽ വീട്ടിൽ കയറി മോഷണം നടത്തിയ പ്രതി ഒളിവിൽ കഴിഞ്ഞത് 15 വർഷത്തോളം, ഒടുവിൽ പിടിയിൽ
രാമപുരത്ത് മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ 15 വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം: രാമപുരത്ത് മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ 15 വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ അരുൾ രാജ് എന്നയാളെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2008 ൽ വെളിയന്നൂർ ഭാഗത്തെ വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിക്കുകയും തുടര്‍ന്ന് രാമപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയില്‍ ഹാജരാവാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇയാളെ നാമക്കൽ ഈറോഡ് ഭാഗത്തുനിന്നും പിടികൂടിയത്.
അതേസമയം, തിരുവനന്തപുരം ഒറ്റശേഖരമംഗലം മണ്ഡപത്തിന്‍കടവ് ചേനാട് ദേവി യോഗീശ്വര ക്ഷേത്രത്തിലെ നടപ്പന്തലില്‍ സ്ഥാപിച്ചിരുന്ന വലിയ നിലവിളക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെള്ളറട മുട്ടച്ചല്‍ പനയാട് വടക്കുംകര പുത്തന്‍വീട്ടില്‍ രാജന്‍ (52), വെള്ളറട കാക്ക തൂക്കി നിഷാ ഭവനില്‍ രതീഷ് (35) എന്നിവരെയാണ് ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞാണ് മോഷണം നടന്നത്.
50,000 രൂപയുടെ അഞ്ചര അടിയോളം ഉയരമുള്ള ആറ് തട്ടുള്ള നിലവിളക്കാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്. വ്യാഴാഴ്ച രാവിലെ ക്ഷേത്ര ജീവനക്കാരനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് ആര്യങ്കോട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയത്. നിലവിളക്ക് മോഷണം നടത്തിയ ശേഷം പാലിയോടുള്ള ആക്രിക്കടയില്‍ വിളക്ക് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് മോഷ്ടാക്കള്‍ എത്തിയിരുന്നു. എന്നാല്‍ ആക്രിക്കട ഉടമ വിളക്ക് വാങ്ങില്ലെന്ന് അറിയിച്ചതോടെ അവിടുന്ന് ഇരുവരും മടങ്ങി. തുടര്‍ന്ന് പനച്ചമൂട്ടിലെ ആക്രി കടയില്‍ വിളക്ക് വിറ്റു. പൊലീസ് അന്വേഷണത്തില്‍ ആക്രിക്കട ഉടമയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം