ഇന്ന്, വിവാഹം കഴിക്കാന്‍ പോകുന്ന ഏത് യുവതീയുവാക്കളും തങ്ങളുടെ വിവാഹം എത്തരത്തിലെല്ലാം വ്യത്യസ്തമാക്കാം എന്ന് പരീക്ഷിക്കുന്നവരാണ്. ഇവരില്‍ മിക്കവരും വ്യത്യസ്തതയ്ക്ക് വേണ്ടി മാത്രമാണ് അന്വേഷണങ്ങള്‍ നടത്തുന്നത്. എന്നാല്‍ മറ്റ് ചിലരുണ്ട്, തങ്ങളുടെ ആദര്‍ശങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായി വിവാഹവും ആഘോഷങ്ങളും വ്യത്യസ്തമാക്കുന്നവര്‍. 

അത്തരത്തിലൊരു ജോഡിയെ കുറിച്ചാണ് പറയുന്നത്. ഒഡീഷയിലെ ഭുബനേശ്വര്‍ സ്വദേശികളായ യുറേക്ക ആപ്തയും ജൊവാന്ന വാങും. 

ഇരുവരും മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണ്. വിവാഹം തീരുമാനിക്കാനൊരുങ്ങിയപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇതിനിടെ ഇരുവരുടേയും ഒരു സുഹൃത്തിന് റോഡില്‍ വച്ച് പരിക്കേറ്റ ഒരു തെരുവുപട്ടിയെ കിട്ടി. 

അതിന് ചികിത്സ നല്‍കാനും, അതിനെ പരിചരിക്കാനും യുറേക്കയും ജൊവന്നയുമെല്ലാം കൂടിയിരുന്നു. തുടര്‍ന്ന് 'ആനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എകമാര' എന്നൊരു സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായും ഇവര്‍ ബന്ധപ്പെട്ടുതുടങ്ങി. പരിക്കേറ്റും, അവശനിലയിലായും റോഡരികിലും മറ്റും കിടക്കുന്ന പട്ടികളെ ശശ്രൂഷിക്കാനും, അവര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കാനുമെല്ലാം ഇവരും പതിവായി പോയിത്തുടങ്ങി. 

ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സെപ്തംബറില്‍ വിവാഹം നിശ്ചയിച്ചപ്പോള്‍ ഇവര്‍ ഒരു തീരുമാനവും എടുത്തു. താലികെട്ട് ഏതെങ്കിലും ക്ഷേത്രത്തില്‍ വച്ച് ലളിതമായി നടത്താം. ശേഷം വിവാഹസദ്യ വേണ്ട. പകരം, തെരുവില്‍ അനാഥരെപ്പോലെ കഴിയുന്ന തെരുവുപട്ടികള്‍ക്ക് 'സ്‌പെഷ്യല്‍ ഭക്ഷണം'. 

അങ്ങനെ തീരുമാനിച്ചത് പോലെ തന്നെ വിവാഹച്ചടങ്ങ് ലളിതമായി തീര്‍ത്തു. ഇതിന് ശേഷം 'ആനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എകമാര'യുടെ പ്രവര്‍ത്തകരുടെ സഹായത്തോടെ നഗരത്തിലാകെയും സഞ്ചരിച്ച് അഞ്ഞ്ൂറോളം തെരുവുപട്ടികള്‍ക്ക് വിവാഹസദ്യ നല്‍കി. 

മനസിന് ഏറെ സന്തോഷവും സംതൃപ്തിയും നല്‍കിയ തീരുമാനമായിരുന്നു ഇതെന്നാണ് ഇരുവരും പറയുന്നത്. ഏതായാലും വ്യത്യസ്തമായ ഈ വിവാഹസദ്യയുടെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. യുവാക്കള്‍ക്ക് മാതൃകയാണ് ഇവരുടെ വിവാഹമെന്നാണ് മിക്കവരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. 

Also Read:- 'ഓടിക്കൊണ്ടിരിക്കുന്ന കല്യാണം'; കൊവിഡ് കാലത്തെ പുതിയ 'ഐഡിയ'...