എന്തെങ്കിലുമൊരു അപകടം സംഭവിക്കുന്ന സമയങ്ങളിലോ പ്രകൃതിദുരന്തങ്ങളിലോ എല്ലാം ഉടമസ്ഥരെ വിടാതെ അനുഗമിക്കുന്ന വളര്‍ത്തുമൃഗങ്ങളെ കണ്ടിട്ടില്ലേ? ഈ സമര്‍പ്പണം തന്നെ ഇവയുടെ ആത്മാര്‍ത്ഥതയുടെ ലക്ഷണം. 

വളര്‍ത്തുമൃഗങ്ങളും അവയുടെ ഉടമസ്ഥരും തമ്മിലുള്ള ബന്ധം കാണുമ്പോള്‍ ചിലപ്പോഴെങ്കിലും നമ്മുടെ മനസ് നിറയാറില്ലേ? പട്ടിയോ പൂച്ചയോ കോഴിയോ ആടോ പശുവോ എന്തുമാകട്ടെ, ഭക്ഷണം നല്‍കി തന്നെ പരിപാലിച്ച് കൊണ്ടുപോകുന്ന വീട്ടുകാരോട് ഈ മിണ്ടാപ്രാണികള്‍ പുലര്‍ത്തുന്ന സ്നേഹവും കരുതലും ചെറുതല്ല. 

ഒരുപക്ഷെ മനുഷ്യരെക്കാള്‍ മനുഷ്യരോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നത് വളര്‍ത്തുമൃഗങ്ങളാണെന്ന് വരെ വാദമുയരുന്നത് ഇക്കാരണം കൊണ്ട് തന്നെയാണ്. എന്തെങ്കിലുമൊരു അപകടം സംഭവിക്കുന്ന സമയങ്ങളിലോ പ്രകൃതിദുരന്തങ്ങളിലോ എല്ലാം ഉടമസ്ഥരെ വിടാതെ അനുഗമിക്കുന്ന വളര്‍ത്തുമൃഗങ്ങളെ കണ്ടിട്ടില്ലേ? ഈ സമര്‍പ്പണം തന്നെ ഇവയുടെ ആത്മാര്‍ത്ഥതയുടെ ലക്ഷണം. 

അത്തരത്തിലുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. തുറസായ പുല്‍മേടുകളില്‍ മേഞ്ഞുനടന്ന ശേഷം തിരികെ വീട്ടിലേക്ക് പോകാനൊരുങ്ങി നില്‍ക്കുന്നൊരു പശുവിനെയാണ് വീഡിയോയില്‍ കാണുന്നത്. 

സദാസമയവും വാഹനങ്ങള്‍ പാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന സാമാന്യം തിരക്കുള്ളൊരു റോഡിന് വശത്തായി കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടിയുള്ള സീബ്ര ലൈനിന് സമീപത്ത് നില്‍ക്കുകയാണ് പശു. റോഡ് മുറിച്ചുകടക്കുന്നതിനാണ് പശുവിന്‍റെ നില്‍പ് എന്നത് വ്യക്തം. ഇത് കണ്ട് അതുവഴി വരുന്ന വാഹനങ്ങളെല്ലാം ഒന്ന് നിര്‍ത്തി, സംശയിച്ചാണ് പിന്നീട് മുന്നോട്ട് പോകുന്നത്. 

നിരവധി വാഹനങ്ങള്‍ ഇതുപോലെ ആ വഴി കടന്നുപോകുന്നുണ്ട്. എന്നാല്‍ പശു അനങ്ങുന്നില്ല. റോഡ് മുറിച്ചുകടക്കാൻ അതിന് പേടിയാണെന്ന കാര്യം ഇതോടെ ഉറപ്പാകുന്നു. ഏറെ നേരം കഴിഞ്ഞപ്പോള്‍ എതിര്‍ദിശയില്‍ നിന്ന് പശുവിന്‍റെ ഉടമസ്ഥൻ ഇങ്ങോട്ട് വരികയാണ്. ഇദ്ദേഹം പതിയെ നടന്ന് പശുവിന് അരികിലെത്തുകയും അതിനെ കൊഞ്ചിച്ചുകൊണ്ട് റോഡ് മുറിച്ചുകടത്തുകയും ചെയ്യുകയാണ്.

ഇത്രയും നേരം ഉടമസ്ഥൻ വരാനാണ് പശു കാത്തുനിന്നതെന്ന് വ്യക്തം. പശുവിന്‍റെ ഉടമസ്ഥനോടുള്ള വിശ്വാസവും ആശ്രയത്വവും അനുസരണയും ഇഷ്ടവുമെല്ലാം വീഡിയോ കണ്ടവരെയെല്ലാം ആകര്‍ഷിച്ചിരിക്കുകയാണ്. പോകും വഴിയെല്ലാം ഉടമസ്ഥൻ പശുവിനെ ഓമനിക്കുന്നതും ഉമ്മ വയ്ക്കുന്നതെല്ലാം വീഡിയോയില്‍ കാണാം. നിരവധി പേരാണ് ഈ വീഡിയോ ഇഷ്ടത്തോടെ പങ്കുവയ്ക്കുന്നത്. 

വീഡിയോ കാണാം..

Also Read:- ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ പശു; വീഡിയോ വമ്പൻ പ്രതിഷേധങ്ങളുണ്ടാക്കുന്നു