ഏറെ ആശങ്കകള്‍ക്കും പേടികള്‍ക്കുമിടയിലാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട വാര്‍ത്തകളും പഠനങ്ങളുമെല്ലാം നമ്മള്‍ അറിയുന്നതും പങ്കുവയ്ക്കുന്നതും. എന്നാല്‍ ഇത്തിരി നേരത്തേക്ക് ഈ പിരിമുറുക്കം ഒക്കെയൊന്ന് മറന്നാലോ? 

മൂവാറ്റുപുഴക്കാരന്‍ 'കൊറോണ പരീദി'ന്റെ കഥ കേട്ടാല്‍ ആരും അല്‍പനേരത്തേക്കെങ്കിലും ഈ 'ടെന്‍ഷന്‍' പിടിച്ച മാനസികാവസ്ഥയില്‍ നിന്ന് ഒന്ന് മാറിനില്‍ക്കും. അത് മനപ്പൂര്‍വ്വമല്ല, കാലം പരീദിന് വേണ്ടി കാത്തുവച്ച അതിശയം അത്രകണ്ട് നമ്മളില്‍ കൗതുകമുണ്ടാക്കിയേക്കാം. 

കഥ തുടങ്ങുന്നത് 27 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് മൂവാറ്റുപുഴയില്‍ ഒരു തുണിക്കട തുടങ്ങാന്‍ പരീദ് പദ്ധതിയിട്ടു. ഇന്റര്‍നെറ്റൊന്നുമില്ലാത്ത കാലമായതിനാല്‍ ഡിക്ഷണറിയില്‍ നോക്കിയാണ് കടയ്ക്ക് പറ്റിയ പേരുകള്‍ തപ്പിക്കൊണ്ടിരുന്നത്. അങ്ങനെ പേരുകള്‍ തിരയുന്നതിനിടെ അവിചാരിതമായാണ് 'കൊറോണ' എന്ന വാക്കില്‍ പരീദ് കുടുങ്ങിനിന്നത്. 

എന്തുകൊണ്ടോ ആ വാക്ക് അന്ന് ഉള്ളിലുടക്കിപ്പോയി എന്നാണ് പരീദ് പറയുന്നത്. അതിന്റെ അര്‍ത്ഥം നോക്കിയപ്പോള്‍ സൂര്യന്‍ എന്നാണ് കണ്ടത്. മോശമല്ലാത്ത വാക്കാണല്ലോ, അതുതന്നെയാകട്ടെ കടയുടെ പേര് എന്ന് പരീദ് നിശ്ചയിച്ചു. 

ഈ 27 വര്‍ഷക്കാലത്തിനിടെ ഒരിക്കല്‍ പോലും പരീദിന്റെ കടയുടെ പേര് എവിടെയും ചര്‍ച്ചയില്‍ വന്നില്ല. ആരും പ്രത്യേകിച്ചൊരു ശ്രദ്ധ ആ പേരിന് നല്‍കിയതുമില്ല. എന്നാല്‍ അപ്പോഴേക്ക് കടയുടെ പേര് പരീദിന്റെ പേരിനൊപ്പം കൂടിച്ചേര്‍ന്നിരുന്നു. അങ്ങനെയാണ് 'വെറും' പരീദ് 'കൊറോണ പരീദ്' ആകുന്നത്. 

ഇന്നിപ്പോള്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായ 'കൊറോണ വൈറസി'ന്റെ പശ്ചാത്തലത്തില്‍ പ്രശസ്തിയിലേക്ക് നടന്നുകയറുകയാണ് പരീദിന്റെ 'കൊറോണ ടെക്‌സ്‌റ്റൈല്‍സ്'. പറഞ്ഞുകേട്ടും, കണ്ടും എത്തുന്നവരെല്ലാം പരീദിന്റെ കടയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് മടങ്ങുന്ന കാഴ്ചയാണിപ്പോള്‍ അവിടെ കാണാനാകുന്നത്. 

സംഭവം പേരൊക്കെ ആയെങ്കിലും കച്ചവടത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് അറുപതുകാരനായ പരീദ് പറയുന്നത്. ആളുകള്‍ അധികമൊന്നും വെളിയിലിറങ്ങാത്തതിനാല്‍ കച്ചവടം താരതമ്യേന കുറവാണെന്നും പരീദ് പറയുന്നു.