വിവാഹ ഫോട്ടോകളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വളരെ എളുപ്പത്തില്‍ തന്നെ ശ്രദ്ധ നേടാറുണ്ട്. അല്‍പം പുതുമയുള്ള എന്തെങ്കിലും ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണെങ്കില്‍ പിന്നെ പറയാനുമില്ല. ഇത്തരത്തിലുള്ള 'സേവ് ദ ഡേറ്റ്', വിവാഹശേഷമുള്ള ഫോട്ടോഷൂട്ട് - ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുന്നത് കണ്ടിട്ടില്ലേ?

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഏതാനും വിവാഹ ഫോട്ടോകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഫിലിപ്പീന്‍സില്‍ നിന്നാണ് ഈ ചിത്രങ്ങളെത്തിയിരിക്കുന്നത്. 

 

 

പ്രളയത്തില്‍ കര കവിഞ്ഞൊഴുകുന്ന പുഴ മുറിച്ചുകടന്ന് വിവാഹച്ചടങ്ങിനായി പള്ളിയിലേക്ക് പോകുന്ന വധുവും വരനുമാണ് ചിത്രങ്ങളിലുള്ളത്. വിവാഹം നിശ്ചയിച്ചിട്ട് മാസങ്ങളായിരുന്നു. ഇതിനിടെ തികച്ചും അപ്രതീക്ഷിതമായാണ് പ്രളയത്തിന്റെ വരവ്. വിവാഹം മാറ്റിവയ്ക്കാനുമാകില്ലെന്ന അവസ്ഥയായി. 

അങ്ങനെ റോനില്‍ ഗുലിപ്പയും ജെസീല്‍ മസ്വേലയും സാഹസികമായി പുഴ മുറിച്ചുകടന്ന് പള്ളിയിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. കൂട്ടിന് വീട്ടുകാരും കൂട്ടുകാരുമെല്ലാം കൂടെ നിന്നു. ഇതിനിടെ ഒരു ബന്ധു പകര്‍ത്തിയ ചിത്രങ്ങളാണ് പിന്നീട് ഫേസ്ബുക്കില്‍ വൈറലായത്. 

 

 

വ്യത്യസ്തതയ്ക്ക് വേണ്ടിയും ശ്രദ്ധ നേടാനുമെല്ലാം പലതും ചെയ്തുകൂട്ടുന്ന യുവാക്കള്‍ക്കിടയില്‍ ഈ 'ഒറിജിനല്‍' ഫോട്ടോഷൂട്ട്' നല്ലൊരു മാതൃകയാണ് സൃഷ്ടിക്കുന്നതെന്നും പ്രതിബന്ധങ്ങളെ സധൈര്യം തരണം ചെയ്ത് മുന്നേറാമെന്ന സന്ദേശം കൂടി ഈ ചിത്രങ്ങള്‍ നല്‍കുന്നതായി നിരവധി പേര്‍ കുറിക്കുന്നു.

Also Read:- ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആപ്പുകള്‍; ആരോഗ്യകരമായ മാതൃക...