Asianet News MalayalamAsianet News Malayalam

ഡോക്ടര്‍മാരോട് 'മനസിലാകുന്ന ഭാഷയില്‍' എഴുതണമെന്ന് കോടതി...

ഡോക്ടറുടെ കയ്യക്ഷരത്തില്‍ പരാതിയുമായി ഒരാള്‍ കോടതിയെ സമീപിച്ചതിന് പിന്നാലെ ശ്രദ്ധേയമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കോടതി. ഒഡീഷയിലാണ് സംഭവം നടന്നിരിക്കുന്നത്. 

court orders that clear handwriting should be followed by doctors
Author
First Published Jan 8, 2024, 6:22 PM IST

ഡോക്ടര്‍മാര്‍ മരുന്നിന് എഴുതിത്തരുമ്പോള്‍ മിക്കപ്പോഴും സംഭവിക്കുന്നൊരു പ്രശ്നമാണ് അത് വായിക്കാൻ സാധിക്കാതിരിക്കുന്ന അവസ്ഥ. പതിവായി പ്രിസ്ക്രിപ്ഷൻ വായിക്കുന്നവരല്ല ഫാര്‍മസിയില്‍ ഉള്ളതെങ്കില്‍ അവര്‍ക്ക് ഏത് മരുന്നാണ് കുറിച്ചിരിക്കുന്നത് എന്ന് തന്നെ മനസിലാകില്ല. അല്ലെങ്കില്‍ ഏത് പരിശോധനയാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്ന് ലാബിലെ ജീവനക്കാര്‍ക്ക് മനസിലാകില്ല. അതും അല്ലെങ്കില്‍ രോഗിയുടെ രോഗവിവരങ്ങള്‍ എഴുതിയ റിപ്പോര്‍ട്ട് രോഗിക്കോ കൂടെയുള്ളവര്‍ക്കോ വായിച്ച് മനസിലാക്കാൻ സാധിക്കാതിരിക്കുന്ന അവസ്ഥ. 

ഇത് കാലാകാലങ്ങളായി വിമര്‍ശനം നേരിടുന്ന, വിവാദത്തിലാകാറുള്ള ഒരു പ്രശ്നം തന്നെയാണ്. പലപ്പോഴും രോഗിയോ മറ്റുള്ളവരോ ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കുന്ന അവസ്ഥ വരെയുണ്ടാകാറുണ്ട്. 

ഇപ്പോഴിതാ ഇത്തരത്തില്‍ ഡോക്ടറുടെ കയ്യക്ഷരത്തില്‍ പരാതിയുമായി ഒരാള്‍ കോടതിയെ സമീപിച്ചതിന് പിന്നാലെ ശ്രദ്ധേയമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കോടതി. ഒഡീഷയിലാണ് സംഭവം നടന്നിരിക്കുന്നത്. 

പാമ്പുകടിയേറ്റ് മകൻ മരിച്ചതിന് പിന്നാലെ രസനന്ദ ഭോയ് എന്നയാളാണ് ഡോക്ടര്‍മാരുടെ കയ്യക്ഷരത്തെ ചൊല്ലിയുള്ള പരാതിയുമായി കോടതിയെ സമീപിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടക്കം ഡോക്ടര്‍മാര്‍ എഴുതുന്നത് ആര്‍ക്കും മനസിലാകാത്ത അവസ്ഥയുണ്ടെന്നും, പൊലീസിനോ കോടതിക്കോ പോലും പല കേസുകളിലും ഇക്കാരണം കൊണ്ട് വ്യക്തമായ വിധിയിലേക്ക് എത്താതിരിക്കാൻ സാധിക്കാറുണ്ടെന്നും ഒറീസ ഹൈക്കോടതി കേസ് പരിഗണിക്കവെ അറിയിച്ചു. 

ഇനി മുതല്‍ ഡോക്ടര്‍മാര്‍ വളഞ്ഞുപുളഞ്ഞുള്ള എഴുത്ത് രീതി ഉപേക്ഷിക്കണമെന്നും ഒന്നുകില്‍ ക്യാപിറ്റല്‍ ലെറ്റേഴ്സില്‍ (വലിയ അക്ഷരത്തില്‍) എഴുതുക, അല്ലെങ്കില്‍ മനസിലാകുന്ന രീതിയില്‍ വ്യക്തമായും വൃത്തിയായും എഴുതുക എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവ് കോടതി ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല സ്വകാര്യ ക്ലിനിക്കുകളിലും മെഡിക്കല്‍ കോളേജുകളിലും മെഡിക്കല്‍ സെന്‍ററുകളിലുമെല്ലാം പ്രായോഗികമാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 

2020ലും ഒറീസ ഹൈക്കോടതി സമാനമായൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒതു തടവുകാരന്‍റ് ജാമ്യാപേക്ഷയ്ക്കൊപ്പമുണ്ടായിരുന്ന പ്രിസ്ക്രിപ്ഷൻ വായിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. 

Also Read:- 'കാണാൻ രസമുണ്ട്, പക്ഷേ ഇത് ശരിയല്ല'; യുവാവിന്‍റെ 'പെറ്റ്' വീഡിയോക്ക് വിമര്‍ശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios