ലോക്ഡൗണ്‍ കാലത്ത് മുഴുവന്‍ സമയവും വീട്ടിനകത്ത് തന്നെ അടച്ചിരിക്കുന്നതിന്റെ വിരസത മാറാന്‍ മിക്കവാറും നഗരവാസികളെയും സഹായിച്ചത് ബാല്‍ക്കണികളാണെന്ന് വേണമെങ്കില്‍ പറയാം. അല്‍പം ശുദ്ധവായു ലഭിക്കാന്‍, മനുഷ്യരെ കാണാന്‍, ചെടി വളര്‍ത്താന്‍... അങ്ങനെ പുറംലോകത്തേക്ക് ആശ്വാസത്തിന്റെ ഒരു വാതില്‍ തുറന്നിടാന്‍ ബാല്‍ക്കണികള്‍ സഹായിച്ചു. 

ഇതിനിടെ ബാല്‍ക്കണികളില്‍ വച്ച് പതിവായി കണ്ടുമുട്ടുന്ന സുഹൃത്തുക്കളേയും പരിചയക്കാരെയുമെല്ലാം കിട്ടിയവരും കുറവല്ല. എന്നാല്‍ ബാല്‍ക്കണിയില്‍ നിന്ന് സ്വന്തം ജീവിതപങ്കാളിയെ തന്നെ കണ്ടെത്തിയിരിക്കുകയാണ് ഇറ്റലിയിലെ വെറോണയില്‍ നിന്നുള്ള മൈക്കല്‍ ഡി അല്‍പവോസ് എന്ന മുപ്പത്തിയെട്ടുകാരനും പവോല ആഗ്നെല്ലി എന്ന നാല്‍പതുകാരിയും.  

ഇരുവരുടേയും അപ്പാര്‍ട്ടുമെന്റുകള്‍ മുഖാമുഖം നില്‍ക്കുന്ന തരത്തിലാണുള്ളത്. ബാല്‍ക്കണികളും അങ്ങനെ തന്നെ. ലോക്ഡൗണിന്റെ ആദ്യദിവസങ്ങളിലൊന്നില്‍, യാദൃശ്ചികമായാണ് അപ്പുറത്തെ വീട്ടുകാരിയായ പവോലയിലേക്ക് മൈക്കലിന്റെ കണ്ണുകള്‍ നീളുന്നത്. പവോലയുടെ സഹോദരി വയലിനില്‍ പാട്ട് പ്രാക്ടീസ് ചെയ്യുകയായിരുന്നു അപ്പോള്‍. 

സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ അവരില്‍ നിന്ന് കണ്ണെടുക്കാനാകാതെ മൈക്കല്‍ നിന്നു. മിനുറ്റുകള്‍ക്കകം അവര്‍ തിരിച്ച് മൈക്കലിനേയും നോക്കി. ആ നിമിഷം തന്നെ തങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചുവെന്നാണ് ഇരുവരും പറയുന്നത്. 

മൈക്കലിന്റെ സഹോദരിയും പവോലയും പരിചയക്കാരായിരുന്നു. അതിന്റെ ചുവടുപിടിച്ച് പവേലയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തി, മൈക്കല്‍. ശേഷം ഏതാനും ദിവസങ്ങള്‍ ഇന്‍സ്റ്റഗ്രാമായിരുന്നു ഇവരുടെ ആശ്രയം. പിന്നീടത് ഫോണ്‍ കോളിലേക്ക് മാറി. പല രാത്രികളിലും പുലരും വരെയെല്ലാം ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നു. മിക്കപ്പോഴും ബാല്‍ക്കണിയില്‍ വന്നുനിന്ന് പരസ്പരം കണ്ടു. 

ഇപ്പോഴിതാ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്തെ ബാല്‍ക്കണി വിനോദങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയത് മനോഹരമായൊരു ജീവിതം തന്നെയാണെന്നാണ് ഇരുവരുടേയും സാക്ഷ്യപ്പെടുത്തല്‍. രസകരമായൊരു ട്വിസ്റ്റും ഉണ്ട് ഇവരുടെ പ്രണയകഥയിൽ. വര്‍ഷങ്ങളായി ഇരുവരും അതേ അപ്പാർട്ടുമെന്‍റുകളിലാണ് താമസം. എന്നിട്ടും ഇതുവരെ  പരസ്പരം ശ്രദ്ധിക്കുകയോ, പരിചയപ്പെടുകയോ പോലുമുണ്ടായിട്ടില്ല എന്നതാണ് ഏറ്റവും രസകരമായ സംഗതി. എന്തായാലും അടുത്ത സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് എന്‍ഗേജ്‌മെന്റ് പാര്‍ട്ടിയെല്ലാം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്. ഇനി വിവാഹത്തിനുള്ള ഒരുക്കത്തിലേക്ക് കടക്കുകയാണിവര്‍.

Also Read:- ആശുപത്രിക്കിടക്കയില്‍ വിവാഹം; കൊവിഡ് ചികിത്സയിലിരിക്കെ കാമുകിയെ ജീവിതപങ്കാളിയാക്കി യുവാവ്; വീഡിയോ...