ചെന്നൈ: ചെന്നൈയിലെ റെയില്‍ വേ സ്റ്റേഷനില്‍ ആരോ ഉപേക്ഷിച്ചതാണ് ഈ തെരുവുനായയെ. അന്ന് മുതല്‍ ഇവിടെ വരുന്ന യാത്രക്കാരാണ് നായയ്ക്ക് ഭക്ഷണം നല്‍കുന്നത്. ചെന്നൈയിലെ പാര്‍ക്ക് ടൗണ്‍ റെയില്‍വെ സ്റ്റേഷനിലാണ് കാവലായി ഈ നായയുള്ളത്. 

റെയില്‍വെ സുരക്ഷാ സേനയുടെ ജോലി കൂടിയുണ്ട് ഈ നായക്ക്. രാവിലെത്തന്നെ പ്ലാറ്റ്ഫോമിലെത്തി ആ ജോലി ഏറ്റെടുത്ത് തുടങ്ങും. ആരെങ്കിലും അനധികൃതമായി റെയില്‍വെ ക്രോസ് ചെയ്താല്‍, ഏതെങ്കിലും യാത്രക്കാര്‍ ഓടിത്തുടങ്ങിയ ട്രെയിനിന് പിന്നാലെ പാഞ്ഞാല്‍, എല്ലാം നായ കുരയ്ക്കും. ഉറക്കെ കുരച്ച് ജീവനക്കാരെ അറിയിക്കും. 

''സ്റ്റേഷനില്‍നിന്നുവിട്ട ട്രെയിനില്‍ ഓടിക്കയറുന്നവരെ കണ്ടാല്‍ നായ കുരച്ചുതുടങ്ങും. ട്രെയിനിന്‍റെ ഫൂട്ബോര്‍ഡില്‍ നിന്ന് ആളുകള്‍ യാത്ര ചെയ്താലും നായ കുരച്ച് ബഹളമുണ്ടാക്കും. റെയില്‍വെ ട്രാക്ക് നേരെ ക്രോസ് ചെയ്യുന്നത് കണ്ടാലും നായയ്ക്ക് വിശ്രമമുണ്ടാകില്ല. പൊതുജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യമാണ് നായ ചെയ്യുന്നത്'' -  സ്ഥിരം യാത്രക്കാരിലൊരാള്‍ പറഞ്ഞു. സ്റ്റേഷനില്‍ ഈ നായ ഇതുവരെ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്നും യാത്രക്കാര്‍ പറയുന്നു.