ലോകത്തെയൊന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെ ജനങ്ങളെ ആശയക്കുഴപ്പത്തിലോ പരിഭ്രാന്തിയിലോ ആക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ അഭിപ്രായപ്രകടനങ്ങളോ നടത്തിയാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് വിവിധ സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അത് മുഖവിലക്കെടുക്കാതെ വ്യാജപ്രചരണങ്ങളിലേര്‍പ്പെടുകയാണ് പലരും. 

ഇപ്പോഴിതാ അത്തരം അശാസ്ത്രീയമായ പ്രസ്താവന നടത്തിയതിന് മുംബൈയില്‍ ഒരു ഡോക്ടര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ (എംഎംസി). ദാദറില്‍ നിന്നുള്ള ഡോ. അനില്‍ പാട്ടീലിനോടാണ് എംഎംസി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. 

ഒരു അഭിമുഖത്തിനിടെ ഡോക്ടര്‍ നടത്തിയ പ്രസ്താവനകളാണ് വിവാദമായത്. കൊറോണ വൈറസ് എന്ന് പറയുന്നത് ചൈനയുടെ സാങ്കല്‍പിക സൃഷ്ടിയാണെന്നും ഇന്ത്യയില്‍ നിലവിലുള്ള കാലാവസ്ഥയില്‍ ഇത്തരമൊരു വൈറസിന് നിലനില്‍ക്കാനാകില്ലെന്നുമായിരുന്നു ഡോ. അനില്‍ പാട്ടീല്‍ അഭിപ്രായപ്പെട്ടത്. 2002ല്‍ ചൈനയില്‍ നിന്നുത്ഭവിച്ച സാര്‍സ് രോഗം ഇന്ത്യയെ ബാധിച്ചില്ലെന്നും ഇതിന് ഉദാഹരണമായി ഇദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. 

ഈ അഭിമുഖത്തിന്റെ വീഡിയോ പിന്നീട് വൈറലാവുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ട് എംഎംസി രംഗത്തെത്തിയിരിക്കുന്നത്. ആധികാരികമായ ഏതെങ്കിലും പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണോ ഇത്തരം പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്, അല്ലെങ്കില്‍ എന്താണ് ഈ വാദങ്ങളുടെയെല്ലാം ആധാരം എന്നാണ് എംഎംസിയുടെ ചോദ്യം. സംഭവം വിവാദമായതിന് ശേഷം ഇതുവരെ ഡോ.അനില്‍ പാട്ടീല്‍ തന്റെ പ്രതികരണം അറിയിച്ചിട്ടില്ല.