ദില്ലി: കുറച്ച് ദിവസങ്ങളായി വായു മലിനീകരണത്തിൽപ്പെട്ട് ശ്വാസം മുട്ടി കഴിയുകയാണ് രാജ്യതലസ്ഥാനം. ശ്വസിക്കാൻ ശുദ്ധവായു ലഭിക്കാത്തതിനെ തുടർന്ന് വലിയ ബുദ്ധിമുട്ടാണ് ദില്ലിയിലെയും പരിസരപ്രദേശങ്ങളിലുമുള്ള ആളുകള്‍ അനുഭവിക്കുന്നത്. നഗരത്തിലെത്തിയാൽ വിഷ പുക ശ്വസിച്ച്  ശ്വാസതടസ്സമുണ്ടാകുമെന്ന അവസ്ഥ വന്നപ്പോൾ ആളുകൾ വീടിന് പുറത്തിറങ്ങാതെയായി. ഇത്തരത്തിൽ ശുദ്ധവായു കിട്ടാതെ ആളുകൾ വലയുന്നതിനിടെ ദില്ലിക്കാർക്ക് ആശ്വാസകരമായ വാർത്തയാണ് പുറത്തുവരുന്നത്.

വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടിനിൽക്കുന്ന ദില്ലിയിൽ ശുദ്ധവായു വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് ഒരു സ്ഥാപനം. ദില്ലിയിലെ സകേതിൽ പ്രവർത്തിക്കുന്ന 'ഓക്സി പ്യൂർ' എന്ന പേരിലറിയപ്പെടുന്ന ഒരു ഓക്സിജൻ ബാറാണ് ശ്വസിക്കാനായി ഓക്സിജൻ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. പതിനഞ്ച് മിനിട്ട് നേരത്തേക്ക് ശുദ്ധവായു ശ്വസിക്കാൻ 299 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ മെയ് മാസമാണ് ഓക്സി പ്യൂർ സാകേതിൽ പ്രവർത്തനം തുടങ്ങിയത്.

ചെറുനാരങ്ങ ഇല, ഓറഞ്ച്, കറുവാപ്പട്ട, യൂക്കാലി, ലാവൻഡർ തുടങ്ങിയ വ്യത്യത മണങ്ങളോടുകൂടി ശുദ്ധവായു ഉപഭോക്താവിന് ശ്വസിക്കാൻ സാധിക്കുമെന്നതാണ് ഓക്സിജൻ ബാറിന്റെ പ്രത്യേകത. അന്തരീക്ഷത്തിന്റെ മർദ്ദം ക്രമീകരിച്ച് വ്യത്യസ്ത സുഗന്ധങ്ങളോടുകൂടിയാണ് ശ്വസിക്കാൻ ഓക്സിജൻ നൽകുന്നതെന്ന് സ്ഥാപനത്തിന്റെ ജീവനക്കാരനായ ബോണി പറഞ്ഞു. ഉപഭോക്താവിന് അവർക്ക് ആവശ്യമുള്ള സുഗന്ധത്തോടുകൂടിയ ഓക്സിജൻ ട്യൂബിൽ നിറച്ചാണ് നൽകുക. ഒരാൾക്ക് ഒരു ദിവസം ഒറ്റത്തവണ മാത്രമേ ശുദ്ധവായു ശ്വസിക്കാൻ അവസരം നൽകുകയുള്ളുവെന്നും ബോണി കൂട്ടിച്ചേർത്തു.

ഇതുകൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്. ശുദ്ധവായു ശ്വസിക്കുന്നത് ഉപഭോക്താവിന്റെ മനസ്സിനും ശരീരത്തിനും ഒരുപോലെ ​ഗുണം ചെയ്യും. ഉറക്കം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും തൊലി തിളങ്ങുന്നതിനും സഹായിക്കും. വിഷാദരോ​ഗം പരിഹരിക്കപ്പെടുന്നതിനും ദഹന പ്രക്രിയ വേഗത്തിലാകക്കുന്നതിനും സഹായിക്കുമെന്നും ബോണി വ്യക്തമാക്കി.