കൊറോണ വൈറസിന്‍റെ വരവോടെ ഏറ്റവും അധികം മാറ്റി വയ്ക്കാൻ നിർബന്ധിതമായ ഒരു കാര്യമാവും വിവാഹം. അതേസമയം, കൊറോണ കാലം പെട്ടന്നവസാനിക്കില്ല എന്ന് വ്യക്തമായതോടെ മറ്റു വഴികളില്ലാതെ മാറ്റിവച്ച പല കല്ല്യാണങ്ങളും ലളിതമായി നടത്തുകയും ചെയ്യുന്നു. ചിലര്‍ ഓൺലൈന്‍ വഴിയും വിവാഹം നടത്തുകയാണ്. കൊറോണ കാലത്തെ വ്യത്യസ്തമായ ചില വിവാഹങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു. 

അത്തരത്തില്‍ വ്യത്യസ്തമായ ഒരു വിവാഹത്തിന്‍റെ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിവാഹക്ഷണക്കത്തിൽ വരെ നൂതന ആശയങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലത്താണ് കിടിലന്‍ ഐഡിയയുമായി മധുരയിലെ വധൂവരന്മാർ രംഗത്തെത്തിയത്. വിവാഹ സമ്മാനമായി പണം നൽകാൻ കത്തിൽ ക്യൂ ആർ കോഡ് കൂടി പ്രിന്റ് ചെയ്തുവച്ചിരിക്കുകയാണ് ഇവര്‍.

വിവാഹം വരെ ഓൺലൈനായി നടക്കുമ്പോള്‍ സമ്മാനങ്ങളും ഡിജിറ്റല്‍ ആകണമല്ലോ! ഇതാകുമ്പോള്‍ വിവാഹത്തിന് വരുന്ന അതിഥികൾ വിവാഹ സമ്മാനവും പൊതിഞ്ഞ് കയ്യിൽ പിടിച്ച്  ബുദ്ധിമുട്ടേണ്ട, പകരം സമ്മാനം പണമായി നൽകിയാൽ മതി. അതും നേരിട്ട് തരേണ്ടതില്ല, ഡിജിറ്റൽ പേമെന്‍റ്  വഴി ചെയ്യാം. വിവാഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും സമ്മാനം നല്‍കാം. ഇതുവഴി  കൊവിഡ് കാലത്ത് സാമൂഹിക അകലവും ഉറപ്പു വരുത്താം!

ഗൂഗിൾ പേ, ഫോൺ പേ എന്നിവയുടെ ക്യൂ ആർ കോഡാണ് വിവാഹക്ഷണക്കത്തിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. വിവാഹത്തിന് ക്ഷണിച്ചവരിൽ മുപ്പതോളം പേർ പുതിയ സൗകര്യം ഉപയോഗപ്പെടുത്തിയെന്നാണ് വധുവിന്റെ അമ്മ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ഞായറാഴ്ച്ചയായിരുന്നു വിവാഹം. ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി ഫോൺ കോളുകളും അന്വേഷണങ്ങളും ഉണ്ടായതായി വധുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. 

 

വിവാഹത്തിൽ പങ്കെടുത്ത ബന്ധുക്കൾക്ക് വ്യത്യസ്ത രീതിയിൽ വിരുന്ന് നൽകിയ വാർത്തയും കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. വെബ്കാസ്റ്റിംഗ് വഴി കല്ല്യാണം നടത്തി സദ്യ പാഴ്സൽ ആയി വീട്ടിൽ എത്തിച്ചു കൊടുക്കുകയായിരുന്നു തമിഴ്നാട്ടില്‍ നിന്നൊരു കുടുംബം ചെയ്തത്. വിവാഹ ക്ഷണക്കത്തില്‍ വെബ് കാസിറ്റിംഗിൽ കയറേണ്ട പാസ്സ്‌വേഡ് സഹിതം കൊടുത്തിട്ടുണ്ട്. ഓണ്‍ലൈനായി വിവാഹം കണ്ടുകഴിയുമ്പോള്‍ വീടിന്‍റെ മുറ്റത്ത് സദ്യയും പാഴ്സലായി എത്തും. സദ്യയിൽ ഒരുക്കുന്ന വിഭവങ്ങളുടെ മെനുവും വിളമ്പാനുള്ള രീതി ഉൾപ്പെടുന്ന മാനുവലും ഒപ്പം വച്ചിരുന്നു. 

Also Read: കല്ല്യാണം ഓൺലൈനായി കാണാം; സദ്യ പാഴ്സലായും എത്തും!