ഹോട്ടലുകളിലും മറ്റും ബില്ല് അടയ്ക്കുന്നതിനൊപ്പം നാം ടിപ്പ് വയ്ക്കാറുണ്ട്. അവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഉദ്ദേശിച്ചാണ് നമ്മള്‍ ഇത്തരത്തില്‍ ടിപ്പ് വയ്ക്കുന്നത്. 10 മുതല്‍ 50 രൂപ വരെയൊക്കെ ആകും പലരും ടിപ്പ് വയ്ക്കുന്നത്. എന്നാല്‍ ഇവിടെയൊരു കസ്റ്റമര്‍  ടിപ്പ് വച്ചത് ലക്ഷങ്ങളാണ്. 

5600 ഡോളർ (ഏകദേശം 4 ലക്ഷം രൂപ) ആണ് ഈ ഉപഭോക്താവ് ടിപ്പ് നൽകിയത്. അമേരിക്കയിലെ ടോളിഡോ നഗരത്തിലുള്ള സൂക്ക് മെഡിറ്ററേനിയൻ കിച്ചൻ റസ്റ്ററന്റിലാണ് സംഭവം നടന്നത്. ഡിസംബർ 12ന് രാത്രി അത്താഴം കഴിക്കാൻ എത്തിയ ആളാണ് റസ്റ്ററന്റ് ജീവനക്കാരെ ഞെട്ടിച്ചത്. ജീവനക്കാർക്ക് ഈ തുക വീതിച്ചു നൽകാന്‍ റസ്റ്ററന്റ് ഉടമയോട് ആവശ്യപ്പെട്ട ഇയാൾ, തന്റെ പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

തുടര്‍ന്ന് ഈ തുക ഉടമ റസ്റ്ററന്റിലെ 28 ജീവനക്കാർക്കായി വീതിച്ചു നൽകി. ക്രിസ്മസ് അടുത്തുവരുന്ന സാഹചര്യത്തിൽ  ഇങ്ങനെയൊരു തുക ലഭിച്ചത് വളരെ സന്തോഷം നൽകുന്നുവെന്നാണ് ജീവനക്കാർ സിഎൻഎൻ ചാനലിനോട് പ്രതികരിച്ചത്. ഒപ്പം ഇങ്ങനെയൊരു ക്രിസ്മസ് സമ്മാനം നൽകിയ വ്യക്തിയോട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

Also Read: ഹോട്ടല്‍ ബില്ലിനൊപ്പം കസ്റ്റമര്‍ നല്‍കിയത് മൂന്നര ലക്ഷത്തിന്റെ ടിപ്പ്...