ചുണ്ടിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും സ്വാഭാവിക നിറം നൽകാനും സഹായിക്കുന്ന, തേൻ-പഞ്ചസാര, കാപ്പി-വെളിച്ചെണ്ണ, ബീറ്റ്‌റൂട്ട്, ബ്രൗൺ ഷുഗർ എന്നിങ്ങനെ നാല് തരം സ്‌ക്രബുകൾ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്നും അവയുടെ ഗുണങ്ങളെന്താണെന്നും നോക്കാം.
നമ്മുടെ മുഖത്തെ ഏറ്റവും ആകർഷകമായ ഭാഗങ്ങളിൽ ഒന്നാണ് ചുണ്ടുകൾ. എന്നാൽ വരണ്ട കാലാവസ്ഥയും കറുത്ത പാടുകളും കാരണം ചുണ്ടുകളുടെ ഭംഗി നഷ്ടപ്പെടുന്നത് ഒരുപാട് പേരുടെ വിഷമമാണ്. ചുണ്ടുകൾക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാൽ അവയുടെ സ്വാഭാവിക നിറവും മൃദുത്വവും ഇല്ലാതാകും. ഇതിന് ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ പരിഹാരമാണ് ലിപ് സ്‌ക്രബുകൾ. അതിന് വേണ്ടി കടയിൽ പോയി കാശ് കളയേണ്ട, വീട്ടിലുള്ള ചേരുവകൾ വെച്ച് തന്നെ കിടിലൻ സ്‌ക്രബുകൾ ഉണ്ടാക്കാം. വേഗത്തിൽ തയ്യാറാക്കാവുന്ന 4 ലിപ് സ്‌ക്രബുകൾ പരിചയപ്പെടാം.
1. തേൻ-പഞ്ചസാര സ്‌ക്രബ്

ചുണ്ടിന് വേണ്ട പോഷകങ്ങളും ഈർപ്പവും നൽകാൻ ഏറ്റവും മികച്ചതാണ് ഈ സ്‌ക്രബ്.
ചേരുവകൾ: പഞ്ചസാര - 1 ടീസ്പൂൺ, തേൻ - 1 ടീസ്പൂൺ, വെളിച്ചെണ്ണ/ഒലിവ് ഓയിൽ (ഓപ്ഷണൽ) - 1/2 ടീസ്പൂൺ
ഒരു പാത്രത്തിൽ പഞ്ചസാരയും തേനും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് എണ്ണ ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം ചുണ്ടിൽ പുരട്ടി, മൃദുവായി 1-2 മിനിറ്റ് വൃത്താകൃതിയിൽ മസാജ് ചെയ്യുക. ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക. പഞ്ചസാര ചുണ്ടിൽ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുകയും തേൻ ഈർപ്പം നിലനിർത്തുകയും ചെയുന്നു.
2. കാപ്പിപ്പൊടി - വെളിച്ചെണ്ണ സ്‌ക്രബ്

ചുണ്ടുകൾക്ക് നിറം മങ്ങലുണ്ടെങ്കിൽ കാപ്പി സ്‌ക്രബ് പരീക്ഷിക്കാം. കാപ്പിയിലെ ആന്റിഓക്‌സിഡന്റുകൾ രക്തയോട്ടം കൂട്ടാനും സഹായിക്കും.
ചേരുവകൾ: കാപ്പിപ്പൊടി (നല്ല തരിയുള്ളത്) - 1 ടീസ്പൂൺ, വെളിച്ചെണ്ണ - 1 ടീസ്പൂൺ, തേൻ (ഓപ്ഷണൽ) - 1/2 ടീസ്പൂൺ.
കാപ്പിപ്പൊടി, വെളിച്ചെണ്ണ, തേൻ എന്നിവ ഒരുമിച്ച് ചേർത്ത് സ്‌ക്രബ് രൂപത്തിലാക്കുക. ചുണ്ടിൽ പുരട്ടി, വളരെ ശ്രദ്ധയോടെ മെല്ലെ ഉരസുക. രണ്ട് മിനിറ്റിനുശേഷം കഴുകി കളയുക. കാപ്പി മൃതകോശങ്ങൾ നീക്കാനും ചുണ്ടിന് നല്ല നിറം നൽകാനും സഹായിക്കുന്നു, വെളിച്ചെണ്ണ ചുണ്ടിന് ഈർപ്പം നൽകുന്നു.
3. ബീറ്റ്‌റൂട്ട്-പഞ്ചസാര സ്‌ക്രബ്

ചുണ്ടുകൾക്ക് സ്വാഭാവികമായ പിങ്ക് നിറം നൽകാൻ ബീറ്റ്‌റൂട്ട് സ്‌ക്രബിന് കഴിയും.
ചേരുവകൾ: ബീറ്റ്‌റൂട്ട് നീര് - 1 ടീസ്പൂൺ പഞ്ചസാര - 1 ടീസ്പൂൺ, ഗ്ലിസറിൻ (ഓപ്ഷണൽ) - 2 തുള്ളി.
ബീറ്റ്‌റൂട്ട് നീരിലേക്ക് പഞ്ചസാരയും ഗ്ലിസറിനും ചേർത്ത് ഇളക്കുക. ഈ മിശ്രിതം ചുണ്ടിൽ പുരട്ടി 1-2 മിനിറ്റ് സ്ക്രബ്ബ് ചെയ്യുക. ഇത് 5 മിനിറ്റ് ചുണ്ടിൽ വെച്ച ശേഷം കഴുകി കളയുന്നത് നല്ല നിറം കിട്ടാൻ സഹായിക്കും. ഈ സ്ക്രബ് ചുണ്ടിന് സ്വാഭാവിക പിങ്ക് നിറം നൽകുന്നു, കൂടാതെ വരണ്ട ചുണ്ടുകൾ മാറ്റാനും ഉത്തമം.
4. ബ്രൗൺ ഷുഗർ - വാനില സ്‌ക്രബ്
സുഗന്ധമുള്ള ഈ സ്‌ക്രബ് ചുണ്ടുകൾക്ക് കൂടുതൽ മൃദുത്വം നൽകും.
ചേരുവകൾ: ബ്രൗൺ ഷുഗർ - 1 ടേബിൾ സ്പൂൺ, ബദാം ഓയിൽ (അല്ലെങ്കിൽ ഒലിവ് ഓയിൽ) - 1 ടീസ്പൂൺ, വാനില എക്‌സ്ട്രാക്‌റ്റ് - 1/2 ടീസ്പൂൺ.
ഈ ചേരുവകളെല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചുണ്ടിൽ പുരട്ടി മസാജ് ചെയ്ത്, ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക. ബ്രൗൺ ഷുഗർ സാധാരണ പഞ്ചസാരയെക്കാൾ മൃദുവാണ്. വാനിലയുടെ സുഗന്ധം ഇതിന് പ്രത്യേക അനുഭൂതി നൽകും.
ശ്രദ്ധിക്കുക: ലിപ് സ്‌ക്രബ് ആഴ്ചയിൽ 1-2 തവണ മാത്രം ഉപയോഗിക്കുക. സ്‌ക്രബ് ചെയ്ത ശേഷം നിർബന്ധമായും ലിപ് ബാം പുരട്ടി ചുണ്ടുകൾക്ക് ഈർപ്പം നൽകണം.


