കൊറോണ കാലത്ത്  ആരോഗ്യത്തിലും പാചകത്തിലും ഫിറ്റ്നസിലും പിന്നെ  സൗന്ദര്യ സംരക്ഷണത്തിലും ശ്രദ്ധ നല്‍കിയിരിക്കുകയാണ് മിക്ക സ്ത്രീകളും. അക്കൂട്ടത്തില്‍ ബോളിവുഡ് നടി ബിപാഷ ബസുവുമുണ്ട്. ബോളിവുഡിലെ ഗ്ലാമറസും ഹോട്ടുമായ നടിയാണ് ബിപാഷ ബസു. ഫിറ്റ്നസില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ബിപാഷ വര്‍ക്കൗട്ട് വീഡിയോകളും സൗന്ദര്യ സംരക്ഷണ ടിപ്സുകളുമായി ആരാധകരുടെ മുന്‍പില്‍ നിരന്തരം എത്താറുണ്ട്. 

ഇപ്പോഴിതാ തലമുടി സംരക്ഷണത്തിനായുള്ള ഒരു കിടിലന്‍ ഹെയര്‍ മാസ്കുമായാണ് താരം എത്തിയിരിക്കുന്നത്. തലമുടി കൊഴിച്ചിലാണ് ഇപ്പോള്‍ പലർക്കും വലിയ പ്രശ്നമായി മാറിയിരിക്കുന്നത്. ഇതിനൊരു പരിഹാരമാകും ബിപാഷയുടെ ഈ ഹെയര്‍ മാസ്ക്. തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന സവാള ജ്യൂസാണ് താരം ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. 

സവാള ജ്യൂസ് തലയില്‍ പുരട്ടുന്ന വീഡിയോ ആണ് ബിപാഷ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. താരൻ അകറ്റാനും തലമുടികൊഴിച്ചിൽ തടയാനും മുടി തഴച്ച് വളരാനും സവാള ജ്യൂസ് സഹായിക്കും. ഇതിനായി രണ്ട് സവാളയെടുത്ത് മിക്സിയിലിട്ട് അടിച്ച് ജ്യൂസ് പരുവത്തിലാക്കുക. എന്നിട്ട് നീര് മാത്രം അരിച്ചെടുക്കുക. ശേഷം ഈ നീര് തലയില്‍ പുരട്ടാം. എന്നിട്ട് നന്നായി മസാജ് ചെയ്യാം. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം. ഇത് താന്‍ ആഴ്ചയില്‍ ഒരുതവണ ചെയ്യാറുണ്ടെന്നും ബിപാഷ പറയുന്നു. 

 

Also Read: ആരോഗ്യമുള്ള ചര്‍മ്മത്തിന് പരീക്ഷിക്കാം ബിപാഷയുടെ ഈ ഫേസ് പാക്ക് !