സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നോ വീഡിയോകളില്‍ നിന്നോ അവരുടെ വസ്ത്രത്തെ അടര്‍ത്തിയെടുത്ത് അവരെ വിമര്‍ശിക്കുക, അല്ലെങ്കില്‍ അവര്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ വച്ച് അവരെ അളക്കുക എന്നിങ്ങനെയുള്ള വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമായി നടക്കാറുണ്ട്. പലപ്പോഴും ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട് 

വസ്ത്രധാരണത്തെ മുന്‍നിര്‍ത്തി ( Dressing Style ) ഒരു വ്യക്തിയെ അളക്കുന്നത് തീര്‍ത്തും യുക്തിരഹിതമായ കാര്യമാണ്. പലപ്പോഴും സ്ത്രീകളാണ് ഇത്തരത്തിലുള്ള വിധിയെഴുത്തുകള്‍ക്ക് ഇരകളാകാറ്. പ്രത്യേകിച്ചും സെലിബ്രിറ്റികളായ സ്ത്രീകള്‍ ( Celebrity Person ). 

സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നോ വീഡിയോകളില്‍ നിന്നോ അവരുടെ വസ്ത്രത്തെ അടര്‍ത്തിയെടുത്ത് അവരെ വിമര്‍ശിക്കുക, അല്ലെങ്കില്‍ അവര്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ വച്ച് അവരെ അളക്കുക എന്നിങ്ങനെയുള്ള വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമായി നടക്കാറുണ്ട്. 

പലപ്പോഴും ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടി ദീപിക പദുകോണും ഇതേ രീതിയില്‍ തന്നെ അപഹസിച്ചയാള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ദീപിക തന്റെ പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി പങ്കുവച്ച ഫോട്ടോയില്‍ ധരിച്ച വസ്ത്രം മുന്‍നിര്‍ത്തി ദീപികയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഫ്രഡി ബേര്‍ഡിയാണ്. 

സിനിമയുടെ റിലീസ് അടുത്തുവരുന്നതിന് അനുസരിച്ച് വസ്ത്രത്തിന്റെ അളവും കുറഞ്ഞുവരുമെന്നതാണ് 'ന്യൂട്ടണ്‍സ് ലോ ഓഫ് ബോളിവുഡ്' എന്നതായിരുന്നു ഫ്രെഡിയുടെ പ്രസ്താവന. ഇത് ദീപികയെ അപമാനിക്കുന്നതാണെന്ന് കാട്ടി സോഷ്യല്‍ മീഡിയയില്‍ തന്നെ നിരവധി പേര്‍ ഫ്രഡിക്കെതിരായി നിന്നു. 

പരോക്ഷമായാണെങ്കിലും ഇതിനോടുള്ള പ്രതികരണം ദീപികയും അറിയിച്ചു. ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് പ്രപഞ്ചം പ്രോട്ടോണുകളാലും ഇലക്ട്രോണുകളാലും ന്യൂട്രോണുകളാലും നിര്‍മ്മിതമാണെന്നാണ്. എന്നാല്‍ മോറോണുകളെ കുറിച്ച് പറയാന്‍ ഇവര്‍ മറന്നുപോയതാണ് എന്നായിരുന്നു ദീപിക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പ്രതികരണം. 

'മോറോണ്‍' എന്നാല്‍ ബുദ്ധിവികാസമില്ലാത്തത് എന്നാണ് അര്‍ത്ഥം. ഇത് തന്നെ ഉദ്ദേശിച്ചാണെന്ന് മനസിലാക്കിയ ഫ്രഡി, ദീപികയെ വസ്ത്രത്തിന്റെ പേരില്‍ പരിഹസിച്ചിട്ടില്ലെന്നും ദീപികയ്ക്ക് ഏത് തരം വസ്ത്രവും ധരിക്കാമെന്നും മറുപടിയായി കുറിച്ചു. തന്നെ 'മോറോണ്‍' എന്ന് വിളിച്ചതാണ് ദീപിക കരിയറില്‍ ഇതുവരെ ആകെ പറഞ്ഞിട്ടുള്ള നിര്‍വ്യാജമായ സംഗതിയെന്നും പരിഹസിച്ചുകൊണ്ട് ഫ്രഡി എഴുതി. 

പരിഹാസരീതിയിലുള്ള തമാശകളിലൂടെ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഫ്രഡി ശ്രദ്ധേയനായിട്ടുള്ളത്. മുമ്പും സ്ത്രീകളെ അനാദരിക്കും വിധത്തിലുള്ള പ്രസ്താവനകളുടെ പേരില്‍ ഫ്രഡി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും ദീപികയുടെ വിഷയത്തില്‍ പരക്കെ സോഷ്യല്‍ മീഡിയയില്‍ ഫ്രഡിക്കെതിരെ വിമര്‍ശനമുയര്‍ന്നു എന്നതാണ് വാസ്തവം.

Also Read:- കളിയാക്കിയ സുഹൃത്തിനെ ഒഴിവാക്കി; ബോഡി ഷെയിമിങ് അനുഭവം പങ്കുവച്ച് രശ്മി സോമൻ