കടും പച്ച നിറത്തില്‍ മുഴുനീള ഗൗണ്‍. ഒറ്റനോട്ടത്തില്‍ മുത്തും, നെറ്റും, ത്രെഡ് വര്‍ക്കുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. ഹിന്ദി ബിഗ് ബോസ്സ് 12ലൂടെ ശ്രദ്ധേയയായ നേഹ പന്‍സെയുടെ എന്‍ഗേജ്‌മെന്റ് ഗൗണാണിത്. നിശ്ചയത്തിന് പിന്നാലെ ഇക്കഴിഞ്ഞ അഞ്ചിന് തന്നെ ബിസിനസുകാരനായ ശര്‍ദൂല്‍ സിംഗ് ബയാസുമായി നേഹയുടെ വിവാഹവും കഴിഞ്ഞിരുന്നു.

വിവാഹശേഷം നേഹയുടെ വസ്ത്രങ്ങളെ കുറിച്ചാണ് ചര്‍ച്ചകളേറെയും നടക്കുന്നത്. ആദ്യം പറഞ്ഞത് പോലെ, എന്‍ഗേജ്‌മെന്റ് ഗൗണ്‍ മുതല്‍ വിവാഹശേഷം ധരിച്ച കളര്‍ഫുള്ളായ മിഡിയും ടോപ്പും വരെ ആരാധകരെ മയക്കിയിരിക്കുകയാണ്. എല്ലാം ഒന്നിനൊന്ന് മികച്ച ഡിസൈനുകളാണെന്നാണ് പൊതുവേ ഉയര്‍ന്നുകേള്‍ക്കുന്ന അഭിപ്രായം. സോഷ്യല്‍ മീഡിയയിലും നേഹ പങ്കുവയ്ക്കുന്ന വിവാഹഫോട്ടോകള്‍ക്ക് വന്‍ വരവേല്‍പാണ് ലഭിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 

A little US before the big WE ❤️ 📸 @thecelebstories

A post shared by NEHHA PENDSE BAYAS (@nehhapendse) on Jan 3, 2020 at 9:01pm PST

 

ഇതിനിടെയാണ് നേഹയുടെ എന്‍ഗേജ്‌മെന്റ് ഗൗണിനെക്കുറിച്ച് അമ്പരപ്പിക്കുന്നൊരു വിവരം പങ്കുവച്ചുകൊണ്ട് ഇതിന്റെ ഡിസൈനര്‍മാരായ 'കല്‍കി ഫാഷന്‍ ഫിറ്റ് ആന്റ് ഫ്‌ളെയര്‍ ഗൗണ്‍' രംഗത്തെത്തിയിരിക്കുന്നത്. കടും പച്ച നിറത്തിലുള്ള ഗൗണ്‍ ഡിസൈന്‍ ചെയ്യാനായി 2,208 മണിക്കൂര്‍ സമയമെടുത്തു എന്നാണിവരുടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഇത്രയും മണിക്കൂറുകള്‍ ഈ ഗൗണ്‍ തയ്യാറാക്കാന്‍ ആവശ്യമായി വന്നെങ്കില്‍ അത്രമാത്രം പ്രത്യേകതകളും ഇതിന് കാണണമല്ലോ, അല്ലേ?

ഏഴ് തരത്തിലുള്ള എംബ്രോയിഡറി ഡിസൈനുകളാണത്രേ പ്രധാനമായും ഗൗണിലുപയോഗിച്ചിരിക്കുന്നത്. പല തട്ടുകളിലായി ചെയ്തിരിക്കുന്ന ത്രെഡ് വര്‍ക്ക്, കൈ കൊണ്ട് ചെയ്തിരിക്കുന്ന സെല്‍ഫ് എംബ്രോയിഡറി, കൈ കൊണ്ട് തന്നെ ചെയ്തിരിക്കുന്ന പൂക്കളുടെ എംബ്രോയിഡറി, ഇടയ്ക്ക് ഫ്രഞ്ച് ക്‌നോട്ട്‌സ്, തിളക്കത്തിനായി പച്ച ക്രിസ്റ്റലുകള്‍. എല്ലാത്തിനും പുറമെ മുഴുനീളത്തില്‍ കിടക്കുന്ന വിംഗ്‌സും... ഇങ്ങനെ പോകുന്നു ഈ ഗൗണിന്റെ പ്രത്യേകതകള്‍.

 

 
 
 
 
 
 
 
 
 
 
 
 
 

Outfit: @kalkifashion jewellery: @narayanjewels Styled by @nehachaudhary_ 📸 @thecelebstories

A post shared by NEHHA PENDSE BAYAS (@nehhapendse) on Jan 5, 2020 at 6:45am PST

 

2,208 മണിക്കൂറിന്റെ ഡിസൈനിംഗ് ആണോ എന്നൊന്നും പറയാനാകില്ലെങ്കിലും വീണ്ടും വീണ്ടും നോക്കുംതോറും പുതുമകളോടെ തെളിഞ്ഞുവരുന്ന ഒരുകൂട്ടം ഡിസൈനുകള്‍ നേഹയുടെ ഗൗണിലുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുനെയില്‍ വച്ചുനടന്ന വിവാഹത്തില്‍ ഇളം പിങ്ക് നിറത്തിലുള്ള പരമ്പരാഗത മഹാരാഷ്ട്ര സാരിയാണ് നേഹ അണിഞ്ഞിരുന്നത്. ഇതിനൊപ്പം ധരിച്ച ആഭരണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

'മെയ്ഡ് ഇന്‍ യുഎസ്എ' എന്ന മലയാളചിത്രം ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നുവെങ്കിലും ടെലിവിഷന്‍ ഷോകളിലൂടെയാണ് നേഹ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. 'മേ ഐ കം ഇന്‍ മാഡം', 'ബിഗ് ബോസ്സ് 12' എന്നീ ഷോകളാണ് നേഹയെ പ്രശസ്തിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. ഏറെ നാളായി ശര്‍ദൂല്‍ സിംഗുമായി പ്രണയത്തിലായിരുന്നു നേഹ. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ തന്നെ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഗോസിപ്പുകള്‍ക്ക് അധികം ഇടം കൊടുക്കാതെ വൈകാതെ വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.